


31 Oct 2021
റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്റെ രാവ് ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ ധാരാളമാളുകള്‍ വരും. തൊട്ടപ്പുറത്തെ കവലകളില്‍ പകലന്തിയോളം സൈക്കിള്‍ റിക്ഷ വലിക്കുന്നവരും പെട്ടിക്കച്ചവടക്കാരും യാചകരും തുടങ്ങി ഡല്‍ഹിയിലെ എംബസി ഉദ്യോഗസ്ഥര്‍, മന്ത്രാലയങ്ങളിലെ ഉന്നത പോസ്റ്റിലിരിക്കുന്നവര്‍, യൂണിവേഴ്സിറ്റി അധ്യാപകര്‍ എല്ലാവരുമുണ്ടാകുമവിടെ. എല്ലാവരുടെയും മനസ്സില്‍ ഒരേയൊരു ആഗ്രഹമേയുള്ളൂ. പരിശുദ്ധ തിരുശേഷിപ്പുകളുടെ മുന്നിലിരുന്ന് തിരുപ്രവാചകരെ (ﷺ) ഒന്നോര്‍ക്കണം; മദ്ഹുകള്‍ പാടണം.
മഗ്രിബ് നിസ്കാരം കഴിഞ്ഞാല്‍ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചുവെച്ച സ്ഥലം ജനനിബിഡമാവും. ആരും ആരെയും ശ്രദ്ധിക്കില്ല. തിക്കും തിരക്കും കൂട്ടുകയുമില്ല. എല്ലാവരുടെ മുഖത്തും പൂര്‍ണ്ണ വെളിച്ചമായിരിക്കും. തങ്ങള്‍ തിരുഹബീബിനെ (ﷺ) കാണാന്‍ പോകുന്നുവെന്ന ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പൂവണിയാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി. മദീനയില്‍ പോയി പൊട്ടിക്കരഞ്ഞു പാടാന്‍ ആഗ്രഹമുള്ളവരാണ് എല്ലാവരും. സാധിച്ചില്ലെങ്കിലും പ്രശ്നമില്ല; ഇവിടെയെങ്കിലും എത്തിപ്പെട്ടല്ലോ എന്ന നിര്‍വൃതിയുണ്ടാകും ഓരോ മുഖങ്ങളിലും.
2012 ലെ റബീഉല്‍ അവ്വല്‍ ഞങ്ങള്‍ക്കു ജുമാമസ്ജിദിലായിരുന്നു. ഓരോരുത്തരും മദ്ഹുകള്‍ ചൊല്ലുന്നതാണ് അവിടത്തെ രീതി. പ്രായം ചെന്നവരും കുട്ടികളും എല്ലാവരും അത്യുച്ചത്തില്‍ നീട്ടി മദ്ഹുഗാനങ്ങള്‍ ആലപിക്കും. ഞങ്ങള്‍ക്കും പാടണം. അതിനു ബുര്‍ദയുടെ ഓരോ കോപ്പിയും കയ്യില്‍ പിടിച്ചായിരുന്നു അവിടെ എത്തിയിരുന്നത്. ഞങ്ങളെല്ലാവരും പുതിയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. സൈക്കിള്‍ റിക്ഷ വലിക്കുന്നവരും മാംസം വെട്ടുന്നവരുമെല്ലാം പുതിയ വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ട്. എങ്കിലും ജീവിക്കാന്‍ പ്രയാസപ്പെടുന്നതിന്റെ ദൈന്യത അവരുടെ മുഖത്ത് കാണാം. എല്ലാവരും ഇടകലര്‍ന്നാണിരിക്കുന്നത്. ലോകത്തെവിടെയും കാണാത്ത സാഹോദര്യത്തോടെയും നിശ്ശബ്ദതയോടെയും.
തിരുശേഷിപ്പുകളുടെ കാവല്‍ക്കാരായ ഡല്‍ഹിയിലെ ബറകാതി സാദാത്തുക്കള്‍ അവയെ ആദരപൂര്‍വം ഞങ്ങളുടെ മുന്നിലേക്ക് കൊണ്ടുവന്നു. മിന്നല്‍ വേഗതയിലായിരുന്നു എല്ലാവരുടെയും എഴുന്നേല്ക്കല്. സ്വലാത്തും സലാമും അന്തരീക്ഷം മൊത്തം മുഴങ്ങി. ചിലരൊക്കെ പൊട്ടിക്കരയുന്നുണ്ടായിരുന്നു. മറ്റുചിലരാവട്ടെ എല്ലാ നിയന്ത്രണങ്ങളും വിട്ട് അട്ടഹസിക്കുന്നുമുണ്ടായിരുന്നു. അവര്‍ക്കെല്ലാം ഭ്രാന്ത് പിടിച്ചതുപോലെ. സ്നേഹമെന്നാല് ഭ്രാന്തുകൂടിയാണെന്ന് ബോധ്യപ്പെടുത്തുന്ന അപൂര്‍വ നിമിഷങ്ങള്‍. തിരുനബി (ﷺ)യുടെ മുന്നില്‍ വെച്ച് അട്ടഹസിക്കല്‍ അപമര്യാദയാണെന്നെല്ലാം അവര്‍ മറന്നിരിക്കുന്നു. സ്നേഹം മൂര്‍ച്ഛിച്ചു ഭ്രാന്തുപിടിച്ചവര്ക്ക് പിന്നെ പരിസരബോധം ഉണ്ടാവില്ലല്ലോ.
മൗലിദ് തുടങ്ങി. ഓരോരുത്തരും മാറിമാറി പാടുകയാണ്. എല്ലാവരുടെയും കണ്ണില്‍ നിന്നും കണ്ണുനീരല്ല പ്രവഹിക്കുന്നത്. സ്നേഹത്തിന്റെ ചൂടുള്ള അരുവികളാണ്. ഓരോ അരുവിയെയും തൂവാലക്കഷ്ണങ്ങളും തുണികോന്തലയും ജുബ്ബയുടെ താഴ്ഭാഗവും കൊണ്ടു മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം വിഫലമാകുന്നു. തൊണ്ണൂറുകള്‍ കഴിഞ്ഞ പടുവൃദ്ധന്മാര് വരെ യുവത്വം തിരിച്ചുകിട്ടിയ പ്രതീതിയില്‍ ഞങ്ങളെ തോല്പിച്ച് പാടുകയാണ്. ആശിഖീങ്ങളുടെ ഇശ്ഖ് ഒരിക്കലും നമുക്ക് അനുഭവിക്കാനാവില്ല. അവ കണ്ടിരിക്കാനുമാവില്ല. അവയെ ഒരിക്കലും തോല്പിക്കാനോ അതിജയിക്കാനോ നമുക്കാര്‍ക്കും ആകില്ലെന്നതിന് ആ സദസ്സ് തന്നെയായിരുന്നു സാക്ഷി.
ഇതൊരു സദസ്സ് മാത്രമല്ല; കോടിക്കണക്കിനു സദസ്സുകളില്‍ ഓരോ ദിവസവും ഈ സ്നേഹമാണ് പൊട്ടിയൊഴുകുന്നത്. കോടാനുകോടി മനുഷ്യര്‍ ഈ ഒരൊറ്റ മനുഷ്യനെയാണ് ചര്‍ച്ച ചെയ്യുന്നത്. കോടിക്കണക്കിനു പഠിതാക്കള്‍ ഈയൊരു വ്യക്തിയെയാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. പരകോടി ജനങ്ങളുടെ ഹൃദയങ്ങളില്‍ ഒരുനിമിഷം പോലും മുറിയാതെ ഈ മഹാനായ വ്യക്തിയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എങ്കില്‍ എന്തായിരിക്കും ഈ സ്നേഹം? എങ്ങനെയായിരിക്കും ഈ പ്രേമം? ആരായിരിക്കും ഈ വ്യക്തി? എന്തായിരിക്കും ഈ മഹാനായ മനുഷ്യന്റെ പ്രത്യേകതകളും അധ്യാപനങ്ങളും?
Wilfred Cantwell Smith തന്റെ Modern Islam in India എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നുണ്ട്. ‘Muslims will allow attacks on Allah; there are atheists and atheistic publications, and rationalistic societies; but to disparage Muhammad will provoke from even the most ‘liberal’ sections of the community a fanaticism of blazing vehemence. അഥവാ മുസ്ലിംകള് അല്ലാഹുവിനെക്കുറിച്ച് അപരാധങ്ങള്‍ പറയുന്നത് വിട്ടുകളഞ്ഞാലും. (അങ്ങനെ ചില നിരീശ്വരവാദികളും നിരീശ്വരവാദ പ്രസിദ്ധീകരണങ്ങളും യുക്തിവാദി സമൂഹങ്ങളുമുണ്ട്) മുഹമ്മദ് നബിയെ (ﷺ) അപകീര്‍ത്തിപ്പെടുത്തുന്നത് സമുദായത്തിലെ ഏറ്റവും ‘ലിബറല്‍’ വിഭാഗങ്ങളില്‍ പോലും പ്രകോപനും സൃഷ്ടിക്കാനിടവരുത്തുമെന്നര്ഥം. ഡബ്ലിയു സി സ്മിതിന്റെ ഈ വാക്കുകള്‍ ഒരര്‍ത്ഥത്തില്‍ ശരിയാണ്. കാരണം ഓരോ മുസ്ലിമും ലോകത്ത് മറ്റാരെയും അപകീര്ത്തിപ്പെടുത്തുന്നതിനെക്കാളും പ്രകോപിതരാകുന്നതും ഹൃദയം പൊട്ടുന്നതും പുണ്യപ്രവാചകരെ (ﷺ) അപകീര്ത്തിപ്പെടുത്തുമ്പോഴാണ്. ഒരാള്‍ സ്വന്തം മാതാപിതാക്കളെ തെറിവിളിച്ചുവെന്നിരിക്കട്ടെ; അതേ നാവുകൊണ്ട് മുഹമ്മദ് നബി (ﷺ)യെയും തെറിവിളിച്ചാല്‍ തീര്‍ച്ചയായും മുസ്ലിമിന്റെ മനസ്സ് ഏറ്റവും കൂടുതല്‍ വേദനിക്കുക രണ്ടാമത്തെ തെറിവിളിക്കലിലായിരിക്കും. സ്വന്തം ഉമ്മയെക്കാളും ഉപ്പയെക്കാളും സ്വന്തത്തേക്കാള്‍ തന്നെയും പരിശുദ്ധ റസൂല്‍ (ﷺ) ഓരോ വിശ്വാസിയുടെയും മനസ്സിലുണ്ട്. അവിടുത്തെക്കുറിച്ച് ചെറിയൊരു ആരോപണം പോലും വിശ്വാസിക്ക് താങ്ങാന്‍ കഴിയുന്നതിലുമപ്പുറമാകുന്നത് അതുകൊണ്ടാണ്.
ആന്മേരി ഷിമ്മല്‍ തന്റെ And Muhammad Is His Messenger എന്ന പുസ്തകം തുടങ്ങുന്നതുതന്നെ ഇറാനില്‍ അവര്‍ കണ്ട ഒരു മുസ്ഹഫിന്റെ കോപ്പിയെക്കുറിച്ചുപറഞ്ഞുകൊണ്ടാണ്. മുസ്ലിംകളുടെ ഏറ്റവും വലിയ ആശയമായ തൗഹീദിനെക്കുറിച്ച് പറഞ്ഞ സ്ഥലത്തേക്കാളും ഭംഗിയിലും വലിപ്പത്തിലും കലാത്മകമായുമാണ് മുഹമ്മദ് നബി (ﷺ)യെക്കുറിച്ച് പറഞ്ഞ വചനം മുസ്ഹഫില്‍ നല്‍കിയിരിക്കുന്നത്. അഥവാ മുഹമ്മദ് (ﷺ) എന്ന എഴുത്ത് തന്നെ മുസ്ലിംകള് എപ്പോഴും പ്രത്യേകം അടയാളപ്പെടുത്തിവെച്ചു-പരിശുദ്ധ ഖുര്‍ആനില്‍ പോലും. മുഹമ്മദ് (ﷺ) എന്ന് ഏതു മുസ്ലിം കേട്ടാലും സ്വല്ലല്ലാഹു അലൈഹി വസല്ലം എന്നു പറയും. അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും അവരുടെ മേല്‍ ഉണ്ടാവട്ടെ എന്ന ബഹുമാന വചനമാണിത്. ഇങ്ങനെ ഒരു പദവി ലോകത്ത് ഒരു മനുഷ്യനോ വ്യക്തിക്കോ മറ്റു മതങ്ങളുടെ സാങ്കല്പിക ആരാധ്യപുരുഷര്ക്ക് പോലുമോ ഇല്ലെന്നത് ഈ സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഈ സ്നേഹവായ്പ് ഔദ്യോഗിക ചടങ്ങുകളില്‍ മാത്രമല്ല; ഏതു സമയത്തും ഏതു ഘട്ടത്തിലും മുഹമ്മദ് (ﷺ) എന്നുപറഞ്ഞാല്‍ കേട്ടിരിക്കുന്നവരുടെയെല്ലാം അധരത്തില്‍ നിന്നും ഈ വചനങ്ങള്‍ അറിയാതെ ഉതിര്‍ന്നുവീഴും. മരണവീട്ടിലും വിവാഹപ്പന്തലിലും ഭക്ഷണത്തളികയിലുമെല്ലാം ഇതുതന്നെയാണ് സ്ഥിതി.
പരിശുദ്ധ ഖുര്‍ആനില്‍ ഏതു ഖാരിഉം പൊട്ടിയ ഹൃദയവുമായി ഓതുന്ന വരികളാണ് ‘മുഹമ്മദുറസൂലുല്ലാഹ്.’ (ﷺ) എന്ന് തുടങ്ങുന്ന വചനം. നിസ്കാരത്തില്‍ പാരായണം ചെയ്താല്‍ പോലും ഹൃദയങ്ങള്‍ വിങ്ങുന്ന ശബ്ദം ചെവിയോര്‍ത്താല്‍ കേള്‍ക്കാനാവും. ഈജിപ്തിലായിരിക്കുന്ന സമയത്തും അത് ശ്രദ്ധിച്ചതാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഖുര്‍ആന്‍ കേട്ട് പൊട്ടിക്കരയുന്നത് ഈ വചനം എത്തുമ്പോഴായിരുന്നു. കാരണം ഓരോ മുസ്ലിമിന്റെയും ഹൃദയത്തിലാകെ ഈ പുന്നാര നബി (ﷺ) നിറഞ്ഞുനില്‍പ്പാണ്. ആ പേരു കേള്‍ക്കുമ്പോള്‍ തന്നെ ഹൃദയം പൊട്ടും. കാണാന്‍ ഒടുങ്ങാത്ത പൂതിയുണ്ടാവും. തിരുനോട്ടം കിട്ടാന്‍ ഓരോരുത്തരും മത്സരിക്കും. ഓരോ മുസ്ലിമും ഈ സ്വപ്നം ഉള്ളില്‍ കൊണ്ടുനടക്കുന്നു. മറ്റെല്ലാ സ്വപ്നങ്ങളും മാറിയേക്കാം. ഇന്നലത്തെ ആഗ്രഹമായിരിക്കില്ല ഇന്ന്. പക്ഷേ, പുണ്യപ്രവാചകര് (ﷺ) ഉറക്കത്തിലൊന്നു വന്നു ആശീര്വദിക്കുകയെന്ന സ്വപ്നം ഓരോരുത്തരും താലോലിക്കും. ഒരിക്കല്‍ സാധിച്ചാല്‍ വീണ്ടും വീണ്ടും ആഗ്രഹിക്കും. അങ്ങനെ ഉറക്കത്തില്‍ കണ്ടവരുടെ ഭാഗ്യമോര്‍ത്ത് കണ്ണീര്‍പൊഴിക്കും. അവരുടെ ചരിത്രങ്ങള്‍ വായിച്ച് നെടുവീര്‍പ്പിടും. അതിനുവേണ്ടി ജീവിതത്തെ ചിട്ടപ്പെടുത്താന്‍ ഓരോ രാത്രിയും പ്രതിജ്ഞ പുതുക്കും. ഏതു വിശ്വാസിയുടെയും മനസ്സില്‍ ഒരൊറ്റ യാത്രയോടാകും ഏറ്റവും പ്രിയം. അത് മക്കയും മദീനയുമാണ്. അവിടുത്തെ ചാരത്ത് ഒന്നണയുക; അവിടെത്തന്നെ മരിക്കുക. എന്നിട്ട് ആ മണ്ണില്‍ നിത്യനിദ്രയിലാഴുക- എത്രയെത്ര വിശ്വാസികളാണ് ഇതിനുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത്!
ഓരോ ആശിഖീങ്ങളും എത്രയാണ് പുണ്യനബി (ﷺ)യെക്കുറിച്ച് പാടിത്തീര്‍ത്തത്. ആയിരം മനുഷ്യജന്മത്തിനു കേട്ടുതീരാത്തയത്രയും പാടുകയും എഴുതുകയും ചെയ്തു. എഴുതിയെഴുതി അശക്തരായിരിക്കുന്നുവെന്ന് ഓരോരുത്തരും സമ്മതിച്ചു. എഴുതിവെച്ചത് ഓരോ വിശ്വാസിയുടെയും അധരങ്ങളില്‍ നിത്യേന മാറിമാറി വന്നു. ഏതു പ്രതിസന്ധിഘട്ടത്തിലും കൈവിടാതെ അവരത് മുറുകെപ്പിടിച്ചു. അതിനുവേണ്ടി മാത്രം എത്ര പണം മുടക്കിയും സദസ്സുകള്‍ നിത്യേന സംഘടിപ്പിച്ചു. അടുക്കളയില്‍ തുടങ്ങി അന്താരാഷ്ട്ര തലം വരെ ഈ കീര്‍ത്തനങ്ങള്‍ ഒഴുകിക്കൊണ്ടേയിരുന്നു. എന്നിട്ടും ഒരാള്‍ക്കും ഒരല്പംപോലും മതിയെന്നുതോന്നിയില്ല. മതിയാക്കാമെന്ന വിചാരം പോലും ഉണ്ടായില്ല. കാരണം സ്നേഹം ഉള്ളില്‍ നിറച്ചവര്‍ക്ക് അപദാനങ്ങള്‍ നിര്‍ത്താന്‍ ഒരിക്കലും സാധിക്കില്ല.
ഈ സ്നേഹത്തിനു ഒന്നര സഹസ്രാബ്ദത്തിന്റെ പഴക്കമുണ്ട്. അന്ന് മുതല്‍ അഥവാ നബി (ﷺ) തങ്ങള്‍ മക്കയില്‍ വന്ന അന്ന് മുതല്‍ ഇന്ന് വരെ ആ സ്നേഹം ഒഴുകിക്കൊണ്ടിരിക്കുകയാണ്-ജീവനെക്കാള്‍ പ്രധാനമായി; എല്ലാത്തിനെക്കാളും മേലെ. ഒരിക്കല്‍ മക്കയില്‍ സൈദ്ബ്നു ദുസ്നയെ(റ) അബൂസുഫ്്യാന് അടങ്ങുന്ന ശത്രുക്കള്‍ പിടിച്ചുവെച്ചു. കൊലക്കയറില്‍ ബന്ധിതനായ സൈദിനോട്(റ) അബൂസുഫ്്യാന് പറഞ്ഞു: ‘നിന്റെ ഈ സ്ഥാനത്ത് മുഹമ്മദ് (ﷺ) ആകുന്നത് നിനക്കിഷ്ടമാണെന്ന് പറഞ്ഞാല്‍ മതി; നിന്നെ വെറുതെ വിടാം.’ അങ്ങനെ മനസ്സുകൊണ്ട് ഇഷ്ടപ്പെടണമെന്നുപോലും അബൂസുഫ്്യാന് പറഞ്ഞിട്ടില്ല. പക്ഷേ ദിഗന്തങ്ങള്‍ ഭേദിച്ച്, ഓരോ ശത്രുവിനെയും നോക്കി പുച്ഛിച്ചുകൊണ്ട് സൈദ് (റ) പറഞ്ഞു: ‘ഞാനിവിടെ കൊലചെയ്യപ്പെടാതിരിക്കുന്നതിനു പകരമായി എന്റെ നബി (ﷺ)ക്ക് ഒരു മുള്ള് തറക്കുന്നതു പോലും ഞാനിഷ്ടപ്പെടുന്നില്ല.’ സൈദി(റ)നെ ആയിരം പ്രാവശ്യം കൊന്നാലും ആ സ്നേഹത്തിനു ഒരു ക്ഷതംപോലും പറ്റില്ലെന്ന് ശത്രുക്കള്‍ സാക്ഷ്യം പറഞ്ഞ സന്ദര്‍ഭമാണിത്. ഇങ്ങനെ ഒരു സൈദ്(റ) മാത്രമായിരുന്നില്ല. ചരിത്രത്തില്‍ എക്കാലവും പരകോടി സൈദുമാരെ(റ) നമുക്ക് കാണാനാകും. വര്‍ത്തമാനത്തില്‍ വരെയും; അന്ത്യനാളിന്റെ അന്നുപോലും.
ഉര്‍വത്ബ്നു മസ്ഊദ്(റ) ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് മക്കയിലെ ശത്രുക്കളുടെ പ്രതിനിധിയായി മദീനയില്‍ വന്നു. നബിയും അനുചരരും തമ്മിലുള്ള സ്നേഹബന്ധം കണ്ട് അന്ധാളിച്ച അദ്ദേഹം മക്കയില്‍ വന്നുപറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഞാന്‍ കിസ്റാ, കൈസര്‍, നജ്ജാശി രാജാക്കന്മാരെയെല്ലാം കണ്ടിട്ടുണ്ട്. അവരുടെ ദര്‍ബാറുകളില്‍ നടക്കുന്നത് വീക്ഷിച്ചിട്ടുണ്ട്. അവിടെയൊന്നും കാണാത്തതാണ് ഞാന്‍ മദീനയില്‍ കണ്ടത്. മുഹമ്മദിന്റെ (ﷺ) ജനത മുഹമ്മദിനെ (ﷺ) സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതുപോലെ ലോകത്ത് മറ്റെവിടെയും കണ്ടിട്ടില്ല…’ ഈ വാക്കുകള്‍ അന്നത്തേക്ക് മാത്രമായിരുന്നില്ല. ഇന്നും മുഹമ്മദിന്റെ (ﷺ) ജനത മുഹമ്മദിനെ (ﷺ) സ്നേഹിക്കുന്നതുപോലെ ലോകത്തൊരാളും ആരെയും സ്നേഹിക്കുന്നില്ല. അങ്ങനെയാര്‍ക്കും അവകാശപ്പെടാന്‍ പോലും സാധിക്കില്ല.
സ്നേഹമെന്നാല് ആര്‍ക്കും മനസ്സിലേക്ക് കുത്തിക്കയറ്റാന്‍ കഴിയുന്നതല്ല. അത് നാം പോലുമറിയാതെ ജനിച്ചുപോകുന്നതാണ്. ശക്തിപ്പെടുന്നതും ഇല്ലാതെയാകുന്നതുമെല്ലാം നമ്മുടെ ആഗ്രഹള്ക്കനുസരിച്ചല്ല. എത്ര സ്നേഹിക്കണമെന്നു വിചാരിച്ചാലും സ്നേഹിക്കപ്പെടണമെന്നു ആഗ്രഹിച്ചാലും നടക്കില്ല. കാരണം അവയൊക്കെ നമ്മുടെ നിയന്ത്രണങ്ങളില്‍നിന്നും അപ്പുറത്താണ്. എങ്കില്‍ ഈ മഹാനായ മനുഷ്യനോട് ഓരോരുത്തര്‍ക്കുമുള്ള ഈ അപാരമായ സ്നേഹത്തിന്റെ കാരണമെന്തായിരിക്കും? അതാണ് പഠിക്കേണ്ടത്.
മനുഷ്യരുടെ ആരാധ്യരാകാനുള്ള ശ്രമങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. എല്ലാവരും മറ്റുള്ളവരുടെ, ഒരുകൂട്ടം ആളുകളുടെയെങ്കിലും ആരാധ്യപാത്രങ്ങളാവാനാണ് ശ്രമിക്കാറുള്ളത്. അനേകായിരം മനുഷ്യദൈവങ്ങള്‍ അതിനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. മീഡിയയും സോഷ്യല്‍ മീഡിയയും അതിനുവേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. കവലകളും സ്റ്റേജുകളും അതിനുവേണ്ടിയാണ് സജ്ജമാക്കുന്നത്. ഓരോ നിമിഷവും തന്റെ ആരാധ്യര്‍ വര്‍ധിക്കുന്നുണ്ടോ എന്ന പരിശോധനയിലാണ് ഇവരൊക്കെയും. പക്ഷേ മുഹമ്മദ് നബി (ﷺ) നേരെ വിപരീതമായാണ് സംസാരിച്ചത്. നിങ്ങളില്‍ ആരെങ്കിലും എനിക്ക് നേരെ ആരാധനയുടെ ഭാവമെങ്ങാനും പ്രകടിപ്പിച്ചാല്‍ ആ നിമിഷം മുതല്‍ നിങ്ങള്‍ എന്റെ പ്രസ്ഥാനത്തില്‍ പെട്ടയാളല്ല എന്ന് അവിടുന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. നിങ്ങളെയും എന്നെയും പടച്ചത് ഒരു അല്ലാഹുവാണെന്നും ഞാനും ആ അല്ലാഹുവിന്റെ അടിമയാണെന്നും അവിടുന്ന് നിരന്തരം ഉദ്ബോധിപ്പിച്ചു. അവനെ മാത്രമേ ആരാധിക്കാവൂ, ഞാന്‍ നിരന്തരം അവനു മാത്രമാണ് ആരാധന നടത്തുന്നത് തുടങ്ങിയ പ്രസ്താവനകളിലൂടെ തന്നെ ആരാധ്യനാക്കാനുള്ള മുഴുവന്‍ ശ്രമങ്ങളെയും പൂര്‍ണമായും നിഷ്കാസനം ചെയ്തു പ്രവാചകര്‍ (ﷺ). മറിച്ചായിരുന്നുവെങ്കില്‍ ഇതിലപ്പുറം ആളുകളെ കിട്ടുമായിരിക്കാം- കാരണം മക്കക്കാര്‍ക്ക് ഏറ്റവും പരിചിതം സൃഷ്ടികളെ ദൈവങ്ങളാക്കിയായിരുന്നുവല്ലോ. പക്ഷെ അവിടുന്ന് സത്യസന്ധമായി സംസാരിച്ചു. ഇന്നും മുസ്ലിംകള് അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു. എന്നിട്ടും അവര്‍ക്ക് സൃഷ്ടികളില്‍ മറ്റെല്ലാത്തിനെക്കാളും വിലപ്പെട്ടവരായി മുഹമ്മദ് നബി (ﷺ) നിലനില്ക്കുന്നു. ഈ മഹാപ്രതിഭാസത്തിന്റെ സ്വീകാര്യതയാണ് ഓരോരുത്തരും പഠിക്കേണ്ടതും ചിന്തിക്കേണ്ടതും.
ജീവിച്ചുവെന്നതിനു തെളിവില്ലാത്ത ജന്മമല്ല മുഹമ്മദ് നബി (ﷺ)യുടേത്. നബി (ﷺ) ചരിതം മിത്തുകളുമല്ല, ഭാവനയുമല്ല. ഓരോ സെക്കന്‍ഡും രേഖപ്പെടുത്തപ്പെട്ട ജീവിതമാണ്. മരണം വരെയും രേഖപ്പെടുത്തപ്പെട്ടു. ലക്ഷക്കണക്കിന് ജനങ്ങളിലൂടെ ഇന്നും അത് കൈമാറിപോരുന്നു. വിയോഗ ദിനം മുതല്‍ ഇന്നുവരെ ആ പുണ്യ ഖബ്റിന്നരികിലേക്ക് പതിനായിരങ്ങള്‍ ഓരോ നിമിഷവും ഒഴുകിക്കൊണ്ടിരിക്കുന്നു. ഐതിഹ്യവും പുരാണവും കെട്ടുകഥകളും വായിച്ചുകിട്ടിയ വിവരം വെച്ചല്ല ഈ സ്നേഹം. നമുക്ക് മുമ്പേ വന്നുപോയ മഹാനായ മനുഷ്യനോടുള്ള, അവിടുത്തെ വ്യക്തിത്വത്തോടുള്ള, അധ്യാപനങ്ങളോടുള്ള, അവിടുന്ന് കൈമാറിയ ആശയങ്ങളോടുള്ള സ്നേഹമാണിത്. അവിടുത്തെ അറിഞ്ഞ ഓരോരുത്തരുടെയും മനസ്സില്‍ അറിയാതെ വരുന്ന അദമ്യമായ പ്രേമം. ഇത് പഠിച്ചില്ലെങ്കില്‍ മറ്റെല്ലാ പഠനവും ഭാഗികമാണ്. കാരണം ഇവിടെയാണ് സമ്പൂര്‍ണ മനുഷ്യനുള്ളത്. മനുഷ്യരായി പിറന്നവരെല്ലാം ഈ മനുഷ്യനെയാണ് പഠിക്കേണ്ടത്.
അതുകൊണ്ട് ലോകമേ, ഈ മനുഷ്യനെ പഠിക്കൂ. ആ പഠനം ഒരിക്കലും വെറുതെയാകില്ല.
വിശുദ്ധ റബീഅ് വീണ്ടും വിരുന്നെത്തിയതോടെ വിശ്വാസികള്‍ തിരുനബി(സ)യുടെ അനുഗൃഹീത ജന്മത്തില് സന്തോഷം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം മതപരിഷ്കരണവാദികള് ഈ സത്കര്മത്തെ നിരാകരിക്കുകയും എതിര്‍ക്കുകയും ചെയ്തു കൊണ്ടിരിക്കുകയുമാണ്. നബിദിനാഘോഷം സുന്നത്തും (പ്രമാണങ്ങള്‍ക്ക് വിധേയമായ കാര്യം) പുണ്യകര്മവുമാണെന്നു പാരമ്പര്യ മുസ്ലിംകള് വിശ്വസിക്കുമ്പോള്‍ ഇത് അനാചാരവും കുറ്റകൃത്യവുമാണെന്ന് മതപരിഷ്കരണവാദികള് വിശ്വസിക്കുന്നു.
മതഭാഷയില്‍ പറഞ്ഞാല്‍ സുന്നികള്‍ ഇത് സുന്നത്താണെന്നും പുത്തനാശയക്കാര്‍ ബിദ്അത്താണെന്നും വാദിക്കുന്നു. ഇവിടെ സുന്നത്തും ബിദ്അത്തും എന്താണ് എന്നറിഞ്ഞാല്‍ എളുപ്പത്തില്‍ വിഷയം ബോധ്യപ്പെടും. സുന്നത്ത് എന്ന പദത്തിന്റെ ഭാഷാര്‍ഥം നടപടിക്രമം, കീഴ്വഴക്കം എന്നൊക്കെയാണ്. മത സാങ്കേതിക ഭാഷയില്‍ വ്യത്യസ്ത അര്‍ഥങ്ങളുണ്ട് സുന്നത്ത് എന്ന പദത്തിന്. ഉദാഹരണത്തിന് ‘ഖുര്‍ആന്‍- സുന്നത്ത്’ എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് നബി(സ)യുടെ വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, മൗനാനുവാദങ്ങള്‍ എന്നിവ അടങ്ങിയതാണ്. എന്നാല്‍ ‘വാജിബ്- സുന്നത്ത്’ എന്ന് പ്രയോഗിക്കുമ്പോഴുള്ള സുന്നത്തിന്റെ അര്‍ഥം പ്രവര്‍ത്തിച്ചാല്‍ പ്രതിഫലമുള്ളത് എന്നും ഒഴിവാക്കിയാല്‍ ശിക്ഷ ഇല്ലാത്തത് എന്നുമാണ്. ഇനി ‘സുന്നത്ത്- ബിദ്അത്ത്’ എന്ന് പ്രയോഗിക്കുമ്പോള്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രമാണങ്ങളാക്കുന്ന ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയോട് യോജിച്ച് വരുന്നത് എന്നതുമാണ്.
അപ്പോള്‍ നബിദിനാഘോഷം സുന്നത്താണെന്ന് പറഞ്ഞാല്‍ അതിന്റെ ഉദ്ദേശ്യം അത് ചതുര്പ്രമാണങ്ങള്ക്ക് വിധേയമായ പുണ്യകര്‍മമാണ് എന്നാണ്. അതിന്റെ പ്രമാണങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് പുണ്യ കര്‍മങ്ങളെ സംബന്ധിച്ച് ഒരു ചെറിയ വിശകലനം കൂടി ശ്രദ്ധിക്കുക.
പുണ്യ കര്‍മങ്ങള്‍ രണ്ട് വിധമുണ്ട്. ഒന്ന്, പ്രത്യേക രൂപവും രീതിയും സമയവുമെല്ലാം ശറഇല്‍ നിശ്ചയിച്ചിട്ടുള്ളതാണ്. ഉദാഹരണത്തിന് നിസ്കാരം, നോമ്പ്, ഹജ്ജ്, സക്കാത്ത് തുടങ്ങിയവ. ഇത്തരം പുണ്യ കര്‍മങ്ങളില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നതും മാറ്റി മറിക്കുന്നതും ഒരാള്‍ക്കും പാടില്ല.
നിസ്കാരത്തില്‍ റുകൂഅ് ചെയ്യുമ്പോള്‍ ‘സുബ്ഹാന റബ്ബിയല് അള്വീം വബിഹംദിഹീ’ എന്നു ചൊല്ലാനാണ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്. യാസീന്‍ സൂറത്ത് ഈ ദിക്റിനേക്കാള്‍ മഹത്വമുണ്ട് എന്ന് പറഞ്ഞു കൊണ്ട് ഒരാള്‍ക്ക് റുകൂഇല്‍ യാസീന്‍ ഓതാന്‍ പാടില്ല. കാരണം അത് ശറഇല്‍ നിര്‍ദേശം വന്ന ഒന്നിനെ തിരുത്തലാണ്. ഇതു പോലെ ജുമുഅ നിസ്കാരം അവധി ദിനമായ ഞായറാഴ്ചയിലേക്ക് മാറ്റാനോ ഖുതുബ നിസ്കാര ശേഷത്തേക്ക് പിന്തിപ്പിക്കാനോ നിസ്കാരത്തിന്റെയും ഖുതുബയുടെയും ഭാഷ മാറ്റുവാനോ പാടില്ല.
പുണ്യ കര്‍മങ്ങളില്‍ രണ്ടാമത്തെ ഇനം, പ്രത്യേക രൂപവും രീതിയും ശറഅ് നിശ്ചയിക്കാതെ പൊതുവില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന പുണ്യ കര്‍മമാണ്. ഉദാഹരണത്തിന് ‘ അല്ലാഹുവിന്റെ ദിക്റ് ചൊല്ലുക എന്നതാണ് ഏറ്റവും വലുത്’ (അല്‍ അന്കബൂത്ത് 45), ‘സത്യവിശ്വാസികളേ നിങ്ങള്‍ ധാരാളം ദിക്റ് ചൊല്ലുക, പ്രഭാതത്തിലും പ്രദോഷത്തിലും തസ്ബീഹും ചൊല്ലുക’ (അല്‍ അഹ്സാബ് 41, 42) ഇങ്ങനെ നിരവധി സ്ഥലത്ത് പൊതുവില്‍ ദിക്റിന്റെ മഹത്വം പറഞ്ഞ് കൊണ്ട് അതു ചെയ്യാന്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.
ഇത്തരം പുണ്യ കര്‍മങ്ങള്‍ക്ക് അത് ചെയ്യുന്നവന്റെ സൗകര്യവും മറ്റും പരിഗണിച്ച് മതവിരുദ്ധമല്ലാത്ത രീതിയും രൂപവും തിരഞ്ഞെടുക്കാന്‍ മതം അനുമതി തരുന്നുണ്ട്. ഇപ്രകാരം ഒരാള്‍ തീരുമാനിക്കുന്നു, ഞാന്‍ എല്ലാ ദിവസവും സുബ്ഹി നിസാകാരാനന്തരം ആയിരം തഹ്ലീല് ചൊല്ലും. അങ്ങനെ അയാള്‍ പതിവാക്കുകയും ചെയ്താല്‍, ഇങ്ങനെ സുബ്ഹിക്ക് ശേഷം നബി (സ) ചൊല്ലിയിട്ടുണ്ടോ? അബൂബക്കര്‍ സ്വിദ്ദീഖ് (റ) ചൊല്ലിയിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ അപ്രസക്തമാണ്. കാരണം ഇത്തരം കാര്യങ്ങള്‍ ഇതേ രൂപത്തില്‍ അവര്‍ ചെയ്യണമെന്നില്ല. ചെയ്യാന്‍ ശറഇല്‍ അനുമതി ഉണ്ടായാല്‍ മാത്രം മതി. ഈ ഗണത്തില്‍ പെടുന്ന പുണ്യ കര്‍മമാണ് നബിദിനാഘോഷം. നബി(സ)യുടെ ജന്മദിനത്തില് സന്തോഷിക്കണമെന്നതും ആ ജന്മദിനത്തെ ആദരിക്കുകയും അനുസ്മരിക്കുകയും ചെയ്യേണ്ടതാണെന്നതും മുത്ത് നബിയുടെ മദ്ഹുകള്‍ പറയുക എന്ന മൗലിദ് ഓതല്‍ ചതുര് പ്രമാണങ്ങളിലും വ്യക്തമായ കാര്യമാണെന്നതും അവിതര്‍ക്കിതമാണ്. എന്നാല്‍ ഇതിന്റെ രീതി എങ്ങനെയാകണമെന്ന് ശറഇല്‍ പ്രത്യേക കല്‍പ്പന വന്നിട്ടില്ല. അതിനാല്‍ ആഘോഷിക്കുന്ന ആളുടെ കഴിവും ഒഴിവും ശേഷിയും അനുസരിച്ച് മതം നിരോധിച്ച കാര്യങ്ങള്‍ വരാത്ത വിധത്തില്‍ എങ്ങനെയും ആഘോഷിക്കാം. ഇനി ഇതിന്റെ പ്രമാണങ്ങളെ കുറിച്ച് ചിന്തിക്കാം.
നബി(സ)യുടെ ജന്മദിനത്തില് സന്തോഷം പ്രകടിപ്പിക്കുക എന്നതാണല്ലോ മീലാദാഘോഷത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ വിഷയം. സൂറഃ യൂനുസിലെ 58-ാം സൂക്തത്തിന് ഇബ്നു അബ്ബാസ് (റ) നല്കിയ വ്യാഖ്യാനം ഇങ്ങനെയാണ്. ‘നബിയേ, അങ്ങ് പറയുക. (അറിവാകുന്ന) അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും (നബിയാകുന്ന) അനുഗ്രഹം കൊണ്ടും അവര്‍ സന്തോഷം പ്രകടിപ്പിച്ചുകൊള്ളട്ടെ. അവര്‍ ഒരുമിച്ചു കൂടുന്നതില്‍ വെച്ച് ഏറ്റവും ഉത്തമമായത് അതത്രേ.’ ഇവിടെ നബി(സ)യെ കൊണ്ട് സന്തോഷിക്കണമെന്നാണ് വിശ്വാസികള്‍ക്ക് അല്ലാഹു നല്കുന്ന നിര്‍ദേശം. ഇതില്‍ നബി(സ)യുടെ ജന്മദിനത്തില് സന്തോഷിക്കുക എന്നത് ഉള്‍പ്പെടില്ല എന്ന് പറയുന്നവരാണ് അതിന് തെളിവ് നിരത്തേണ്ടത്.
പൂര്‍വിക പ്രവാചകന്മാരുടെ ഒരു പ്രബോധന ദൗത്യം തന്നെ അന്ത്യദൂതരായ മുത്ത് നബി(സ)യുടെ ജനനം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കുക എന്നതായിരുന്നു. നബി(സ) ജനിക്കുന്നതിന് അഞ്ഞൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനിച്ച ഈസാ നബി(അ) പറഞ്ഞതായി ഖുര്‍ആന്‍ പറയുന്നു: ‘മര്‍യമിന്റെ പുത്രന് ഈസാ(അ) പറഞ്ഞ സന്ദര്‍ഭം നിങ്ങള്‍ അനുസ്മരിക്കുക. ഇസ്റാഈല്‍ സന്തതികളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്ക് അയക്കപ്പെട്ട അല്ലാഹുവില്‍ നിന്നുള്ള ദൂതനാകുന്നു. എന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെച്ചു കൊണ്ടും എന്റെ ശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു ദൂതരെ സംബന്ധിച്ച് സന്തോഷ വാര്‍ത്ത അറിയിച്ചുകൊണ്ടുമാണ് -ഞാന്‍ നിയുക്തനായത്’ (ഖുര്‍ആന്‍ 61-5). തിരുജന്മത്തില്‍ സന്തോഷിക്കണമെന്ന് ഈ ആയത്തില്‍ നിന്നു പകല്‍ വെളിച്ചം പോലെ വ്യക്തമാകുന്നുണ്ട്.
ഇനി നബി(സ) ജനിച്ച ദിവസത്തിന് മഹത്വമുണ്ടെന്നും ആ ദിവസത്തെ പ്രത്യേകം അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന് നബി(സ) തന്നെ പഠിപ്പിച്ചത് കാണാം. ‘നബി(സ)യോട് ചോദിക്കപ്പെട്ടു. എന്തുകൊണ്ടാണ് തിങ്കളാഴ്ച നോമ്പെടുക്കുന്നത്? നബി(സ) പറഞ്ഞു. ആ ദിവസത്തിലാണ് എന്നെ പ്രസവിക്കപ്പെട്ടത്. (മുസ്ലിം). വര്‍ഷത്തിലൊരിക്കല്‍ മാത്രമല്ല, എല്ലാ ആഴ്ചകളിലും നബി(സ) തന്റെ ജന്മദിനത്തില് സന്തോഷം പ്രകടിപ്പിക്കുകയും ആരാധനകളിലൂടെ ആഘോഷിക്കുകയും ചെയ്തിരിക്കുന്നു എന്ന് സ്പഷ്ടമായി. ഇസ്ലാമിലെ ഏല്ലാ ആഘോഷങ്ങളും ആരാധനാകളാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇനി ഓരോ വര്‍ഷത്തേയും റബീഉല്‍ അവ്വലില്‍ നബിയുടെ ജന്മദിനം അനുസ്മരിക്കുന്നതിന് അടിസ്ഥാനമുണ്ടോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. ഇമാം ഹാഫിള് ഇബ്നു ഹജറുല്‍ അസ്ഖലാനിയുടെ മറുപടി കാണുക: മൗലിദിന് ഒരടിസ്ഥാനം ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഒരു ഹദീസാണത്. നബി(സ) മദീനയില്‍ എത്തിയപ്പോള്‍ ജൂതന്മാര് മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കുന്നത് അവിടുത്തെ ശ്രദ്ധയില്‍ പെട്ടു. അതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി ഇതായിരുന്നു. ‘അല്ലാഹു ഫറോവയെ മുക്കിക്കൊല്ലുകയും മൂസാ നബിയെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണത്. അതില്‍ നന്ദി കാണിച്ചാണ് ഞങ്ങള്‍ ഈ ദിനം വരുമ്പോള്‍ നോമ്പനുഷ്ഠിക്കുന്നത്’. എന്നാല്‍ മൂസാ നബി(അ)യുമായി ഏറ്റവും അടുത്ത ബന്ധം എനിക്കാണെന്നും ആയതിനാല്‍ അടുത്തവര്‍ഷം ഒമ്പതിനും പത്തിനും നോമ്പനുഷ്ഠിക്കുമെന്നും പ്രവാചകന് പറയുകയുണ്ടായി. ഒരു നിശ്ചിത ദിവസം അല്ലാഹുവില്‍ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാമെന്നും ഓരോ വര്‍ഷവും ആ ദിവസം വരുമ്പോള്‍ നന്ദി പ്രകടനം ആവര്‍ത്തിക്കാമെന്നും ഈ സന്ദര്‍ഭത്തില്‍ നിന്നും മനസ്സിലാക്കാം.'(അല്‍ഹാവീ ലില്‍ ഫതാവ.1- 196)
നബിദിനത്തിന്റെ ഉള്ളടക്കം മദ്ഹ് പറയല്‍(മൗലിദ് ഓതല്‍), അന്നദാനം, സന്തോഷ പ്രകടനം, പ്രവാചക ജീവിതത്തെ പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങള്‍ തുടങ്ങിയവയാണ്. ഇവയെല്ലാം പ്രമാണബദ്ധമായ കാര്യങ്ങളാണ്. ഗദ്യപദ്യ രൂപങ്ങളില്‍ പ്രവാചകന്റെ അപദാനങ്ങള്‍ പാടിപ്പറയുക എന്ന മൗലിദ് നബി(സ)യുടെ അംഗീകാരവും മാതൃകയുമുള്ള ഒരു സത്കര്മമാണ്. ആഇശാ ബീവി(റ) യില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നത് കാണുക. ‘നബി(സ) ഹസ്സാനുബിന് സാബിത് (റ)ന് മസ്ജിദുന്നബവിയില്‍ ഒരു സ്റ്റേജ് വെച്ചുകൊടുത്തിരുന്നു. അതില്‍ കയറി അദ്ദേഹം നബി(സ)യുടെ മദ്ഹുകള്‍ പാടിപ്പറയുമായിരുന്നു. അത് കേട്ട് നബി ഇപ്രകാരം പ്രാര്‍ഥിക്കും. ‘നിശ്ചയം അല്ലാഹു പരിശുദ്ധാത്മാവിനെ കൊണ്ട് ഹസ്സാനിനെ ശക്തിപ്പെടുത്തട്ടെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതരുടെ മഹത്വങ്ങള്‍ പറയുന്ന കാലത്തോളം'(മിശ്കാത്ത് 4805)
മുന്‍ഗാമികളായ പ്രവാചകന്മാരുടെ മദ്ഹുകള്‍ പറഞ്ഞുകൊണ്ടിരുന്ന സദസ്സിലേക്ക് നബി കടന്ന്വരികയും അവരെ കുറിച്ച് പറഞ്ഞതെല്ലാം അംഗീകരിച്ചുകൊണ്ട് തന്നെ തന്റെ മഹത്വങ്ങള്‍ നബി(സ)പറഞ്ഞുകൊടുക്കുന്നത് ശ്രദ്ധിക്കുക. ‘ഞാന്‍ അല്ലാഹുവിന്റെ ഹബീബാണ്. അഹങ്കാരം പറയുകയല്ല. അന്ത്യദിനത്തില്‍ ഞാനാണ് ലിവാഉല് ഹംദ് എന്ന പതാക വഹിക്കുക. ആദം നബി മുതല്‍ എല്ലാവരും അതിന്റെ പിന്നിലായിരിക്കും അണി ചേരുക. ഇതും പൊങ്ങച്ചം പറയുകയല്ല. നാളെ ആദ്യം ശിപാര്‍ശ പറയുന്നവനും അത് സ്വീകരിക്കപ്പെടുന്നവനും ഞാനായിരിക്കും. ഇത് പൊങ്ങച്ചമല്ല. ആദ്യമായി സ്വര്‍ഗത്തിന്റെ വട്ടക്കണ്ണി പിടിച്ചു ചലിപ്പിക്കുന്നവന്‍ ഞാനായിരിക്കും. അങ്ങനെ അല്ലാഹു എനിക്ക് സ്വര്‍ഗം തുറന്നുതരും. ഞാന്‍ അതിലേക്ക് പ്രവേശിക്കും. വിശ്വാസികളിലെ പാവപ്പെട്ടവരാണ് അപ്പോള്‍ എന്നോടൊപ്പമുണ്ടാകുക. ഇതും അഹങ്കാരം പറയുന്നതല്ല. ഞാന്‍ മുന്‍ഗാമികളിലും പിന്ഗാമികളിലും വെച്ച് ഏറ്റവും ആദരണീയനാണ്. പൊങ്ങച്ചമല്ല ഈ പറയുന്നത്.(തിര്മുതി, ദാരിമി- മിശ്കാത്ത് 2-513). മൗലിദ് പാരായണത്തിന് ഇത് തന്നെ മതിയായ രേഖയാണ്.
മരണാനന്തരം ഖദീജാ ബീവി(റ)യെ നബി(സ) ആദരിച്ചിരുന്ന രീതി ആഇശാ ബീവി പറയുന്നുണ്ട്. ‘നബി എപ്പോഴും ഖദീജ(റ)യുടെ മദ്ഹുകള്‍ പറഞ്ഞുകൊണ്ടിരിക്കും. പലപ്പോഴും ആടുകളെ കൊണ്ടുവന്ന് അറുത്ത് കഷണിക്കും. തുടര്‍ന്ന് അവ ഖദീജയുടെ കൂട്ടുകാരികള്‍ക്ക് എത്തിച്ചുകൊടുക്കും. ഇത് തുടര്‍ന്നപ്പോള്‍ ഞാന്‍ നബി(സ)യോട് ചോദിച്ചു. നിങ്ങള്‍ക്ക് ഖദീജയല്ലാതെ മറ്റു ഭാര്യമാരൊന്നുമില്ലാത്തതു പോലെയുണ്ടല്ലോ? അപ്പോള്‍ നബി പറയും. ആഇശാ, ഖദീജ അവര്‍ ഒരുപാട് മഹത്വങ്ങളുള്ളവരായിരുന്നു. എനിക്ക് വേണ്ടി കഞ്ഞുങ്ങളെ പ്രസവിച്ചതും അവരാണ്. (ബുഖാരി 3607) ഇതില്‍ നിന്ന് ദീനിനു സേവനം ചെയ്ത ഒരാളെ മരണാനന്തരം ആദരിക്കേണ്ട രീതിശാസ്ത്രം സുവ്യക്തമാകുന്നുണ്ട്. അവരുടെ മദ്ഹുകള്‍ പറയുകയും അവരുടെ പേരില്‍ ആഹാരം സ്വദഖ ചെയ്യുകയും ചെയ്തുകൊണ്ടാണ് നബി ഇവിടെ മാതൃക കാണിച്ചത്.
ഇതിന് പുറമേ സന്തോഷ വേളകളില്‍ ചെലവ് ചെയ്യണമെന്നത് ഖുര്‍ആനിന്റെ നിര്‍ദേശമാണ്. മുസ്ലിംകള്ക്ക് നബി(സ)യുടെ ജന്മദിനത്തെക്കാള്‍ സന്തോഷമുള്ള മറ്റെന്ത് കാര്യമാണുള്ളത്? ഗൃഹപ്രവേശ സമയത്ത് ആളുകളെ വിളിച്ച് ആഹാരം കൊടുക്കുന്ന പതിവ് ഇന്ന് വ്യാപകമാണല്ലോ. നബി(സ) ഇങ്ങനെ ചെയ്ത മാതൃകയില്ല. എന്നാല്‍ മതപരിഷ്കരണ വാദികളൊക്കെ ഇത് ചെയ്യുന്നു. സ്വന്തം ജീവിതത്തില്‍ സന്തോഷമുണ്ടാകുമ്പോള്‍ അത് പ്രകടിപ്പിക്കുന്നതില്‍ അവര്‍ക്ക് പ്രശ്നമില്ല. നബിയുടെ ജന്മ ദിനത്തില്‍ സന്തോഷിച്ചു ചെയ്യുമ്പോള്‍ മാത്രമാണ് അവര്‍ക്ക് ശിര്‍ക്കിന്റെ ആഹാരമാകുന്നത്. സ്വന്തം വീടിന്റെ കാര്യത്തില്‍ ആകുമ്പോള്‍ തൗഹീദും. ഇത് രോഗം വേറെയാണ്.
ഇനി സന്തോഷ പ്രകടനത്തിന്റെ ഭാഗമായി എന്തെല്ലാം കാര്യങ്ങള്‍ മൗലിദാഘോഷത്തില്‍ ഉള്‍പ്പെടുത്താം എന്നതിനെ സംബന്ധിച്ച് ഇമാം സുയൂഥി പറയുന്നത് ഖുര്‍ആന്‍ പാരായണം, ഭക്ഷണ വിതരണം, മൗലിദ് പാരായണം, നബി ജീവിതത്തെ സംബന്ധിച്ചുള്ള ഉപദേശം തുടങ്ങിയവക്ക് പുറമെ ഇവയോട് ചേര്‍ക്കാവുന്ന സന്തോഷ പ്രകടനങ്ങളെക്കുറിച്ച് ഇങ്ങനെ പറയാം. ‘ആ ദിവസത്തിന്റെ സന്തോഷത്തോട് യോജിച്ച ഹലാലായ കാര്യങ്ങള്‍ ഇവയോട് ചേര്‍ക്കാം. എന്നാല്‍, ഹറാമോ കറാഹത്തോ ഖിലാഫുല്‍ ഔലയോ ആയ കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്’ (അല്ഹാവി ലില്‍ ഫതാവ 1229).
മുന്‍ഗാമികളും പിന്‍ഗാമികളുമായി നിരവധി പണ്ഢിതന്മാര് മദീനയുടെ ചരിത്രമെഴുതിയിട്ടുണ്ട്. അവരില്‍ ഏറ്റം പ്രസിദ്ധനാണ് അല്ലാമാ അലി സംഹൂദി (ഹിജ്റ 844?-911). അദ്ദേഹം മൂന്നു ഗ്രന്ഥങ്ങള്‍ ഇവ്വിഷയകമായി എഴുതിയിട്ടുണ്ട്. അവയില്‍ ഏറ്റം വിഖ്യാതമായത് ‘വഫാഉല്‍ വഫാ’ എന്ന ഗ്രന്ഥമാണ്. ഈ ഗ്രന്ഥം ഇവ്വിഷയത്തില്‍ ഏറ്റം ആധികാരികമായി ഗണിച്ചു വരുന്നു. കാരണം മൂന്നു ലക്ഷം ഹദീസ് മനഃപാഠമുള്ള ഈ ശാഫിഈ പണ്ഢിതന് മുഫ്തിയും, മുദരിസുമായി മദീനയില്‍ വളരെക്കാലം താമസിച്ചിട്ടുണ്ട്. ശൈഖ് സംഹൂദി ഈ ഗ്രന്ഥത്തില്‍ മദീനാ പട്ടണത്തിന് ഖുര്‍ആന്‍, ഹദീസ്, പൂര്‍വ്വവേദങ്ങള്‍, ചരിത്രഗ്രന്ഥങ്ങള്‍ എന്നിവയെ ആധാരമാക്കി 94 പേരുകള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. പേരിന്റെ പെരുപ്പം മഹത്വത്തിന്റെ വലുപ്പമാണ് വിളിച്ചോതുന്നത്.
നബി (സ്വ) മക്കയില്‍ നിന്ന്, വിശുദ്ധ ഹറമില്‍ നിന്ന്, കഅ്ബയുടെ ചാരത്തു നിന്ന്, പലായനം ചെയ്യാന്‍ നിര്ബന്ധിതനായപ്പോള് തിരുമേനി (സ്വ) മനം നൊന്തു ചെയ്ത പ്രാര്‍ഥന നോക്കൂ: ‘അല്ലാഹുവേ, എനിക്കു ഏറ്റം ഇഷ്ടപ്പെട്ട ഒരു നാട്ടില്‍ നിന്ന് എന്നെ നീ പുറപ്പെടീച്ചതുപോലെ നിനക്കേറ്റം ഇഷ്ടപ്പെട്ട ഒരു നാട്ടില്‍ എന്നെ അധിവസിപ്പിക്കേണമേ’ (ഹാകിം)
തിരുനബി (സ്വ) യുടെ മറ്റൊരു പ്രസ്താവന കൂടി കാണുക: ‘നിങ്ങളില്‍ ആര്‍ക്കെങ്കിലും മദീനയില്‍ മരിക്കാന്‍ സൌകര്യപ്പെടുമെങ്കില്‍ അവന് അവിടെ മരിക്കട്ടെ. ഞാന്‍ മദീനയില്‍ മരിക്കുന്നവനു ശിപാര്‍ശകനായിരിക്കും’ (തുര്‍മുദി). മദീനാ മുനവ്വറയുടെ ഔല്‍കൃഷ്ട്യം വിവരിക്കുന്ന പരശ്ശതം തെളിവുകളില്‍ ഒന്നു രണ്ടെണ്ണം മാത്രമാണിത്.
നൂറോളം പേരുണ്ടെങ്കിലും പ്രവാചകപട്ടണം എന്നര്‍ഥം വരുന്ന ‘മദീനത്തുര്‍റസൂല്‍’ എന്ന പേരാണ് പ്രസിദ്ധം. അല്ലാഹു അവന്റെ ഏറ്റവും പ്രിയപ്പെട്ട പ്രവാചകന്റെ നിവാസത്തിനു തിരഞ്ഞെടുത്ത പട്ടണം, പ്രവചിതനായ അന്ത്യപ്രവാചകന്റെ പലായനസ്ഥലമായി പൂര്‍വ്വ പ്രവാചകര്‍ പരിചയപ്പെടുത്തിയ പട്ടണം, ഇസ്ലാമിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും പ്രചാരത്തിനും സഹായിച്ച പട്ടണം. അതാണ് മദീന. അതാണ് ലോകത്തെ ഒന്നാമത്തെ ഇസ്ലാ മിക രാഷ്ട്രം. അവിടെയാണ് പ്രഥമ ഭരണകൂടം നിലവില്‍ വന്നത്; ശരീഅത്ത് നിയമങ്ങള്‍ സമ്പൂര്‍ണ്ണമായി പ്രയോഗവല്ക്കരിക്കപ്പെട്ടത്. അവിടെ നിന്നാണ് ഇസ്ലാമിന്റെ സന്ദേശവുമായി പ്രബോധക സംഘങ്ങള്‍ ലോകരാജ്യങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്. ധീര സേനാനികള്‍, ഇസ്ലാമിന്റെ വെന്നിക്കൊടിയേന്തി ജൈത്രയാത്ര പുറപ്പെട്ടതും അവിടെ നിന്നു തന്നെ.
നബി തിരുമേനി (സ്വ) അവിടെ അന്ത്യവിശ്രമം കൊള്ളുന്നു എന്നതാണ് മദീനാപട്ടണത്തിന്റെ ഏറ്റവും വലിയ സവിശേഷത. അവിടുത്തെ പുണ്യശരീരം നിലകൊള്ളുന്ന സ്ഥലം ഭൂമിയില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥലമാണ് എന്ന കാര്യം അവിതര്‍ക്കിതമാണെന്നും അക്കാര്യത്തില്‍ പണ്ഢിതന്മാര് ഏകോപിപ്പിച്ചിട്ടുണ്ടെന്നും അല്ലാമാ സംഹൂദി (1/28) രേഖപ്പെടുത്തിയിട്ടുണ്ട്. നബി (സ്വ) യെ സന്ദര്‍ശിക്കാന്‍ ജീവിതകാലത്തെന്നപോലെ അങ്ങോട്ട് വിശ്വാസികള്‍ ഒഴുകുന്നു.
മദീനാ പട്ടണം ഇസ്ലാമിനു മുമ്പ്
ആദിമ പിതാവായ ആദം നബി (അ) യോടെ ഭൂമുഖത്ത് മനുഷ്യ ചരിത്രവും ഇസ്ലാമിക ചരിത്രവും ആരംഭിച്ചു. മനുഷ്യപിതാവ് തുടങ്ങിവെച്ച നാഗരികതാ നിര്‍മ്മാണവും മതപ്രബോധനവും സന്താനങ്ങള്‍ തുടര്‍ന്നു. അവസരോചിതം വന്ന പ്രവാചകന്മാര് അവര്‍ക്ക് നേതൃത്വം നല്കി. കാലാന്തരേണ മനുഷ്യ സമുദായം ബഹുദൈവത്വത്തിലേക്കും തജ്ജന്യമായ വിഗ്രഹാരാധനയിലേക്കും വഴുതി വീണു. അപ്പോഴാണ് ലോകചരിത്രത്തിലാദ്യമായി അവിശ്വാസികളെയും ബഹുദൈവാരാധകരെയും പ്രബോധിപ്പിക്കുന്നതിനു വേണ്ടി ഒരു പ്രവാചകന് സമാഗതമാകുന്നത്. അദ്ദേഹമാണ് നൂഹ് നബി (അ). അതുകൊണ്ടാണ് അദ്ദേഹം പ്രഥമ പ്രവാചകന്, പ്രഥമദൂതന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിനു മുമ്പ് വന്ന ദൂതന്മാര് ഏകദൈവ വിശ്വാസികളോട് പ്രബോധനം നടത്തിയവരായിരുന്നു.
നീണ്ട തൊള്ളായിരത്തി അമ്പത് കൊല്ലത്തെ പ്രബോധനത്തെ അവഗണിച്ചവഹേളിച്ച ധിക്കാരികളെ ത്വൂഫാന്‍ എന്ന മഹാ ജലപ്രളയത്തിലൂടെ അല്ലാഹു നശിപ്പിച്ചു. നൂഹ് നബി (അ) യെയും സത്യവിശ്വാസികളായ തന്റെ കുടുംബത്തെയും അല്ലാഹു രക്ഷിച്ചു. ബാബിലോണ്‍ പട്ടണത്തിന്റെ സമീപത്ത് പ്രളയാനന്തരം അവര്‍ കപ്പലിറങ്ങി. എണ്പതു പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. അവര്‍ നിവസിച്ച പ്രദേശം ‘മദീനത്തുസ്സമാനീന്’ (എണ്പതുപേരുടെ പട്ടണം) എന്ന പേരില്‍ അറിയപ്പെട്ടു. ജനസംഖ്യ കൂടിയപ്പോള്‍ ഓരോ കുടുംബവും വിവിധ രാജ്യങ്ങളിലേക്ക് താമസം മാറ്റിത്തുടങ്ങി. നൂഹ് നബി (അ) ന്റെ രണ്ടാമത്തെ പൌത്രനായ അബീലിന്റെ മകന് യസ്രിബ് കുടുംബസമേതം മദീനയില്‍ വന്നു താമസമാക്കി. അങ്ങനെയാണ് ഈ പ്രദേശം പില്ക്കാലത്ത് യസ്രിബ് എന്ന പേരില്‍ പ്രസിദ്ധമായത്. പിന്നീട് പല കാരണങ്ങളാലും പല ജൂത കുടുംബങ്ങളും മദീനയില്‍ കുടിയേറിപ്പാര്‍ക്കുകയും അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. അവര്‍ ഇരുപത്തഞ്ചോളം കുടുംബങ്ങളുണ്ടായിരുന്നു. അവരില്‍ ബനൂഖുറൈള, ബനൂന്നളീര്‍, ബനൂ ഖൈനുഖാത് എന്നീ ഗോത്രങ്ങള്‍ ഏറ്റം പ്രസിദ്ധങ്ങളത്രെ.
ഔസ്, ഖസ്റജ്
യമനിലെ പ്രസിദ്ധമായ അണപൊട്ടിയതിനെ തുടര്‍ന്ന് പല കുടുംബങ്ങളും പല രാജ്യങ്ങളിലുമായി കുടിയേറിപ്പാര്‍ത്തു. അക്കൂട്ടത്തില്‍ ബനൂ ഖൈലാ ഗോത്രം യസ്രിബില്‍ താമസിച്ചു. ഔസ്, ഖസ്റജ് എന്നീ അറബിവംശങ്ങളാണ് ബനൂഖൈല. ഖൈല എന്നത് അവരുടെ മാതാവിന്റെ പേരാണ്. പിതാവ് ഹാരിസത്തുബ്നു സൈദ്. സുരക്ഷിതത്തിനും പ്രതിരോധത്തിനും സുഖവാസത്തിനുമായി യസ്രിബ് നിവാസികള്‍ അവിടെ ഒട്ടധികം കോട്ടകള്‍ നിര്‍മ്മിക്കുകയുണ്ടായി. അമ്പത്തി ഒമ്പത് കോട്ടകള്‍ ജൂതന്മാര് നേരത്തെ നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. അവരെ അനുകരിച്ചു പിന്നീട് അറബികള്‍ യസ്രിബില്‍ പതിമൂന്നു കോട്ടകള്‍ നിര്‍മ്മിച്ചു. ഈ എഴുപത്തി രണ്ടു കോട്ടകള്‍ക്കു പുറമെ പിന്നീട് നബി (സ്വ) യുടെ നിര്‍ദ്ദേശപ്രകാരം, അമ്പത്തിയാറ് കോട്ടകള്‍ മുസ്ലിംകളും നിര്‍മ്മിച്ചു. അതോടെ നൂറ്റിയിരുപത്തെട്ടു കോട്ടകള്‍ അവിടെ കാണാറായി. കൂടുതല്‍ കോട്ടകള്‍ എണ്ണിപ്പറഞ്ഞ ചരിത്രകാരന്മാരും ഉണ്ട്.
ഔസ് ഗോത്രത്തില്‍ പ്രസിദ്ധമായ പതിമൂന്ന് വംശങ്ങളുണ്ടായിരുന്നു. ഖസ്റജ് ഗോത്രത്തില്‍ മുപ്പത്തിയാറ് വംശവും. ഔസ്, ഖസ്റജ് ഗോത്രക്കാരാണ് ഇസ്ലാമിന്റെ ആഗമനത്തോടെ അന്‍സ്വാര്‍ എന്ന പേരില്‍ പ്രസിദ്ധരായത്. പ്രവാചകരെയും ഇസ്ലാമിനെയും മുഹാജിറുകളെയും അതുല്യമായ സ്നേഹവായ്പോടെ സഹായിച്ചാദരിച്ചതുകൊണ്ടാണ് അല്ലാഹു അവര്‍ക്ക് ഈ അഭിധാനം നല്‍കിയത്.
ഇസ്ലാം മദീനയില്‍
ഇസ്ലാമിന്റെ ജന്മനാട് മക്കയെങ്കിലും പ്രവാചകനും അനുയായികള്‍ക്കും അവിടെ നില്ക്കക്കള്ളിയില്ലാതെയായപ്പോള് പ്രബോധനപ്രവര്‍ത്തനത്തിന് ഏറ്റം വളക്കൂറുള്ള മദീനാമണ്ണിലേക്ക് നീങ്ങുന്നതിന് അല്ലാഹു കളമൊരുക്കി. നുബുവ്വത്തിന്റെ പതിനൊന്നാം വര്‍ഷം മദീനയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനാര്‍ഥം മക്കയിലെത്തിയ ആറു ഖസ്റജികള്‍ നബി (സ്വ) യെ കണ്ടു ഇസ്ലാം മതം സ്വീകരിച്ചു. അവര്‍ നാട്ടിലേക്കു തിരിച്ചു. പുതിയ സന്ദേശം നാട്ടുകാരെ പരിചയപ്പെടുത്തി. പലരും പുതിയ പ്രസ്ഥാനത്തിന്റെ വക്താക്കളായി. അടുത്ത വര്‍ഷം ഹജ്ജുവേളയില്‍ തിരുമേനിയുമായി കാണാമെന്ന് മദീനാസംഘം കരാര്‍ ചെയ്തിട്ടുണ്ടായിരുന്നു. പന്ത്രണ്ടാം വര്‍ഷം പന്ത്രണ്ടു പേര് മക്കയിലെത്തി.
മിനായിലെ അഖബക്കരികില്‍ നബി (സ്വ) യുമായി അഭിമുഖം നടത്തി. അന്ന് അവിടെ നടന്ന കരാര്‍ ഒന്നാം അഖബാ ഉടമ്പടി എന്ന പേരില്‍ അറിയപ്പെടുന്നു. ശിര്‍ക്ക്, മോഷണം, വ്യഭിചാരം, സന്താനവധം, വ്യാജ വാര്‍ത്താ നിര്‍മ്മാണം എന്നിവ വര്‍ജ്ജിക്കുക, ഒരു നല്ലകാര്യത്തിലും നബി (സ്വ) യോട് അനുസരണക്കേട് കാണിക്കാതിരിക്കുക എന്നിവയായിരുന്നു ഈ ഉടമ്പടിയിലെ കാതലായ വശങ്ങള്. തിരിച്ചു പോകുമ്പോള്‍ അവരോടൊപ്പം അദ്ധ്യാപനത്തിനും പ്രബോധനത്തിനുമായി മുസ്അബുബ്നു ഉമൈര്‍ എന്ന ശിഷ്യനെ വിട്ടുകൊടുത്തു. മദീനായിലെ പുതിയ വീടുകളില്‍ ഇസ്ലാം എത്തുന്നതിന് ഇതു കാരണമായി. സഅദ്ബ്നു മുആദ്, ഉസൈദ്ബ്നു ഹുളൈര്‍ തുടങ്ങിയ പ്രമുഖര്‍ ഇസ്ലാംമതം ആശ്ളേഷിച്ചു.
നുബുവ്വത്തിന്റെ പതിമൂന്നാം വര്‍ഷം ഹജ്ജുവേളയില്‍ മദീനയില്‍ നിന്ന് നിരവധി പേര് മക്കയിലെത്തി. അക്കൂട്ടത്തിലുണ്ടായിരുന്ന എഴുപത്തഞ്ചു മുസ്ലിംകള് രാത്രി സമയത്ത് വളരെ രഹസ്യമായി അഖബക്കരികെ നബി (സ്വ) യുമായി അഭിമുഖം നടത്തി. തിരുമേനി മദീനയിലേക്ക് വരുന്നുവെങ്കില്‍ സ്വന്തം ഭാര്യാ സന്താനങ്ങളെ സംരക്ഷിക്കും വിധം സംരക്ഷിക്കുമെന്ന് തദവസരം അവര്‍ കരാര്‍ ചെയ്തു. ഇതാണ് രണ്ടാം അഖബാ ഉടമ്പടി. ഉടമ്പടി രഹസ്യമെങ്കിലും സംഗതി ഏതോ വിധം ശത്രുക്കളറിഞ്ഞു. മര്‍ദ്ദനമുറകള്‍ ശതഗുണീഭവിച്ചു. മുസ്ലിംകളോട് മദീനയിലേക്ക് ഹിജ്റ ചെയ്യുവാന്‍ തിരുമേനി ആജ്ഞാപിച്ചു. നാടും വീടും സമ്പത്തും സന്താനവും ഉപേക്ഷിച്ചു അവര്‍ യാത്രയായി. ഒറ്റക്കും കൂട്ടമായും യാത്ര തുടര്‍ന്നു. തിരുമേനിയും അബൂബക്ര്, അലി എന്നിവരും ഏതാനും ദുര്‍ബ്ബല മുസ്ലിംകളും മാത്രം മദീനയില്‍ അവശേഷിച്ചു.
പ്രവാചകര്‍ മദീനയിലേക്ക്
ഇസ്ലാം മദീനയില്‍ വേരൂന്നി. മക്കാമുസ്ലിംകള് അഭയാര്‍ഥികളായി മദീനയിലെത്തിക്കഴിഞ്ഞു. പ്രവാചകന്റെ ആഗമനത്തില്‍ ദാഹിച്ചു മദീനാമുസ്ലിംകള്‍ കാത്തിരിപ്പായി. അപ്പോഴാണ് ഖുറൈശികള്‍ ഭവിഷ്യത്ത് മനസ്സിലാക്കുന്നത്. അവര്‍ ദാറുന്നദ്വത്തില്‍ സത്വരനടപടിക്കായി ചര്‍ച്ച നടത്തി. അന്തിമ തീരുമാനപ്രകാരം സന്ധ്യാസമയത്ത് പ്രവാചകന്റെ വീടു വളഞ്ഞു. പ്രതികാരം ചോദിക്കാന്‍ കഴിയാത്ത വിധം എല്ലാ വംശത്തിലേയും പ്രതിനിധികള്‍ ചേര്‍ന്ന് ഒന്നിച്ചു വെട്ടിക്കൊല്ലുകയായിരുന്നു ലക്ഷ്യം. പക്ഷേ, അല്ലാഹുവിന്റെ തന്ത്രം വിജയിച്ചു. അവരുടെ കുതന്ത്രം പരാജയപ്പെട്ടു. അക്ഷരാര്‍ഥത്തില്‍ ശത്രുക്കളുടെ കണ്ണില്‍ പൊടിയിട്ട് അത്യത്ഭുതകരമാംവിധം രക്ഷപ്പെട്ടു.
അല്ലാഹു നേരത്തെ തന്നെ ഹിജ്റക്കു ആജ്ഞ നല്കിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. അതു പ്രകാരം കാലേക്കൂട്ടി തന്നെ നബി തിരുമേനി (സ്വ) തന്റെ ഇഷ്ടതോഴനായ സ്വിദ്ദീഖുമായി യാത്രക്കുള്ള ആസൂത്രണം നടത്തിയിട്ടുണ്ടായിരുന്നു. മൂന്നു ദിവസം സൌര്‍ ഗുഹയില്‍ ഇരുവരും കഴിച്ചുകൂട്ടി. ശത്രുക്കളുടെ തിരച്ചില്‍ ഏറെക്കുറെ അവസാനിച്ചു. ഇരുവരും യാത്ര പുനരാരംഭിച്ചു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് അവര്‍ മദീനയിലെത്തി. റബീഉല്‍ അവ്വല്‍ എട്ടിന് തിങ്കളാഴ്ച രാവിലെ മദീനയുടെ തെക്കുവശത്ത് ഖുബാ ഗ്രാമത്തിലെത്തി. നാലു ദിവസം അവിടെ വിശ്രമിച്ചു. അപ്പോഴേക്കും അലി (റ) എത്തിച്ചേര്‍ന്നു. മക്കാ നിവാസികള്‍ നബി (സ്വ) യെ ഏല്‍പ്പിച്ചിരുന്ന അമാനത്തുകള്‍ തിരിച്ചേല്‍പ്പിക്കുന്നതിനു വേണ്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതുകൊണ്ടാണ് വൈകിയത്. ഖുബായില്‍ തിരുനബി (സ്വ) ഒരു പള്ളി സ്ഥാപിച്ചു. ഇതാണ് മദീനയില്‍ തിരുമേനി സ്ഥാപിച്ച ഒന്നാമത്തെ പള്ളി.
റബീഉല്‍ അവ്വല്‍ പന്ത്രണ്ട് വെള്ളിയാഴ്ച കാലത്ത് ഖുബായില്‍ നിന്ന് പുറപ്പെട്ടു. വഴിമദ്ധ്യേ ബനൂസാലിം കുടുംബത്തിന്റെ വാസസ്ഥലത്ത് ജുമുഅഃ നിര്‍വ്വഹിച്ചു. അതായിരുന്നു ഇസ്ലാമിക ചരിത്രത്തിലെ ഒന്നാമത്തെ ജുമുഅഃ. ഒരു വലിയ സംഘത്തിന്റെ അകമ്പടിയോടെ തിരുമേനി അവിടെ നിന്നു മദീനയുടെ ഹൃദയഭാഗത്തെത്തി. ആഹ്ളാദഭരിതരായ മദീനാമുസ്ലിംകള്‍ നബി (സ്വ) യെ വരവേറ്റു. ഓരോ വീട്ടുകാരും തിരുമേനിയുടെ വാഹനത്തിന്റെ കടിഞ്ഞാണ്‍ പിടിച്ച് അവരുടെ വീട്ടിലിറങ്ങിത്താമസിക്കാന് ക്ഷണിച്ചു കൊണ്ടിരുന്നു. ‘നിങ്ങള്‍ ഈ വാഹനത്തെ വിടൂ, അതിനു പ്രത്യേക കല്പനയുണ്ട്’ എന്നായിരുന്നു പ്രവാചകരുടെ പ്രതികരണം. അബൂ അയ്യൂബില്‍ അന്‍സ്വാരി എന്ന പ്രശസ്ത സ്വഹാബിയുടെ വീട്ടിനു മുമ്പില്‍ ഒട്ടകം മുട്ടുകുത്തി. “ഇവിടെ തന്നെ ഇറക്കം. ഇന്‍ശാ അല്ലാഹ്, നാഥാ അനുഗൃഹീതമായൊരിടത്ത് എന്നെ ഇറക്കേണമേ. നീ ആതിഥേയരില്‍ ഉത്തമനത്രെ” എന്നു പറഞ്ഞു. തിരുനബി (സ്വ) താഴെയിറങ്ങി. വാഹനപ്പുറത്തു നിന്ന് സാധനങ്ങളെടുത്ത് അബൂ അയ്യൂബ് തന്റെ വീട്ടിലേക്കു കൊണ്ടുപോയി. ‘ഏതൊരു വ്യക്തിയും തന്റെ സാധനസാമഗ്രികളോടൊപ്പം തന്നെ’ എന്നു പ്രസ്താവിച്ചുകൊണ്ട് തിരുനബി (സ്വ) അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചു. മസ്ജിദുന്നബവി നിലവില്‍ വന്ന് അങ്ങോട്ടു മാറിത്താമസിക്കുന്നതുവരെ ഈ വീട്ടിലായിരുന്നു പ്രവാചകരുടെ താമസം.
അഖില ലോകത്തിനും അനുഗ്രഹമായ പ്രവാചകപ്രഭു മുഹമ്മദ് മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലം കുടുംബനാഥനെന്ന നിലയില്‍ ഏറ്റവും മാതൃകാപരമായ ജീവിതമാണ് നയിച്ചിരുന്നതെന്ന വസ്തുത ആ ജീവിതം മുഴുവന്‍ പരിശോധിച്ചാല്‍ വ്യക്തമാവും. തിരുമേനി(ﷺ) തന്റെ ഇരുപത്തഞ്ചാം വയസ്സില്‍ ഖദീജാബീവിയെ വിവാഹം ചെയ്തു. മഹതി മരണപ്പെടുന്നതുവരെ മറ്റൊരു സ്ത്രീയെപ്പറ്റിയും തിരുമേനി ആലോചിക്കുകപോലും ചെയ്തിരുന്നില്ല. അവരുടെ മരണശേഷം രണ്ടുവര്‍ഷം തിരുമേനി(ﷺ) ഏകാകിയായി കഴിഞ്ഞു. തുടര്‍ന്ന് നാലു കൊല്ലത്തിനിടയ്ക്ക്, അതായത് തിരുമേനി(ﷺ)യുടെ അമ്പത്തിആറാം വയസ്സിനിടയില്‍ സൌദ, ആഇശ എന്നിവരെ വിവാഹം ചെയ്യുകയുണ്ടായി. ആ സന്ദര്‍ഭത്തില്‍ ആഇശാബീവിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. അക്കാലത്ത് തിരുമേനി(ﷺ) ഒരു ഭാര്യയുമൊത്താണ് ദാമ്പത്യജീവിതം നയിച്ചിരുന്നത്. അമ്പതു വയസ്സിനും അറുപതു വയസ്സിനുമിടയില്‍ ഒമ്പതു ഭാര്യമാരെ തിരുമേനി(ﷺ) വിവാഹം ചെയ്യുകയുണ്ടായി.
പല വിവാഹങ്ങള്‍ കാരണം പ്രവാചകദൌത്യം തിരുമേനി വിസ്മരിക്കാനിടയാകില്ലേ എന്നൊരു സംശയം ചിലര്‍ക്കുണ്ടായേക്കാമെങ്കിലും, യഥാര്‍ഥത്തില്‍ നബിതിരുമേനി(ﷺ) ആ പുണ്യകര്‍മ്മങ്ങള്‍ വിസ്മരിക്കുകയല്ല ചെയ്തത്. ഭാര്യാസന്താനങ്ങളോടൊപ്പം കഴിഞ്ഞിരുന്ന സമയങ്ങളില്‍ അവരിലേക്കും പ്രവാചകദൌത്യം നിര്‍വ്വഹിക്കുകയായിരുന്നു ചെയ്തത്. അനാഥനായി വളര്‍ന്ന നബിതിരുമേനി(ﷺ) യൌവ്വനത്തിലേക്കു കാലൂന്നുമ്പോള്‍ ദരിദ്രനായിരുന്നു. അബൂത്വാലിബിന്റെ സഹോദരപുത്രനായ മുഹമ്മദ്(ﷺ) വിനീതനായ ഒരു ഒട്ടകക്കാരനായി മാത്രം പരിഗണിക്കപ്പെട്ടു. വ്യാപാരത്തില്‍ അബൂത്വാലിബിനെ സഹായിച്ചിരുന്ന ആ ഇരുപത്തഞ്ചുകാരന് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. മാതാവായ ആമിനാബീവിയേയും മുലകൊടുത്തു വളര്‍ത്തിയ ഹലീമാബീവിയേയും കുറിച്ചുള്ള ഊഷ്മളവും സ്നേഹമസൃണവുമായ സ്മരണകളൊഴിച്ചാല്‍ സ്ത്രൈണലാവണ്യത്തിന്റെ പ്രചോദനങ്ങള്‍ക്കൊന്നും അവിടുന്ന് വശംവദനായിരുന്നില്ല.
ഇക്കാലത്ത് മക്കയില്‍ ഖദീജ എന്ന ഒരു വിധവ ഉണ്ടായിരുന്നു. ഗണ്യമായ സമ്പത്തും വലിയൊരു വ്യാപാരവും വിട്ടേച്ച് അവരുടെ ഭര്‍ത്താവ് മരിച്ചിട്ട് അധികനാളായില്ല. കച്ചവടം സത്യസന്ധമായും കാര്യപ്രാപ്തിയോടെയും നടത്തിക്കൊണ്ടുപോകാനും മരുഭൂമിക്കപ്പുറം ദീര്‍ഘയാത്ര നടത്താനും കഴിവുള്ള ഒരാളെ തേടുകയായിരുന്നു ഖദീജ(റ). അബൂത്വാലിബിന്റെ സഹോദരപുത്രനായ മുഹമ്മദ് എന്ന യുവാവിനെക്കുറിച്ച് അവര്‍ കേട്ടിരുന്നു. ‘അല്അമീന്’ എന്ന പേരില്‍ പ്രസിദ്ധനായ അദ്ദേഹത്തെ അവര്‍ വിളിച്ചു വരുത്തി.
നാല്പതു വയസ്സിനോടടുത്ത, എന്നാല്‍ യൌവ്വനയുക്തയായ ഒരു സ്ത്രീയെയാണ് ഖദീജയില്‍ തിരുമേനി കണ്ടത്. കുറിയ ദേഹപ്രകൃതി, പ്രസാദാത്മകമായ വട്ടമുഖം, ആഭിജാത്യം സ്ഫുരിക്കുന്ന മൃദുലകരങ്ങള്‍. ഖുറൈശി കുടുംബത്തില്‍ തന്നെയാണ് ഖദീജ(റ)യുടെയും ജനനം. ഖുവൈലിദിന്റെ മകള്‍ ഖദീജ. ത്വാഹിറ (പരിശുദ്ധ) എന്ന അപരാഭിധാനത്താല്‍ വിഖ്യാത. സമ്പന്നതയില്‍ വലിയ അന്തരമുണ്ടെങ്കിലും മുഹമ്മദ്(ﷺ) തന്റെ ഗോത്രക്കാരനാണെന്നറിഞ്ഞ് അവര്‍ക്ക് സന്തോഷമായി. മുഹമ്മദി(ﷺ)ന്റെ പെരുമാറ്റം അവള്‍ക്കിഷ്ടമായി. മാന്യവും വിശ്വസ്തവുമായ സമീപനം. തന്നോട് പ്രീതിയുള്ള ഖദീജ(റ)യെ സേവിക്കുന്നതിന് നബി(ﷺ)ക്കും ഇഷ്ടം തന്നെയായിരുന്നു. പ്രതീക്ഷയോടെ അവിടുന്ന് ഖദീജയുടെ വ്യാപാര ദൌത്യം ഏറ്റെടുത്തു. അബൂത്വാലിബിന്റെ സഹോദരപുത്രന് എന്ന നിലയില്‍ അദ്ദേഹം വാണിജ്യ കേന്ദ്രങ്ങളില്‍ അറിയപ്പെട്ടിരുന്നു. കച്ചവടക്കാര്‍ പുത്തന്‍ ചരക്കുകളുമായുള്ള മുഹമ്മദി(ﷺ)ന്റെ വരവിനെ സഹര്‍ഷം സ്വാഗതം ചെയ്തു. ദമസ്കസിലേക്കാണ് ചരക്കുകളുമായി പുറപ്പെട്ടത്. യസ്രിബിലും ഇതര ഗ്രാമങ്ങളിലും നബി തന്റെ ചരക്കുകള്‍ വിറ്റഴിച്ചു. ഗണ്യമായ ലാഭമുണ്ടാക്കിക്കൊണ്ടാണ് അവിടുന്ന് മടങ്ങിയത്. നബി(ﷺ)യുടെ കൂടെ യാത്ര ചെയ്ത മൈസറ എന്ന ഭൃത്യന് അദ്ദേഹത്തിന്റെ വിജയങ്ങളത്രയും ഖദീജ(റ)യെ അറിയിച്ചുകഴിഞ്ഞിരുന്നു. തുടര്‍ന്ന് നബി(ﷺ)യുമായുള്ള കൂടിക്കാഴ്ച ഖദീജ(റ)യുടെ മനസ്സില്‍ അഗാധമായ പ്രതികരണങ്ങളുണ്ടാക്കി. ഖദീജ(റ)യുടെ മാന്യമായ പെരുമാറ്റവും സൌമ്യമായ സംഭാഷണവും സര്‍വ്വോപരി തന്നില്‍ കാണിച്ച വിശ്വാസവും പ്രവാചകന്(ﷺ) ഇഷ്ടപ്പെട്ടിരുന്നു. തന്റെ മനസ്സ് പൂര്‍ണ്ണമായും അദ്ദേഹത്തിലേക്കടുത്തുവെന്ന് തോന്നിയപ്പോള്‍ ഖദീജ(റ) ഇരുവരുടെയും ഒരു സുഹൃത്തു വഴി തന്റെ അഭിലാഷം അറിയിക്കുകയും നബി(ﷺ) അത് സസന്തോഷം സ്വീകരിക്കുകയുമാണുണ്ടായത്.
ഇരുപത് ഒട്ടകങ്ങള്‍ കൊണ്ട് ഖദീജ(റ) തൃപ്തിപ്പെട്ടുകൊള്ളുമെന്ന് അവരുടെ ബന്ധുക്കള്‍ പറഞ്ഞു. അബൂത്വാലിബ് അത് ഒരുക്കിവെച്ചിരുന്നു. വിവാഹാഘോഷം കേമമായി കൊണ്ടാടി. ഖുറൈശി പ്രധാനികളൊക്കെ പങ്കെടുത്തിരുന്നു. കഅബയുടെ കൈകാര്യകര്‍ത്താവെന്ന നിലയില്‍ അബൂത്വാലിബ് വിവാഹകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. വിവാഹം പ്രവാചകനെ ധനികനാക്കിയെങ്കിലും ഉപജീവനത്തിനു വേണ്ടി അവിടുന്ന് അദ്ധ്വാനിച്ചിരുന്നു. വിജയകരമായി വ്യാപാരം ചെയ്തപ്പോഴും തന്റെ ഭാര്യയുടെ സ്വത്തുക്കളിലൊന്നും നബി(ﷺ) കൈകടത്തിയില്ല. ഐശ്വര്യം തന്റെ സഹജസ്വഭാവത്തിന്നു കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. നിത്യഭക്ഷണവും വസ്ത്രവും മാത്രമേ വേണ്ടൂ. അതുതന്നെ അതീവ ലളിതം. എന്നാല്‍ സുഹൃത്തുക്കളെയും സഹായാര്‍ഥികളെയും അവിടുന്ന് തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഖദീജ(റ)യോട് ശിപാര്‍ശ ചെയ്ത് അവര്‍ക്ക് സഹായം ചെയ്തിരുന്നു. ദാനശീലയായിരുന്നു ഖദീജ(റ). പാവങ്ങളെ സഹായിക്കുന്നതില്‍ അവര്‍ എന്നും സന്നദ്ധത പ്രകടിപ്പിച്ചു. അങ്ങനെ ആ ദമ്പതികള്‍ പാവങ്ങള്‍ക്ക് എന്നും തുണയായി വര്‍ത്തിച്ചു. ഖദീജ(റ) പ്രവാചകരെ(ﷺ) വിളിച്ചിരുന്നത് അബുല്‍ഖാസിം എന്നായിരുന്നു.
ഖദീജാബീവിയുമൊത്തുള്ള നബിയുടെ ദാമ്പത്യജീവിതം എത്രയും ആനന്ദദായകമായിരുന്നു. അവര്‍ക്ക് രണ്ടു പുത്രന്മാരും നാലു പുത്രികളും ജനിച്ചു. ഖാസിം, അബ്ദുല്ല എന്നീ പുത്രന്മാര് ശൈശവത്തില്‍ തന്നെ മൃതിയടഞ്ഞു. സൈനബാ, റുഖയാ, ഉമ്മുകുല്‍സൂം, ഫാത്വിമ ഇവരായിരുന്നു പുത്രിമാര്‍. ആണ്‍കുഞ്ഞുങ്ങളുടെ മരണങ്ങള് മാതാപിതാക്കളെ അത്യധികം ദുഃഖിപ്പിച്ചു. ആണ്‍കുട്ടികള്‍ മരണമടഞ്ഞപ്പോള്‍ സൈദ്ബ്നു ഹാരിസി(റ)നെ നബി ദത്തുപുത്രനായി സ്വീകരിച്ചു. ഖദീജാബീവിൾ(റ) വിലക്കുവാങ്ങിയ ഈ കുട്ടിയെ അവര്‍ നബി(ﷺ)ക്കു ദാനം ചെയ്യുകയും നബി(ﷺ) സൈദി(റ)നെ സ്വതന്ത്രനാക്കിയ ശേഷം ദത്തെടുക്കുകയുമാണുണ്ടായത്.
മൂത്തമകളായ സൈനബിനെ അവര്‍ അസീസ്ബ്നുറാബിക്ക് വിവാഹം ചെയ്തു കൊടുത്തു. റുഖയ്യയെയും ഉമ്മുകുല്‍സുമിനെയും വിവാഹം ചെയ്തത് അബൂലഹബിന്റെ പുത്രന്മാരായ ഉത്ബയും ഉതൈബയുമായിരുന്നു. പക്ഷേ, നബിതിരുമേനി ഇസ്ലാം മത പ്രബോധനത്തിനിറങ്ങിയതോടെ അബൂലഹബ് സ്വപുത്രന്മാരെക്കൊണ്ട് വിവാഹമോചനം ചെയ്യിക്കുകയാണുണ്ടായത്. ഇവരെ രണ്ടുപേരെയും പിന്നീട് ഒന്നിനു പുറകെ മറ്റൊന്നായി വിവാഹം ചെയ്തത് ഉസ്മാനുബ്നു അഫ്ഫാനാണ്(റ). നബി ജീവിച്ചിരുന്ന കാലത്ത് തന്നെ ഇവര്‍ രണ്ടുപേരും മരണമടഞ്ഞു. കനിഷ്ഠപുത്രിയായ ഫാത്വിമത്തുസ്സഹ്റായെ(റ) അലിയ്യിബ്നു അബൂത്വാലിബ്(റ) വിവാഹം ചെയ്തു. നബി(ﷺ)യെ അതിജീവിച്ച പുത്രി ഇവര്‍ മാത്രമായിരുന്നു. എന്നാല്‍ പിതാവിന്റെ മരണം മൂലമുണ്ടായ ദുഃഖഭാരത്താല്‍ ആറുമാസം കഴിയുന്നതിനു മുമ്പുതന്നെ അവരും പിതാവിനെ അനുഗമിച്ചു.
അലി(റ) ഫാത്വിമാ(റ) ദമ്പതികളിലുണ്ടായ പുത്രന്മാരാണ് ഹസന്, ഹുസൈന് എന്നിവര്‍. പ്രവാചക കുടുംബത്തിന്റെ കണ്ണികള്‍ അറ്റുപോകാതെ നിലനിര്‍ത്തിയവരാണവര്‍. നബി(ﷺ)യുടെ പത്നിമാരില്‍ ആഇശാബീവി(റ) മാത്രമായിരുന്നു കന്യക. ഏഴാം വയസ്സില്‍ വിവാഹിതയായെങ്കിലും പിതാവായ അബൂബക്ര്(റ) ന്റെ വീട്ടില്‍ തന്നെ കഴിഞ്ഞു. തിരുമേനി(ﷺ) മദീനയില്‍ എത്തി എട്ടുമാസങ്ങള്‍ക്കു ശേഷം ആഇശാബീവിയും(റ) മദീനയില്‍ വന്നു ഭര്‍ത്താവിന്റെ വീട്ടില്‍ താമസമാക്കി. അതിനു ശേഷമാണ് അവര്‍ക്കു പ്രായം തികഞ്ഞത്. ഹസ്റത്ത് സൌദാ(റ) എന്ന പ്രായമേറിയ വിധവയെ, ഖദീജാബീവി മരിച്ചു രണ്ടു വര്‍ഷത്തിനു ശേഷമാണ് തിരുമേനി വിവാഹം ചെയ്തത്. അബ്സീനിയയില്‍ നിന്നു തിരിച്ചു വരുമ്പോള്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട് അവര്‍ തിരുമേനി(ﷺ)യെ സമീപിക്കുകയായിരുന്നു. അവരെ സംരക്ഷിക്കല്‍ നബി(ﷺ)യുടെ കടമയായിരുന്നു. അവരെ വിവാഹം ചെയ്തു. ഖദീജാബീവിയുടെ മരണാനന്തരം സൈനബ്(റ), റുഖയ്യ(റ), ഉമ്മുകുല്‍സൂം(റ), ഫാത്വിമാ(റ) തുടങ്ങിയ പെണ്മക്കളെ സംരക്ഷിക്കേണ്ട ബാധ്യത മുഴുവനും തിരുമേനിക്കായി. പ്രായമേറിയ സൌദാബീവി(റ) ഈ കുട്ടികളുടെ ചുമതല ഏറ്റുകൊള്ളുമെന്ന വിശ്വാസവും അവരെ വിവാഹം ചെയ്യുമ്പോള്‍ തിരുമേനി(ﷺ)ക്കുണ്ടായിരുന്നു. കുഞ്ഞിനെ പ്രസവിക്കാന്‍ കഴിവില്ലാത്ത അമ്പതുവയസ്സ് കഴിഞ്ഞ സൌദാബീവി(റ) തിരുമേനി(ﷺ)യുടെ ജീവിതപങ്കാളിയായതോടെ കുടുംബപ്രശ്നങ്ങളില്‍ നിന്നു നബി(ﷺ)ക്ക് കുറേയേറെ ആശ്വാസം ലഭിച്ചു. ഹഫ്സ(റ), സൈനബ്(റ), ഉമ്മുസല്‍മ(റ), ജുവൈരിയ്യ(റ), ഉമ്മുഹബീബ(റ), മൈമൂന(റ), സഫിയ്യ(റ) എന്നീ ഭാര്യമാരെല്ലാം വിധവകളായിരുന്നു. ഹസ്രത്ത് മാരിയതുല്‍ ഖിബ്ത്വിയ്യ(റ) ഈജിപ്തിലെ രാജാവ് തിരുമേനി(ﷺ)ക്ക് സമ്മാനമായി നല്കിയ സ്ത്രീയാണ്. അവരേയും തിരുമേനി(ﷺ) വിവാഹം ചെയ്തു. തന്മൂലം മുസ്ലിംകളും ഈജിപ്തുകാരുമായി സൌഹൃദബന്ധമുണ്ടായി.
നബി(ﷺ)യുടെ അറുപതാമത്തെ വയസ്സില്‍ മാരിയ്യത്തുല്‍ ഖിബ്ത്വിയ്യയില്‍(റ) നബി(ﷺ)ക്കു ജനിച്ച അരുമ സന്താനമാണ് ഇബ്റാഹീം. 16 മാസം പ്രായമായപ്പോള്‍ ഈ കുഞ്ഞിന് രോഗം ബാധിച്ചു. രോഗവിവരമറിഞ്ഞു നബി(ﷺ) അബ്ദുര്‍റഹ്മാന്‍ ബ്നു ഔഫിന്റെ(റ) തോളത്ത് പിടിച്ചുകൊണ്ട് വീട്ടിലേക്ക് കയറി വന്നു. മാരിയ്യത്തുല്‍ ഖിബ്ത്വിയ്യയുടെ(റ) മടിയില്‍ ഇബ്റാഹീം ആസന്ന മരണനായി കിടക്കുന്നു. നബി(ﷺ) ഉടനെ കുഞ്ഞിനെ എടുത്തു മടിയില്‍ കിടത്തി. തിരുമേനി(ﷺ)യുടെ കൈകള്‍ വിറക്കുകയും ഹൃദയം ഉച്ചത്തില്‍ സ്പന്ദിക്കുകയും ചെയ്തുകൊണ്ടിരുന്നു. കുഞ്ഞിനെ നോക്കി ഇപ്രകാരം പറഞ്ഞു: ‘അല്ലയോ ഇബ്റാഹീം, ദൈവേച്ഛക്കു വിരുദ്ധമായി ഞങ്ങള്‍ക്കു നിന്നെ സഹായിക്കുവാന്‍ കഴിയുകയില്ല…’ തിരുമേനി(ﷺ) കൂടുതല്‍ ഉരിയാടാനാവാതെ നിരുദ്ധകണ്ഠനായി. കണ്ണുനീര് വാര്‍ത്തു. ആ കൈക്കുഞ്ഞ് അന്ത്യശ്വാസം വലിച്ചു.
ദുഃഖം അല്പമൊന്നു ശമിച്ചപ്പോള്‍ നബി(ﷺ) പറഞ്ഞു: ‘അല്ലയോ ഇബ്റാഹീം, അല്ലാഹുവിന്റെ കല്പനയും സത്യവും അവന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടുന്നവയും അല്ലാതിരുന്നുവെങ്കില്‍, നിനക്കുവേണ്ടി ഇതില്‍ കൂടുതലായി ഞങ്ങള്‍ ദുഃഖപ്രകടനം നടത്തുമായിരുന്നു. നിശ്ചയമായും നാം അല്ലാഹുവിനുള്ളതാണ്; അല്ലാഹുവിങ്കലേക്കു നാം മടങ്ങുകയും ചെയ്യും.’
നബി(ﷺ)യുടെ അഗാധദുഃഖം കണ്ടു വസ്മയിച്ചുപോയവരോട് അവിടുന്ന് ഇപ്രകാരം പറഞ്ഞു: ‘നിങ്ങളുടെ ദുഃഖത്തെ ഞാന്‍ നിരോധിച്ചിട്ടില്ല. ഉച്ചത്തില്‍ നിലവിളിക്കുന്നതിനെയാണ് വിരോധിച്ചിട്ടുള്ളത്. ആര്‍ദ്രതയുടെയും സ്നേഹത്തിന്റെയും ഫലം അനുവദിക്കുന്നതില്‍ നിന്നും നിങ്ങളുടെ ഹൃദയത്തെ തടയുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മറ്റുള്ളവരോട് കാരുണ്യവും സ്നേഹവും കാണിക്കാത്തവരുടെ നേര്‍ക്ക് അല്ലാഹുവും കാരുണ്യവും സ്നേഹവും കാണിക്കുകയില്ല.’
യാദൃശ്ചികമെന്നോണം ഇബ്റാഹീമിന്റെ മരണദിവസം സൂര്യഗ്രഹണമുണ്ടായി. ഇതൊരത്ഭുത സംഭവമാണെന്നും പ്രവാചകപുത്രന്റെ മരണത്തില്‍ ആകാശവും ഭൂമിയും ദുഃഖിക്കുകയാണെന്നും ജനങ്ങള്‍ പറയാന്‍ തുടങ്ങി. ഇതറിഞ്ഞപ്പോള്‍ നബി(ﷺ) അവരോടു പറഞ്ഞു: ‘സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാണ്. ഒരു മനുഷ്യന്റെ ജനനമോ മരണമോ അവയുടെ ഗ്രഹണങ്ങള്‍ക്കു കാരണമാകുന്നില്ല.’ ഇത്തരം ഗ്രഹണങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രാര്‍ഥനകള്‍ മൂലം അല്ലാഹുവിനെ സ്മരിക്കുക. അപ്രകാരം നബി(ﷺ) ഗ്രഹണ നമസ്കാരത്തിനു നേതൃത്വം നല്‍കുകയും ചെയ്തു.
തിരുനബി(ﷺ)യുടെ മക്കാ പ്രബോധനകാലമായ പതിമൂന്ന് വര്‍ഷം ഏകദൈവ വിശ്വാസം പ്രചരിപ്പിക്കാനും ഊട്ടിയുറപ്പിക്കാനുമാണ് ശ്രമിച്ചത്. മദീനാ ജീവിതം നിയമ നിര്‍മാണങ്ങളുടെ കാലഘട്ടമായിരുന്നു. ഇസ്ലാമിലെ ആരാധനാകര്‍മങ്ങള്‍, അവയുടെ നിയമവ്യവസ്ഥിതികള്‍, വിധിവിലക്കുകള്‍, പ്രതിരോധ നടപടികള്‍ തുടങ്ങി സകല നിയമങ്ങളും രൂപം കൊണ്ടത് പത്തു വര്‍ഷത്തെ മദീനാ ജീവിതത്തിനിടയിലായിരുന്നു.
ലോകപ്രശസ്തമായ മദീനാപള്ളി നിര്‍മാണമായിരുന്നു ആദ്യ നടപടി. തിരുനബി(ﷺ)യുടെ വാഹനം മുട്ടുകുത്തിയ സ്ഥലം മദീനയുടെ മധ്യത്തിലായിരുന്നു. റബീഉല്‍അവ്വല്‍ മാസത്തില്‍ തന്നെ പള്ളി നിര്‍മാണം തുടങ്ങി. രണ്ടു അനാഥ ബാലന്മാരുടേതായിരുന്ന പ്രസ്തുത സ്ഥലം പത്ത് ദീനാര്‍ വിലകൊടുത്തു രക്ഷിതാക്കളില്‍ നിന്നു വാങ്ങുകയും ഒന്നാമത്തെശില നബി(ﷺ)യുടെ തൃക്കരംകൊണ്ട് സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്(റ) തുടങ്ങിയവരും ഓരോ ശില സ്ഥാപിച്ചു. ഈത്തപ്പന മടലുകളും തടികളും ഉപയോഗിച്ച് പടുത്തുണ്ടാക്കിയ പ്രസ്തുത പള്ളി എഴുപത് മുഴം നീളവും അറുപത് മുഴം വീതിയുമാണുണ്ടായിരുന്നത്. ഇസ്ലാമിക സംസ്കാരിക കേന്ദ്രമായ ഈ പള്ളിയില്‍ നിന്നാണ് പ്രബോധക സാര്‍ഥക സംഘങ്ങള്‍ പുറപ്പെട്ടിരുന്നത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് നിവേദക സംഘങ്ങള്‍ തിരുനബിയെ തേടിയെത്തിയിരുന്നതും ഈ പള്ളിയിലേക്കായിരുന്നു.
പള്ളിപ്പണി പൂര്‍ത്തിയായതോടെ കിഴക്കുഭാഗത്തായി ഇടുങ്ങിയ രണ്ടു മുറികള്‍ നിര്‍മിക്കപ്പെട്ടു. നബി(ﷺ) പത്നിമാരായ സൗദ(റ), ആയിശ(റ) എന്നിവര്‍ക്കുള്ള വീടുകളായിരുന്നു അത്. അവസരോചിതം മറ്റു ഭാര്യമാര്‍ക്ക് കൂടി കൊച്ചുകൊച്ചു മുറികള്‍ പള്ളിയുടെ തെക്കു വടക്കു ഭാഗങ്ങളില്‍ നിര്‍മിക്കപ്പെട്ടു. ഹുജ്റകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇവയില്‍ ആയിശ ബീവി(റ)യുടെ മുറി മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്. അവിടെയാണ് തിരുനബി(ﷺ) തങ്ങളുടെ ഭൗതികശരീരം അടക്കം ചെയ്തിട്ടുള്ളത്. മൂന്ന് പള്ളികളല്ലാത്ത ലോകത്തെ എല്ലാ പള്ളികളും പുണ്യത്തില്‍ സമമാകുന്നു. മസ്ജിദുല്‍ ഹറാം എന്ന മക്കയിലെ പള്ളി, മസ്ജിദുന്നബവി എന്ന മദീനത്തെ പള്ളി, ഫലസ്തീനിലെ അല്‍ അഖ്സ പള്ളി എന്നിവ പ്രതിഫലത്തില്‍ ഏറ്റ വ്യത്യാസമുള്ള മൂന്ന് പള്ളികളാകുന്നു. ഇവയില്‍ രണ്ടാം സ്ഥാനത്താണ് തിരുനബി(ﷺ)യുടെ പള്ളി. പില്ക്കാലത്ത് സ്വഹാബിമാരുടെയും താബിഉകളുടെയും മറ്റു ഖലീഫമാരുടെയും കാലങ്ങളില്‍ പല തവണ പള്ളി പുതുക്കി പണിയുകയും വിശാലമാക്കുകയും ചെയ്തിട്ടുണ്ട്. അവസാനമായി ഹിജ്റ 1414ല്‍ ഫഹദ് രാജാവിന്റെ കീഴിലാണ് വിപുലീകരണം നടന്നിട്ടുള്ളത്. 56,576 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം വരുന്ന ബൃഹത്തായ ഈ വിപുലീകരണത്തില്‍ രണ്ടു ലക്ഷത്തി അറുപത്തിയെട്ടായിരം പേര്‍ക്ക് ഒരേ സമയത്ത് നിസ്കരിക്കാന്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പള്ളിയുടെ പരിസരത്ത് 2,35,000 ചതുരശ്ര മീറ്റര്‍ വരുന്ന മുറ്റം സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. ചൂടില്‍ നിന്ന് രക്ഷ നേടുന്നതിന് വൈദ്യുതി കുടകളാല്‍ അലങ്കരിക്കപ്പെട്ട ഇവിടെ 4,30,000 പേര്‍ക്ക് നിസ്കാര സൗകര്യമുണ്ട്. ഇതോടെ മൊത്തം 6,98,000 പേര്‍ക്ക് പള്ളിയിലും മുറ്റത്തുമായി നിസ്കരിക്കാന്‍ സൗകര്യമുണ്ട്.
പൂര്‍വകാല പ്രവാചകന്മാര് ചെയ്തുവന്നിരുന്ന നിസ്കാരം വിശ്വാസികള്‍ നിര്‍വഹിച്ചിരുന്നുവെങ്കിലും സംഘംചേര്‍ന്ന് സ്വവസതികളില്‍ വെച്ചോ പൊതു സ്ഥലങ്ങളില്‍ വെച്ചോ നിര്‍വഹിക്കാവുന്ന സ്വാതന്ത്ര്യം മക്കാ ജീവിതത്തിനിടയില്‍ ലഭിച്ചിരുന്നില്ല. പരസ്യമായി വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നില്ല. പാതിരാത്രിയില്‍ അബൂബക്കര്‍(റ) വീട്ടുമുറ്റത്ത് ഉറക്കെ ഖുര്‍ആന്‍ ഓതി നിസ്കരിക്കാറുണ്ടായിരുന്നു. അതു കേള്‍ക്കാനിടവന്ന പരിസര വാസികള്‍ ഖുര്‍ആന്റെ മാധുര്യം രുചിക്കുന്നതിന് വേണ്ടി തടിച്ചു കൂടിയിരുന്നു. ക്ഷുഭിതരായ ഖുറൈശികള്‍ അബൂബക്കര്‍(റ)നെ നാടുകടത്താന്‍ ശ്രമിച്ച സംഭവം സുവിചിതമാണ്. ഇബ്നുദുഗുന്ന എന്ന നാട്ടുകാരണവര്‍ ഇടപ്പെട്ടാണ് കുറുമ്പന്മാരായ ഖുറൈശികളെ അതില്‍ നിന്ന് പിന്തിരിപ്പിച്ചത്. മദീനയിലെത്തിയപ്പോള്‍ എല്ലാവര്ക്കും സ്വാതന്ത്ര്യമായി. സമാധാനപൂര്‍ണമായി ആരാധനകള്‍ നിര്‍വ്വഹിക്കാനുള്ള സാഹചര്യമുണ്ടായി. അതിനാല്‍ അഞ്ചു നേരത്തെ നിസ്കാര സമയങ്ങളില്‍ വിശ്വാസികളായ പുരുഷന്മാരെ തിരുനബി(ﷺ) പള്ളികളില്‍ സംഘടിപ്പിച്ചു. വര്‍ണ-വര്‍ഗ – ദേശ – ഭാഷാവ്യത്യാസമില്ലാതെ സകലരും തോളോടുതോള്‍ ചേര്‍ന്ന് ഒരു നേതാവിനു പിന്നില്‍ അണിനിരന്ന് ചെയ്യുന്ന കര്‍മമാണ് സംഘടിത നിസ്കാരം. അപ്രകാരം ആഴ്ചയിലൊരിക്കല്‍ മധ്യാഹ്ന സമയത്ത് പ്രായപൂര്‍ത്തിയെത്തിയ ആരോഗ്യമുള്ള രോഗികളല്ലാത്ത സകല പുരുഷന്മാരെയും പള്ളിയില്‍ നിര്‍ബന്ധമായും സംഘടിപ്പിച്ചു. ഇതാണ് വെള്ളിയാഴ്ചയിലെ ജുമുഅ നിസ്കാരം. നേതാവ് പ്രസംഗപീഠത്തിലേറി പ്രഭാഷണം നടത്തുന്നു. സദസ്യര്‍ കാത് കൂര്‍പ്പിച്ചു കേള്‍ക്കുക തന്നെ ചെയ്യണം. കച്ചവടവും മറ്റു തൊഴിലുകളും നിര്‍ത്തിവെച്ച് ഈ സംഗമത്തില്‍ അവര്‍ പങ്കെടുക്കണം. ഇത് കൂടാതെ വര്‍ഷത്തില്‍ രണ്ടു ആഘോഷവേളകളിലായി ആബാലവൃദ്ധം ജനങ്ങള്‍ സംഗമിക്കുന്ന പെരുന്നാള്‍ നിസ്കാരവും കല്‍പ്പിക്കപ്പെട്ടു. ചെറിയ പെരുന്നാള്‍, ബലിപെരുന്നാള്‍ എന്നീ രണ്ടു ആഘോഷ ദിനങ്ങളിലെ പ്രഭാതങ്ങളിലാണ് ഈ സംഗമം. പള്ളികളിലോ പള്ളികള്‍ സൗകര്യമില്ലെങ്കില്‍ മൈതാനികളിലോ ഈ നിസ്കാരം നിര്‍വഹിക്കപ്പെടുന്നു. ഇങ്ങനെ ഐച്ഛികമായി ദിനേനെ അഞ്ചു നേരവും നിര്‍ബന്ധമായി ആഴ്ചയിലൊരിക്കലും സകല മുസ്ലിംകളെയും വര്‍ഷത്തില്‍ രണ്ടു തവണയും ഒരേ വേദിയില്‍ തോളുരുമ്മിനിന്നു ദൈവത്തിനു മുമ്പില്‍ ഒരുമിച്ചു കൂട്ടി. ഇവയില്‍ ആദ്യ രണ്ടെണ്ണം ഹിജ്റ ഒന്നിലും അവസാനത്തേത് രണ്ടാം വര്‍ഷത്തിലുമാണ്. നിസ്കാര സമയങ്ങളില്‍ സമയമറിയിക്കുന്നതിന് ബാങ്ക് കൊടുക്കാന്‍ നിര്‍ദേശിക്കപ്പെട്ടതും ഒന്നാം വര്‍ഷത്തില്‍ തന്നെ. ‘അല്ലാഹു ഏറ്റവും മഹാന്’ എന്ന വചനം കൊണ്ട് തുടങ്ങുകയും മുഹമ്മദ്(ﷺ) അവന്റെ തിരുദൂതനാണെന്ന് വിളിച്ചു പറയുകയും ചെയ്യുന്ന വാങ്ക് വിളി അന്നു മുതല്‍ ഇന്നോളം ലോകത്തിന്റെ സകല മുക്കു മൂലകളിലെയും പള്ളി മിനാരങ്ങളില്‍ നിന്നും വാങ്കിന്റെ വചനങ്ങള്‍ ഏറ്റു വിളിക്കുന്നു. നമസ്കാരത്തിലേക്കുള്ള ക്ഷണം എന്നതിലുപരി തിരുനബി(ﷺ)യുടെ പ്രവാചകത്വത്തിന്റെ സത്യ സാക്ഷ്യം അത്യുച്ചത്തില്‍ വിളിച്ചു പറയുകയാണ് വാങ്ക് വിളിയിലൂടെ.
മനുഷ്യരുടെ വിചാര വികാരങ്ങളെ വിവേക പൂര്‍വം കൈകാര്യം ചെയ്യേണ്ടതുണ്ട്. വികാരം മാത്രമുള്ള മൃഗങ്ങളെ പോലെ അവന് അധ:പതിക്കരുത്. അതിനു വികാര പരമായ ഭക്ഷണ – പാനിയ – ഭോഗാസക്തികളെ നിയന്ത്രിക്കേണ്ടതുണ്ട്. അവ ഓരോരുത്തരും അല്പാല്പമായി നിയന്ത്രിച്ചാല്‍ മതിയാവുകയില്ല. നിയന്ത്രണം സ്വായത്തമാക്കുന്നതിന് ഒരു പരിശീലനം തന്നെ അനിവാര്യമാണ്. ആ പരിശീലനത്തിനു ഏറ്റവും പരിശുദ്ധിയുള്ള റമളാന്‍ മാസം ഉടയ തമ്പുരാന് തെരെഞ്ഞെടുത്തു. ആ മാസം മുഴുവന്‍ പ്രഭാതം മുതല്‍ പ്രദോശം വരെ അന്ന പാനീയ – ഭോഗാസ്തികളെ ഉപേക്ഷിച്ചു വ്രതം എടുക്കുവാന്‍ കല്‍പ്പിക്കപ്പെട്ടു. ഹിജ്റയുടെ രണ്ടാം വര്‍ഷത്തിലായിരുന്നു ഈ കല്പന നിയമമായത്. വ്രതം നിര്ബന്ധമാക്കപ്പെട്ടതോട് കൂടെ തന്നെ ചെറിയ പെരുന്നാളിനു നല്കുന്ന ഫിത്വ്റ് സകാത്തും ഇതര സമ്പത്തുകളുടെ സകാത്തും നിര്‍ബന്ധമാക്കപ്പെട്ടു. ഹിജ്റ ആറാം വര്‍ഷം ഹജ്ജ് നിര്ബന്ധമാക്കപ്പെട്ടതോട് കൂടി ഇസ്ലാമിലെ കര്‍മ കാണ്ഡങ്ങളില്‍ പ്രധാനപ്പെട്ടവ പൂര്‍ത്തിയായി.
അന്യ സ്ത്രീ പുരുഷന്മാര് തമ്മിലുള്ള ദര്‍ശന സ്പര്‍ശന – പര്‍ദാ നിയമങ്ങള്‍ വഖ്ഫ്, വസിയ്യത്ത്, ദാനധര്‍മം, വ്യാപാരം, വ്യവഹാരം, ഋതു ബാധ്യതകള്‍, കൃഷി നിയമങ്ങള്‍ തുടങ്ങിയവ ഒരു മനുഷ്യന്റെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട സകല പ്രശ്നങ്ങളിലും നിയമ നിര്‍മാണം അവസരോചിതമായി മദീനാ ജീവിതത്തിലെ പത്ത് വര്‍ഷങ്ങള്‍ കൊണ്ട് നടന്നു. മാത്രമല്ല ജീവിതഹാരിയായി നൂറ്റാണ്ടുകളുടെ പാരമ്പര്യത്തോടെ കൊണ്ട് നടന്നിരുന്ന മദ്യപാനം, പലിശ, ചൂതാട്ടം തുടങ്ങിയ ദുര്‍വൃത്തികള്‍ സദാചാരമല്ലെന്ന് പ്രഖ്യാപിക്കുകയും അവയുടെ അടിറ്റുകളായ ഒരു സമൂഹത്തെ അവയില്‍ നിന്ന് പിന്തിരിപ്പിക്കുകയും അവയുടെ ശത്രുക്കളാക്കി മാറ്റുകയും ചെയ്യാന്‍ തിരുനബി(ﷺ)ക്ക് സാധിച്ചു. ജീവിതത്തിലുടനീളം മദ്യപാനികളായി കഴിയുകയും മരണ ശേഷം മദ്യം വാറ്റിയുണ്ടാക്കുന്ന വിഭവങ്ങളുടെയും ചെടികളെയും താഴെ തന്നെ കുഴിച്ചിടണമെന്ന് പറഞ്ഞുവെക്കുകയും ചെയ്തിരുന്ന അറേബ്യന്‍ സമൂഹത്തെ മദ്യം കഴിക്കുക മാത്രമല്ല, മദ്യം സ്പര്‍ശിച്ചാല്‍ കഴുകി വൃത്തിയാക്കുന്ന മനോഭാവത്തിലെത്തിക്കുവാനും തിരുനബിക്ക് കഴിഞ്ഞു.
നബി(ﷺ) ആരെയും തെറ്റിദ്ധരിക്കുകയോ തെററിദ്ധരിപ്പിക്കുകയോ ചെയ്യാറില്ല. ആര്‍ക്കെങ്കിലും വല്ലസംശയവും ഉണ്ടായാല്‍ ഉടനെ ശരിയായ വിശദീകരണം നല്കി സംശയം നീക്കുമായിരുന്നു. കൂടുതല്‍ സമരാര്‍ജിത സമ്പത്തു മുസ്ലിംകള്ക്ക് ലഭിച്ച യുദ്ധമായിരുന്നു ഹിജ്റഃ എട്ടാം വര്‍ഷം ശവ്വാല്‍ മാസത്തില്‍ നടന്ന ഹുനൈന്‍ യുദ്ധം. സമരാര്‍ജജിത സമ്പത്ത് വിതരണം ചെയ്തപ്പോള്‍ നവമുസ്ലിംകളായ ഖുറൈശികള്‍ക്കും മററു ചില അറബികള്‍ക്കും തിരുമേനി(ﷺ) വളരെ ഉദാരമായി കൊടുത്തതില്‍ മദീനക്കാരായ ചിലര്‍ക്ക് ചെറിയ അനിഷ്ടം തോന്നി. ഉടനെ നബി(ﷺ) മദീനക്കാരായ അന്‍സ്വാറുകളെ ഒരിടത്ത് ഒരുമിച്ചു കൂട്ടി വിശദീകരണ പ്രഭാഷണം നടത്തി. നവമുസ്ലിംകളെ മാനസികമായി ഇണക്കുന്നതിനുവേണ്ടി മാത്രമാണ് അവര്‍ക്ക് നിര്‍ലോഭമായി നല്‍കിയതെന്നും സ്വജനപക്ഷപാതത്തിന്റെ യാതൊരു ലാഞ്ചനയും അതിലില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ആ പ്രസംഗം. ഹ്രസ്വമെങ്കിലും ഹൃദയാഹാരിയായിരുന്നു ആ പ്രസംഗം. അന്‍സ്വാറുകളെ അതു കരയിപ്പിക്കുകയുണ്ടായി (ദലാഇലുന്നുബുവ്വ-ബൈഹഖി 5/177).
വിശന്നുവലഞ്ഞ ഘട്ടത്തില്‍പ്പോലും കൂട്ടുകാരെ ഒഴിവാക്കി സദ്യ ഉണ്ണുന്ന പതിവ് പ്രവാചകർ(ﷺ)ക്കുണ്ടായിരുന്നില്ല. ഹിജ്റഃ അഞ്ചാം വര്‍ഷം ഖന്ദഖ് യുദ്ധത്തിന്റെ മുന്നോടിയായി മദീനയുടെ വടക്കുഭാഗത്ത് കിടങ്ങ് കുഴിക്കുന്ന ജോലിയില്‍ നബി(ﷺ)യും അനുയായികളും വ്യാപൃതരായപ്പോള്‍ തിരുമേനി(ﷺ)യുടെ ഒട്ടിയവയര്‍ കണ്ടു സങ്കടപ്പെട്ട ജാബിര്‍ (റ) വീട്ടില്‍ ചെന്നു വല്ലതുമുണ്ടോ എന്നന്വേഷിച്ചു. ഒരു സാഅ് യവവും ഒരാട്ടിന്‍കുട്ടിയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ജാബിര്‍(റ) ആടിനെ അറുത്തു. ഭാര്യ യവം പൊടിച്ചു. എന്നിട്ട് തിരുമേനി(ﷺ)യുടെ അടുത്തു വന്ന് ജാബിര്‍(റ) സ്വകാര്യമായി പറഞ്ഞു: ‘പ്രവാചകരേ, ഞങ്ങള്‍ ഒരാട്ടിന്‍കുട്ടിയെ അറുക്കുകയും ഒരു സ്വാഅ് യവം പൊടിച്ചുവെക്കുകയും ചെയ്തിട്ടുണ്ട്. അതേ ഞങ്ങളുടെയടുത്തുള്ളൂ. അത് കൊണ്ട് അങ്ങയും ഒപ്പം ഏതാനും വ്യക്തികളും മാത്രം വരിക’. തിരുമേനി ജാബിറിന്റെ ക്ഷണം സ്വീകരിച്ചു. പക്ഷേ പട്ടിണി കിടന്നദ്ധ്വാനിക്കുന്ന ആയിരത്തോളം വരുന്ന അനുയായികളെ അവിടെ നിര്‍ത്തി സദ്യയുണ്ണുന്നത് തിരുമേനി(ﷺ)ക്കിഷ്ടമായിരുന്നില്ല. അവിടുന്ന് ഉറക്കെ വിളിച്ചു പറഞ്ഞു: ”ഓ കിടങ്ങ് ജോലിക്കാരേ, ജാബിര്‍ സദ്യ തയ്യാര്‍ ചെയ്തിട്ടുണ്ട്്. നിങ്ങള്‍ക്കെല്ലാം സ്വാഗതം.” പ്രവാചകരുടെ ഉദേശ്യം എല്ലാവരുടെയും വിശപ്പു തീര്‍ക്കുകയായിരുന്നു. അത് അല്ലാഹു നിറവേറ്റി. തിരുമേനി(ﷺ) ജനങ്ങള്‍ക്ക് മുമ്പേ വന്നു. എന്നിട്ടു ഗോതമ്പ് മാവിലും മാംസച്ചട്ടിയിലും വിശുദ്ധ ഉമിനീര് ചേര്‍ത്തുകൊണ്ട് ബറകത്തിനായി പ്രാര്‍ഥിച്ചു. തിളച്ചുകൊണ്ടിരിക്കുന്ന ചട്ടിയില്‍ നിന്നു മാംസക്കറി വിളമ്പിക്കൊണ്ടേയിരുന്നു. ഗോതമ്പ് മാവ് കൊണ്ട് റൊട്ടി ചുട്ടുകൊണ്ടേയിരുന്നു. ആയിരത്തോളം പേര് കഴിച്ചിട്ടും അവ രണ്ടിനും യാതൊരു കുറവും സംഭവിച്ചില്ല! (ബുഖാരി 4102, മുസ്ലിം 141).
അനീതിക്കെതിരെയുള്ള സമരം പ്രവാചകര്‍ക്കു(ﷺ) നേരത്തെ തന്നെ പ്രിയങ്കരമായിരുന്നു. ജാഹിലിയ്യാ കാലത്തു നീതിക്കു വേണ്ടി നടന്ന ഫുജാര്‍ യുദ്ധത്തിലും ഫുളൂല്‍ സഖ്യത്തിലും തിരുമേനി പങ്കെടുത്തിരുന്നു. നുബുവ്വത്തിനു ശേഷമുള്ള ജീവിതം അസത്യത്തിനും അനീതിക്കും അനാചാരത്തിനും അജ്ഞതക്കുമെതിരെയുളള സമരമായിരുന്നു. ആദര്‍ശപരമായ ശാന്തസമരം. ശാന്തിയും സമാധാനവും ഇഷ്ടപ്പെടാതെ വാളെടുത്തവര്‍ക്കെതിരെ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പ്രതിരോധത്തിനായി പ്രവാചകരും(ﷺ) വാളെടുത്തിട്ടുണ്ട്. തിരുമേനി(ﷺ) കേന്ദ്രത്തിലിരുന്നു അനുയായികളെ യുദ്ധത്തിനു വിടുകയായിരുന്നില്ല. പ്രത്യുത, അവര്‍ക്ക് നേതൃത്വം നല്കി യുദ്ധം നയിക്കുകയായിരുന്നു. അനുയായികള്‍ തോറ്റോടാന്‍ നിര്‍ബന്ധിതരായ അപൂര്‍വ സന്ദര്‍ഭങ്ങളിലും പ്രവാചകര്‍(ﷺ) സമരരംഗത്ത് ഉറച്ചുനിന്ന് ആയോധനം നടത്തിയത് ചരിത്ര പ്രസിദ്ധമാണ്. തക്കതായ പ്രതിബന്ധങ്ങള്‍ ഉള്ളപ്പോള്‍ മാത്രമാണ് നബി(ﷺ) പോകാതെ സൈന്യത്തെ നിയോഗിച്ചിട്ടുള്ളത്. ആ യുദ്ധയാത്രകള്ക്കു തന്നെ പലപ്പോഴും മദീനയുടെ അതിര്‍ത്തിവരെ പോയി യാത്രയയപ്പ് നല്കിയതു കാണാം.
വീട്ടുകാര്‍ക്കും നല്ലൊരു കൂട്ടുകാരനായിരുന്നു തിരുമേനി(ﷺ). വീട്ടു ജോലികളില്‍ ഒരു സാധാരണ അംഗത്തെപ്പോലെ സഹകരിക്കുകയും സഹായിക്കുകയും ചെയ്യുമായിരുന്നു. പ്രവാചകരുടെ(ﷺ) പ്രിയപത്നി ആഇശ(റ)യോടു ചോദിക്കപ്പെട്ടു: ‘വീട്ടില്‍ അല്ലാഹുവിന്റെ പ്രവാചകന്(ﷺ) എന്തായിരുന്നു ചെയ്തിരുന്നത്?’ അവര്‍ പറഞ്ഞു: ‘വീട്ടിലെത്തിയാല്‍ തിരുമേനി(ﷺ) മനുഷ്യരില്‍ ഒരു മനുഷ്യരായിരുന്നു. വസ്ത്രം വൃത്തിയാക്കും, ആടിനെ കറക്കും, സ്വന്തം കാര്യങ്ങളൊക്കെ ചെയ്യും’ (അഹ്മദ് 6/256) മറെറാരിക്കല്‍ ആഇശാ ബീവി(റ) പറഞ്ഞു: ‘നിങ്ങളിലൊരാള്‍ സ്വന്തം വീട്ടില്‍ ജോലി ചെയ്യുന്നത് പോലെ നബി(ﷺ) വീട്ടില്‍ ജോലി കള്‍ ചെയ്യുമായിരുന്നു.’ (അഹ്മദ് 6/121).
അനുയായികള്‍ക്കിടയില്‍ അവിടുന്ന് ഒരു വിവേചനവും കാണിച്ചിരു ന്നില്ല. തെറ്റ് എത്ര ഗുരുതരമായിരുന്നാലും പരമാവധി വിട്ടുവീഴ്ച ചെയ്തു സഹിഷ്ണുതയോടെ അവരുടെ സഹകരണം നിലനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു തിരുമേനി(ﷺ) ചെയ്തിരുന്നത്. അകറ്റാനല്ല അടുപ്പിക്കാനായിരുന്നു അവിടുത്തെ ശ്രമം. ഹുനൈന്‍ യുദ്ധം കഴിഞ്ഞുതിരിച്ചു വരുമ്പോള്‍ മക്കയുടെ സമീപം ജിഅ്റാനത്ത് എന്ന സ്ഥലത്ത് ഒരാള്‍ തിരുമേനിയെ സമീപിച്ചു. ബിലാലി(റ)ന്റെ വശം കൊടുത്തേല്‍പ്പിച്ച വെള്ളിയെടുത്ത് തിരുമേനി(ﷺ) ജനങ്ങള്‍ക്ക് വിതരണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു: ‘ഓ മുഹമ്മദ് നീതി പുലര്‍ത്തുക!’ അപ്പോള്‍ നബി(ﷺ) പറഞ്ഞു: ‘കഷ്ടം, ഞാന്‍ നീതി പുലര്‍ത്തിയില്ലെങ്കില്‍ ആരാണ് നീതി പുലര്‍ത്തുക? ഞാന്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ നീ നൈരാശ്യം പിണഞ്ഞവനും നഷ്ടബാധിതനും തന്നെ’. ഉമര്‍(റ) അയാളെ വധിക്കാന്‍ അനുവാദം ചോദിച്ചു: ‘പ്രവാചകരെ എന്നെ വിടൂ, ഈ കപടനെ ഞാന്‍ വധിക്കട്ടെ’. ഉമര്‍(റ) ന്റെ വൈകാരികമായ ഈ നിലപാടിനോട് വിവേകപൂര്‍വ്വം പ്രവാചകര്‍ പ്രതികരിച്ചു: ‘എന്റെ കൂട്ടുകാരെ ഞാന്‍ തന്നെ വധിക്കുന്നു എന്ന് ജനങ്ങള്‍ സംസാരിക്കാന്‍ ഇടവരുന്നതില്‍ നിന്ന് അല്ലാഹുവില്‍ അഭയം’ (മുസ്ലിം 1063).
യസ്രിബ് എന്ന പേരിലായിരുന്നു മദീനാ പട്ടണം അറിയപ്പെട്ടിരുന്നത്. നൂറോളം പേരുകളുണ്ടെങ്കിലും പ്രവാചക(ﷺ) പട്ടണം എന്ന് അര്‍ഥം വരുന്ന ‘മദീനത്തുറസൂല്‍’ എന്ന പേരാണ് പ്രസിദ്ധം. തിരുനബി(ﷺ)യുടെ വാസത്തിനു അല്ലാഹു തിരഞ്ഞെടുത്ത പട്ടണം. അന്ത്യ പ്രവാചകരുടെ(ﷺ) പലായന സ്ഥലമായി മറ്റു പ്രവാചകന്മാര് പരിചയപ്പെടുത്തിയ പട്ടണം. ഇസ്ലാമിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും പ്രതാപത്തിനും വളമേകിയ പട്ടണം. കൂടാതെ, ലോകത്തെ ഒന്നാമത്തെ ഇസ്ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനം. അവിടെയാണ് ഒന്നാമത്തെ ഇസ്ലാമിക ഭരണകൂടം നിലവില്‍ വന്നത്. ശരീഅത്ത് നിയമങ്ങള്‍ സമ്പൂര്‍ണമായി പ്രയോഗവല്ക്കരിക്കപ്പെട്ടതും അവിടെ തന്നെ. ഇസ്ലാമിന്റെ സത്യ സന്ദേശവുമായി ലോകത്തിന്റെ നാനാ ദിക്കുകളിലേക്കും പ്രബോധക സംഘം ഇറങ്ങിപ്പുറപ്പെട്ടതും മദീനയില്‍ നിന്നായിരുന്നു.
തിരുനബി(ﷺ) അന്ത്യവിശ്രമം കൊള്ളുന്നു എന്നതാണ് മദീനാ പട്ടണത്തിന്റെ ഇപ്പോഴുള്ള ഏറ്റവും വലിയ സവിശേഷത. അവിടുത്തെ പുണ്യശരീരം നിലകൊള്ളുന്ന സ്ഥലം ഭൂമിയില്‍ ഏറ്റവും ശ്രേഷ്ടമായ സ്ഥലമാണെന്ന് അവിതര്‍ക്കിതവും പണ്ഡിതലോകത്തിന്റെ ഏകഖണ്ഡ തീരുമാനവുമാണ്. മദീനാശരീഫില്‍ ദീര്‍ഘകാലം ജീവിക്കുകയും നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത അല്ലാമാ സുംഹൂദി ‘വഫാഉല്‍ വഫാഅ്’ എന്ന ഗ്രന്ഥം 1: 28 ല്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും അനേകലക്ഷം മുസ്ലിംകള് മദീനയിലേക്കൊഴുകുന്നത് തിരുനബിയെ സന്ദര്‍ശിക്കുകയെന്ന ഉദ്ദേശ്യം ലക്ഷ്യത്തോടെയാണ്.
സഹപ്രവര്‍ത്തകരോടും കൂട്ടുകാരോടുമുള്ള പ്രവാചകരുടെ(ﷺ) പെരുമാറ്റം ഏറ്റവും മാതൃകാപരമായിരുന്നു. സദാപുഞ്ചിരിതൂകി സൗമ്യ ഭാവത്തോടെയായിരുന്നു അവരോടുള്ള സമീപനം. ദുസ്വഭാവം, ബഹളം വെക്കല്‍, അശ്ലീലം പറയല്‍, ആക്ഷേപം ചൊരിയല്‍, അമിത ഫലിതം എന്നിവയൊന്നും പ്രവാചകരുടെ(ﷺ) പെരുമാററത്തില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. ഒരാളുടെയും രഹസ്യം അന്വേഷിക്കുകയില്ല. ജനങ്ങളുടെ ചിരിയിലും അത്ഭുത പ്രകടനത്തിലും പങ്കുകൊള്ളുമായിരുന്നു. അപരിചിതരുടെ സംസാരത്തിലോ ചോദ്യത്തിലോ ഉണ്ടാകാവുന്ന സംസ്കാര ശൂന്യതയില്‍ ക്ഷമ പാലിക്കുമായിരുന്നു. ഒരാളുടെ സംസാരം ഇടക്കു മുറിച്ചു കളയുകയില്ല. അതിരു വിട്ടാല്‍ നിരോധിക്കും, അല്ലെങ്കില്‍ എഴുന്നേററ് പോകും (ദലാഇലുല്‍ ബൈഹഖി 1/238-291). ഇരിപ്പിടങ്ങള്‍ സ്ഥിരമാക്കുകയില്ല, അങ്ങനെ ചെയ്യുന്നത് നിരോധിക്കുമായിരുന്നു. ഒരു സദസ്സിലെത്തിയാല്‍ തള്ളിക്കയറുകയോ ചാടിക്കടക്കുകയോ ചെയ്യാതെ സദസ്സ് അവസാനിക്കുന്നേടത്ത് ഇരിക്കും. അങ്ങനെ ഇരിക്കണമെന്ന് അവിടുന്ന് കല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. സദസ്യരില്‍ ഓരോരുത്തര്‍ക്കും അര്‍ഹമായ വിഹിതം കൊടുക്കും. തിരുമേനി(ﷺ)യുടെ അടുത്ത് തന്നെക്കാള്‍ മററാരെങ്കിലും ആദരണീയനാണെന്ന് ഒരു സദസ്യനും തോന്നുകയില്ല. അവ്വിധമുള്ള സമീപനമായിരുന്നു തിരുമേനി(ﷺ)യുടേത്. വല്ല ആവശ്യത്തിനും തിരുമേനി(ﷺ)യുടെ കൂടെ ആരെങ്കിലും ഇരിക്കുകയോ നില്‍ക്കുകയോ ചെയ്താല്‍ അവന് സ്വയം പിരിഞ്ഞ് പോകുന്നതു വരെ തിരുമേനി(ﷺ) ക്ഷമപാലിക്കും. അവനു മുമ്പ് അവിടുന്ന് സ്ഥലംവിടുകയില്ല. ആരെങ്കിലും വല്ലതും ആവശ്യപ്പെട്ടാല്‍ അതുനല്കി തിരിച്ചയക്കും. സാധിക്കാതെ വന്നാല്‍ സൗമ്യമായ വാക്കുപറഞ്ഞു സമാശ്വസിപ്പിച്ചു വിടും.
സകലരോടും സല്‍സ്വഭാവത്തോടെ, മന്ദസ്മിതിത്തോടെ പെരുമാറുമായിരുന്നു. എല്ലാവര്ക്കും അവിടുന്ന് പിതാവായിരുന്നു. അവകാശം നേടുന്നതില്‍ നബി(ﷺ)യുടെ അടുത്ത് സകലരും തുല്യരായിരുന്നു. തന്റെ കൂട്ടുകാരെക്കുറിച്ച് അന്വേഷണം നടത്തുമായിരുന്നു. ജനങ്ങളുടെ സ്ഥിതിഗതികള്‍ ചോദിച്ചറിയുകയും നല്ലതിനു പ്രചോദനം നല്‍കുകയും ചീത്ത നിരുല്സാഹപ്പെടുത്തുകയും ചെയ്യും. ജനങ്ങളില്‍ ഉത്തമരായിരുന്നു നബി(ﷺ)യുമായി അടുത്തവര്‍. ഏററം വലിയ ഗുണകാംക്ഷാമനസ്ഥിതി ഉള്ളവരായിരുന്നു തിരുമേനി(ﷺ)യുടെ അടുത്ത് ഏററവും ശ്രേഷ്ഠര്‍. ജനങ്ങളെ ഏററവും നന്നായി സഹായിക്കുന്നവര്‍ക്കായിരുന്നു തിരുമേനി(ﷺ)യുടെ സമീപത്ത് വലിയ സ്ഥാനം. ആവശ്യക്കാരുടെ ആവശ്യം നിറവേററിക്കൊടുക്കുകയും സ്വന്തം ആവശ്യം തന്നെ അറിയിക്കാന്‍ സാധിക്കാത്തവരുടെ വിവരം, അറിയുന്നവര്‍ തനിക്കെത്തിച്ച് തരണമെന്നു കല്‍പ്പിക്കുകയും ചെയ്തിരുന്നു. ഭൗതിക കാര്യത്തിനുവേണ്ടി ഒരിക്കലും കോപിക്കുകയില്ല. സ്വന്തത്തിനുവേണ്ടി ഒരിക്കലും ദേഷ്യം പിടിക്കുകയോ പകരം വീട്ടുകയോ ചെയ്തിരുന്നില്ല. (ദലാഇലുല്‍ ബൈഹഖി 1/288, 291 നോക്കുക)
കൂട്ടുകാരുടെ സല്‍പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും പ്രശംസിക്കുകയും അനുമോദിക്കുകയും ചെയ്യുക നബി(ﷺ)യുടെ പതിവായിരുന്നു. ഹിജ്റഃ ഒമ്പതാം വര്‍ഷം മുസ്ലിംകളെ അക്രമിക്കുന്നതിന് റോമക്കാര്‍ വന്‍സൈനിക സജ്ജീകരണങ്ങള്‍ നടത്തിയപ്പോള്‍ അവരെ നേരിടുന്നതിനുവേണ്ടി നബി(ﷺ) തബൂക്കിലേക്ക് പുറപ്പെട്ടു. ദാരിദ്ര്യം നിമിത്തം യാത്രാസന്നാഹങ്ങളും യുദ്ധസന്നാഹങ്ങളും സംഭരിക്കാന്‍ സാധിക്കാത്തതില്‍ അത്യധികം ദു:ഖിച്ചിരിക്കുകയായിരുന്നു ഉത്ബത്തു ബിന്‍ സൈദ്(റ). തന്റെ കയ്യിലോ തന്നെ സഹായിക്കാനായി പ്രവാചകരുടെ(ﷺ) കയ്യിലോ സന്നാഹമില്ലാതെ വന്നതില്‍ വ്യാകുലപ്പെട്ട് രാത്രി നിസ്കാരാനന്തരം അദ്ദേഹം കരയാന്‍ തുടങ്ങി. അവസാനം തന്റെ ദു:ഖത്തിന് ഒരു മുട്ടുശാന്തി അദ്ദേഹം കണ്ടെത്തി. അദ്ദേഹം പറഞ്ഞു: ‘ഞാനിതാ സ്വദഖഃ ചെയ്യുന്നു. എന്റെ സമ്പത്തിനോ ശരീരത്തിനോ അഭിമാനത്തിനോ വല്ല ക്ഷതവുമേല്‍പ്പിച്ച ഏതൊക്കെ മുസ്ലിംകളുണ്ടോ അവര്‍ക്കൊക്കെ ഞാന്‍ വിട്ടുകൊടുത്തു മാപ്പുചെയ്തിരിക്കുന്നു. ഇതാണെന്റെ സ്വദഖഃ’. നേരം പുലര്‍ന്നപ്പോള്‍ കൂട്ടുകാരോടായി റസൂല്‍ തിരുമേനി(ﷺ) ചോദിച്ചു: ‘ഇന്നലെ രാത്രി സ്വദഖഃ ചെയ്തവനെവിടെ? അപ്പോള്‍ ആരും എഴുന്നേററില്ല. വീണ്ടും ചോദിച്ചു. ‘ധര്‍മം ചെയ്തവനെവിടെ?’ അവന് നില്ക്കട്ടെ, അപ്പോള്‍ ഉത്ബത്ത്(റ) എഴുന്നേററ് നിന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘സന്തോഷിച്ചു കൊള്ളുക, എന്റെ ആത്മാവിന്റെ ഉടമസ്ഥന് തന്നെ സത്യം; താങ്കളുടെ സ്വദഖഃ സ്വീകാര്യധര്മത്തിന്റെ കൂട്ടത്തില്‍ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു.’ (ദലാഇലുന്നുബുവ്വ-ബൈഹഖി 5/219)
സഹപ്രവര്‍ത്തകരെക്കുറിച്ച് എപ്പോഴും നല്ല ധാരണ വെച്ചുപുലര്‍ത്തുകയും അങ്ങനെ വെച്ചുപുലര്‍ത്താന്‍ കല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. ആരെക്കുറിച്ചെങ്കിലും തെറ്റിദ്ധാരണാജനകമായി സംസാരിച്ചാല്‍ തിരുമേനി(ﷺ) അത് തിരുത്തുമായിരുന്നു. ഹിജ്റഃ ആറാം വര്‍ഷം 1500 സ്വഹാബിമാരോട് കൂടി ഉംറഃ ചെയ്യുന്നതിന് വേണ്ടി നബി (സ) മക്കയിലേക്കു പുറപ്പെട്ടു. ഖുറൈശികളുടെ പ്രതിരോധവും വിസമ്മതവും നിമിത്തം മക്കയിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല. മുസ്ലിംകള് ഹുദൈബിയ്യഃ യില്‍ താവളമടിച്ചു. യുദ്ധമല്ല ഉംറഃ മാത്രമാണ് ആഗമ ലക്ഷ്യമെന്ന് ഖുറൈശികളെ അറിയിക്കാന്‍ നബി(ﷺ) ഉസ്മാന് ബിന്‍ അഫ്ഫാന്‍(റ)നെ മക്കയിലേക്കു വിട്ടു. ‘മക്കയില്‍ പ്രവേശിക്കാന്‍ മുഹമ്മദിനെ ഞങ്ങള്‍ അനുവദിക്കുകയില്ല, താങ്കള്‍ക്കു വേണമെങ്കില്‍ ത്വവാഫ് ചെയ്യാം’ ഇതായിരുന്നു ഖുറൈശികളുടെ മറുപടി. അല്ലാഹുവിന്റെ റസൂല്‍(ﷺ) ത്വവാഫ് ചെയ്യുന്നതുവരെ ഞാന്‍ ത്വാവാഫ് ചെയ്യുകയില്ലെന്ന് ഉസ്മാന്(റ) പറഞ്ഞപ്പോള്‍ അദേഹത്തെ അവര്‍ മൂന്ന് ദിവസത്തോളം തടഞ്ഞുവെച്ചു. എന്നാല്‍ ഉസ്മാന്(റ) സ്വന്തമായി ത്വവാഫ് ചെയ്തു എന്നൊരു കിംവദന്തി മുസ്ലിംകള്ക്കിടയില് എങ്ങനെയോ പ്രചരിക്കുകയുണ്ടായി. നബി(ﷺ) അതുതിരുത്തി. ‘നാം ഇവിടെ തടയപ്പെട്ടിരിക്കെ അദേഹം കഅ്ബ പ്രദക്ഷിണം ചെയ്യുമെന്ന് നാം വിചാരിക്കുന്നില്ല.’ പിന്നീട് ഉസ്മാന്(റ) തിരിച്ചു വന്നപ്പോള്‍ ഇപ്രകാരം പറയുകയുണ്ടായി: ‘അല്ലാഹു സത്യം! ഞാനൊരു വര്‍ഷം മക്കയില്‍ താമസിക്കാനിടവന്നാലും അല്ലാഹുവിന്റെ പ്രവാചകന്(ﷺ) ഹുദൈബിയഃയില് തടയപ്പെട്ടിരിക്കെ ഞാന്‍ ത്വവാഫ് ചെയ്യുകയില്ല’. തദവസരം അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂല്‍(ﷺ) അല്ലാഹുവിനെക്കുറിച്ച് ഏറ്റവും വിവരമുള്ളവനും നമ്മുടെ കൂട്ടത്തില്‍ ഏറ്റവും നല്ല ധാരണ വെച്ചുപുലര്ത്തുന്നവരുമത്രെ’ (ബൈഹഖി 4/135).
സഹപ്രവര്‍ത്തകനു വല്ല അബദ്ധവും പിണഞ്ഞുപോയാല് മാപ്പ് നല്കി അവന്റെ മനോവീര്യം സംരക്ഷിച്ചു പൂര്‍വോപരി സച്ചരിതനും സജീവ പ്രവര്‍ത്തകനുമാക്കി മാററുകയായിരുന്നു തിരുമേനി(ﷺ)യുടെ പതിവ്. ഖുറൈശികള്‍ ഹുദൈബിയഃ സന്ധി ലംഘിച്ചു ശത്രുത പ്രകടിപ്പിച്ചപ്പോള്‍ നബി തിരുമേനി(ﷺ) യുദ്ധവും കൊലയുമില്ലാതെ വളരെ സമാധാനപരമായി മക്ക ജയിച്ചടക്കുന്നതിനു വേണ്ടി ഹിജ്റഃ എട്ടാം വര്‍ഷം പതിനായിരം സ്വഹാബികളോടുകൂടെ പുറപ്പെടുകയുണ്ടായി. പുറപ്പെടും മുമ്പ് വാര്‍ത്ത പരമരഹസ്യമാക്കാന് ശ്രമിച്ചിരുന്നു. എന്നാല്‍ സ്വഹാബികളിലൊരാള്ക്കു ഒരു അമളി പറ്റി. ഹാത്വിബ്(റ) ആയിരുന്നു അത്. ഈ രഹസ്യം ഖുറൈശികളെ അറിയിച്ചാല്‍ പ്രത്യുപകാരമെന്ന നിലയില്‍ മക്കയിലുള്ള തന്റെ നിരാലംബരായ ഭാര്യാ സന്താനങ്ങളെ അവര്‍ രക്ഷിച്ചേക്കുമെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ ഒരു കത്തെഴുതി പത്ത് ദിനാര്‍ പ്രതിഫലം നിശ്ചയിച്ചു ഒരു സ്ത്രീയുടെ വശം കൊടുത്തയച്ചു. നബി തിരുമേനി(ﷺ) അലി(റ), സുബൈര്‍(റ), മിഖ്ദാദ്(റ), അബൂ മര്‍സിദ്(റ) എന്നിവരെ വിളിച്ച് പറഞ്ഞു: ‘ഖാഖ് തോട്ടത്തില്‍ ഒരു പെണ്ണിരിപ്പുണ്ട.് അവരുടെ വശം ഒരു കത്തുണ്ട്. ഉടനെ അത് പിടിച്ചെടുത്തുകൊണ്ട് വരണം’. തന്റെ വശം കത്തില്ലെന്ന് അവള് തറപ്പിച്ചു പറഞ്ഞുവെങ്കിലും വസ്ത്രമഴിക്കുമെന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ അവള് മുടിക്കെട്ടിനുള്ളില്‍ നിന്ന് കത്തെടുത്ത് കൊടുത്തു. കത്തിന്റെ ഉള്ളടക്കം നേരത്തെ പറഞ്ഞ രഹസ്യവാര്‍ത്ത ആയിരുന്നു. തിരുമേനി ഹാത്വിബിനെ(റ) ചോദ്യം ചെയ്തു. അദ്ദേഹം സത്യാവസ്ഥ വെളിപ്പെടുത്തി ക്ഷമാപണം നടത്തി. പ്രത്യക്ഷത്തില്‍ ഇതൊരു കൂറുമാററവും രാജ്യദ്രോഹവും ആണെന്ന് തോന്നാനിടയുണ്ട്. ഉമര്‍(റ)വിനു അങ്ങനെ തോന്നി, അദ്ദേഹം പറഞ്ഞു: ‘നബിയേ എനിക്ക് സമ്മതം തരൂ. ഈ കപടന്റെ പിരടി ഞാന്‍ വെട്ടാം’. അപ്പോള്‍ നബി(ﷺ) അദേഹത്തിനു മാപ്പുനല്‍കുകയും ബദ്റില്‍ പങ്കെടുത്തു കൂറ് തെളിയിച്ച വ്യക്തിയാണെന്ന് സ്വഹാബിമാരെ ഓര്‍മപ്പെടുത്തുകയും ചെയ്തു. (ബുഖാരി 4274).
അകാരണമായി ആര്‍ക്കും മുന്‍ഗണന നല്‍കില്ല. അത് മററുള്ളവര്‍ക്ക് മന:ക്ലേശമുണ്ടാക്കാനിട വരുത്തുമല്ലോ. യാത്രാ വേളയില്‍ പരിചരണത്തിനായി തിരുമേനി(ﷺ) ഭാര്യമാരില്‍ ചിലരെ കൊണ്ടുപോകാറുണ്ടായിരുന്നു. ആരെ കൊണ്ടു പോകണമെന്ന് സ്വയം തീരുമാനിക്കാതെ നറുക്കിടുകയായിരുന്നു പതിവ്. (ഇബ്നു മാജഃ 1970) മദീനയിലേക്കു ഹിജ്റഃ വന്നപ്പോള്‍ ഓരോ അന്സ്വാരിയും തിരുമേനി(ﷺ)ക്ക് തന്റെ വീട്ടില്‍ ആതിഥ്യം നല്കുന്നതിനു മത്സരിക്കുകയുണ്ടായി. ഓരോരുത്തരും നബി(ﷺ)യുടെ ഒട്ടകത്തിന്റെ മൂക്കുകയര്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരാളുടെ ക്ഷണം സ്വീകരിച്ചു മറ്റുള്ളവരെ തിരസ്ക്കരിക്കുന്നതു ഭംഗിയല്ലല്ലോ. അതുകൊണ്ട് പ്രവാചകരുടെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു. ‘നിങ്ങള്‍ ഒട്ടകത്തെ വിടുക, അതിനു പ്രത്യേക കല്‍പ്പനയുണ്ട്.’ അവസാനം ഒട്ടകം അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ)യുടെ വീടിനു മുമ്പില്‍ മുട്ടുകുത്തി. തിരുമേനി അവിടെ ഇറങ്ങി.
പ്രവാചകരുടെ പിതാമഹനായ അബ്ദുല്‍മുത്ത്വലിബിന്റെ അമ്മാവന്മാരായ ബനുന്നജ്ജാര്‍ കുടുംബത്തില്‍പ്പെട്ടവരായിരുന്നു അബൂഅയ്യൂബ് (റ). അദ്ദേഹം നബിയുടെ സാധനസാമഗ്രികള്‍ വീട്ടിലേക്കു കൊണ്ടുപോയി. തിരുമേനി(ﷺ) അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചു, പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ അദ്ദേഹത്തിന്റെ വീട്ടില്‍ അവിടുന്ന് താമസിച്ചു. ആര്‍ക്കും അതില്‍ ഒരനിഷ്ടവുമുണ്ടായിരുന്നില്ല. (അല്‍ ബിദായത്തു വന്നിഹായ 3/202, ശറഹുല്‍ മവാഹിബ് 2/162).