തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #5)

മുഹമ്മദ് നബി(ﷺ)യില്‍ വിശ്വസിച്ചു എന്ന ഒററക്കാരണത്താല്‍  സുമയ്യ (റ)- യാസിര്‍(റ) ദമ്പതികള്‍ ക്രൂരമായി വധിക്കപ്പെടുകയായിരുന്നു. ദൃഢമാനസരായ ദമ്പതികളുടെ അതിദാരുണമായ അന്ത്യനിമിഷങ്ങള്‍ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്ന പ്രവാചക ശിഷ്യര്‍ തിരിച്ചടിക്കാന്‍ അനുവാദം ചോദിച്ചു തിരുസന്നിധിയിലെത്തി. പക്ഷേ, തിരുനബി ഉപദേശിച്ചത് സഹിക്കാനും ക്ഷമിക്കാനുമായിരുന്നു. ‘യാസിറിന്റെ കൂട്ടുകാരേ, നിങ്ങള്‍ ക്ഷമിക്കുക, സ്വര്‍ഗത്തില്‍ കണ്ടുമുട്ടാം’ എന്നായിരുന്നു നബിയുടെ പ്രതികരണം.

ഒട്ടകത്തിന്റെ കുടല്‍മാലകള്‍ വലിച്ചിട്ടും ചീഞ്ഞ മുട്ടകളെറിഞ്ഞും വഴിയില്‍ മുള്ള് വിതറിയും ത്വാഇഫില്‍ കല്ലെറിഞ്ഞും ശത്രുക്കള്‍ നബി(ﷺ)യെ നേരിട്ടു. അപ്പോഴും തിരുനബി(ﷺ) ഒരു ശാപവാക്കുപോലും ഉരുവിടാതെ ആ ജനതക്കുവേണ്ടി പ്രാര്‍ഥിക്കുകയും അനുയായികളോട് ക്ഷമിക്കാന്‍ കല്‍പ്പിക്കുകയുമായിരുന്നു.

പലതവണ സമീപിച്ചിട്ടും ഫലം കാണാത്തവരെ വീണ്ടും വീണ്ടും സമീപിച്ചു ക്ഷണിക്കുക നബിയുടെ പതിവായിരുന്നു. ആരോടും ഒരിക്കലും ഒരു പരുഷവാക്കുപോലും ഉപയോഗിക്കാതെ പുഞ്ചിരിയുമായി വിമര്‍ശകരെ സമീപിക്കുന്ന നബി(ﷺ)യുടെ ഈ അസാധാരണ വ്യക്തിമാഹാത്മ്യമാണു അവിടുത്തേക്ക് വിജയം നേടിക്കൊടുത്തത്. ”അവരുമായി സൗമ്യമായി പെരുമാറിയതു അല്ലാഹുവിന്റെ അനുഗ്രഹമാണ്. താങ്കള്‍ പരുഷ സ്വഭാവക്കാരനായിരുന്നുവെങ്കില്‍ താങ്കളുടെ സമീപത്തുനിന്ന് അവര്‍ ഓടി അകലുമായിരുന്നു.” (ആലുഇംറാന്‍).

യാത്രാവേളയില്‍ വിശ്രമിക്കുന്നതിനിടെ തന്റെ വാള്‍ കൈക്കലാക്കിയ കാട്ടറബിയായ അവിശ്വാസി ആ വാളുയര്‍ത്തി വധിക്കുമെന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ അല്ലാഹുവിനെ വിളിച്ചു രക്ഷതേടുകയും ശത്രുവിന്റെ കയ്യില്‍ നിന്നുവാള് താഴെവീഴുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. ആദിവാസിയായ ആ മനുഷ്യനെ തിരുനബി(ﷺ) വെറുതെ വിടുകയായിരുന്നു. ത്വവാഫ് വേളയില്‍ ചതിയില്‍ വെട്ടിക്കൊല്ലാന്‍ വേണ്ടി വിഷലിപ്തമായ വാളുമായി പിന്നിലെത്തിയ വ്യക്തിയുടെ പുറത്ത് തലോടിക്കൊണ്ടു നബി(ﷺ) പറഞ്ഞത് ‘എന്താണു നിന്റെ മനസ്സിലെ ഗുപ്ത വിചാരം, നീ നിന്റെ വഴിക്ക് പോവുക’ എന്നായിരുന്നു.

ഹിജ്‌റാ വേളയില്‍ ശത്രുക്കള്‍ക്ക് തന്നെ പിടിച്ച് കൊടുത്തു നൂറൊട്ടകം സമ്മാനം നേടാനുള്ള അത്യാര്‍ത്തിയുമായി വന്ന സുറാഖത്തിനെ നശിപ്പിക്കാന്‍ കിട്ടിയ അവസരം ഉപയോഗിക്കാതെ അദ്ദേഹത്തെ ഉപദേശിച്ചത്, ഖൈബറില്‍ തനിക്കു വിഷം തന്ന ജൂതസ്ത്രീയെ വെറുതെവിട്ടത് ഇങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ തിരുജീവിതത്തില്‍ കാണാം. ഈ സന്ദര്‍ഭങ്ങളിലെല്ലാം എതിരാളികള്‍  പഞ്ചപുഛമടക്കി  കീഴടങ്ങുകയും ഹിദായത്തിലെത്തുകയുമായിരുന്നു ഫലം. ‘നന്‍മ•കൊണ്ട്് തിന്‍മയെ പ്രതിരോധിക്കുക. അപ്പോള്‍ തങ്ങളോട് കഠിനമായി ശത്രുത പുലര്‍ത്തുന്ന എതിരാളി ആത്മമിത്രമായി തീരുന്നതുകാണാം’ എന്ന ഖുര്‍ആന്‍ വചനം അന്വര്‍ഥമാക്കുകയായിരുന്നു തിരുനബി(ﷺ). വിശ്വാസിയുടെ ഗുണമായി ഖുര്‍ആന്‍ പറയുന്നു: ”ക്ഷോഭം കടിച്ചിറക്കുകയും ജനതക്ക് മാപ്പു നല്‍കുകയും ചെയ്യുന്നവരാണ് വിശ്വാസികള്‍. അല്ലാഹു നന്‍മ•ചെയ്യുന്നവരെയാണ് ഇഷ്ടപ്പെടുന്നത്.”(ആലു ഇംറാന്‍)

തിരുനബി(ﷺ) ഈ പ്രബോധന ശൈലി സ്വീകരിക്കുക മാത്രമല്ല തന്റെ സമൂഹത്തോടത് സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. തീവ്രതയും ഭീകരതയും പ്രബോധന വഴിയല്ലെന്നു സ്പഷ്ടമായി തന്നെ പറഞ്ഞിട്ടുണ്ട്. തിരുനബി(ﷺ) പറഞ്ഞു: ”അല്ലാഹു കൃപാലുവാണ്. കൃപയെ അല്ലാഹു ഇഷ്ടപ്പെടുന്നു. പരുഷതക്കും മററും നല്‍കാത്ത ഫലംകൃപക്കു നല്‍കുന്നു.” (മുസ്‌ലിം).

ജീവനിലുപരിയായി തിരുനബി(ﷺ)യെ സ്‌നേഹിച്ച അതുല്യരായിരുന്നു അവിടുത്തെ അനുയായികള്‍. നബി(ﷺ)യുടെ സകല കല്‍പ്പനകളും സര്‍വാത്മനാ ശിരസാവഹിച്ചു പ്രയോഗവല്‍ക്കരിക്കുകയും സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്ത സന്തത സഹചാരികള്‍.

മുഹമ്മദ് നബി(ﷺ)യുടെ കൂട്ടുകാരില്‍ കൂടുതലും പാവപ്പെട്ടവരും ദരിദ്രരുമായിരുന്നു. അവരുടെ കൂട്ടത്തില്‍ അടിമകളും തൊഴിലാളികളുമുണ്ടായിരുന്നു. പണക്കാര്‍ക്കും പ്രമാണിമാര്‍ക്കും തിരുമേനി(ﷺ)യുടെ സമീപം പ്രത്യേക പരിഗണന ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പരിഗണന നല്‍കരുതെന്ന് അല്ലാഹു നബി(ﷺ)യോടു പ്രത്യേകം നിര്‍ദേശിച്ചിട്ടുമുണ്ടായിരുന്നു: ”അവരില്‍പ്പെട്ട പല വിഭാഗക്കാര്‍ക്കും സുഖഭോഗത്തിനായി നാം നല്‍കിയ സൗകര്യങ്ങളിലേക്കു താങ്കള്‍ ദൃഷ്ടി നീട്ടിപ്പോകരുത്. അവര്‍ അവിശ്വാസികളായതില്‍ താങ്കള്‍ വ്യസനിക്കേണ്ടതില്ല. സത്യവിശ്വാസികള്‍ക്കു വേണ്ടി താങ്കളുടെ ചിറക് താഴ്ത്തിക്കൊടുക്കുക.” (അല്‍ ഹിജ്‌റ)

സമ്പത്തിനെയോ സമ്പന്നരെയോ വലുതായി കാണരുതെന്ന് അല്ലാഹു പ്രത്യേകം ഉപദേശിച്ചതായി ഇനിയും കാണാം. ”അവരില്‍ പല വിഭാഗങ്ങള്‍ക്കും ഐഹിക ജീവിതാലങ്കാരമായി നാം ആസ്വദിപ്പിച്ചിട്ടുള്ള സൗകര്യങ്ങളിലേക്ക് താങ്കള്‍ ദൃഷ്ടി പായിക്കരുത്. അതിലൂടെ അവരെ നാം പരീക്ഷിക്കുന്നതിനു വേണ്ടിയാണ് അവ നല്‍കിയത്. താങ്കളുടെ രക്ഷിതാവിന്റെ പ്രതിഫലം; അതാണ് ഏററം ഉത്തമവും അനശ്വരവും.” (ത്വാഹാ)

അവിശ്വാസികളായ ചില അറബി കുബേരന്മാര്‍ക്ക് നബി(ﷺ)യുടെ സദസ്സില്‍ പങ്കെടുക്കുന്നതിന് ഉണ്ടായിരുന്ന തടസ്സം അവിടെ സദാ ഉണ്ടായിരുന്ന പാവങ്ങളായിരുന്നു.  ഈ അഗതികളെ സദസ്സില്‍ നിന്നകററിയാല്‍, താങ്കളുടെ ഉപദേശം ശ്രവിക്കാനായി സദസ്സിലേക്കു വരാമെന്ന് അവര്‍ ഉപാധി വെക്കുകയുണ്ടായി. എന്നാല്‍ ഈ ഉപാധി നിശ്ശേഷം തള്ളിക്കളയാനായിരുന്നു വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശം: ”താങ്കളുടെ  രക്ഷിതാവിന്റെ അനുഗ്രഹം ലക്ഷ്യമാക്കി രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നവരെ താങ്കള്‍ ആട്ടിക്കളയരുത്. അവരെ വിചാരണ ചെയ്യേണ്ട യാതൊരു ബാധ്യതയും താങ്കള്‍ക്കില്ല. താങ്കളെ വിചാരണ ചെയ്യേണ്ട യാതൊരു ബാധ്യതയും  അവര്‍ക്കുമില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ താങ്കള്‍ക്ക് അവരെ ആട്ടിക്കളയാമായിരുന്നു.  അതൊന്നുമില്ലാതെ അവരെ ആട്ടിക്കളഞ്ഞാല്‍ താങ്കള്‍ അക്രമികളില്‍പ്പെട്ടവനായിത്തീരും”. (അന്‍ജൂം)

അഗതികള്‍ക്കും അവശര്‍ക്കും അടിമകള്‍ക്കും സ്‌നേഹ പരിഗണനകള്‍ നല്‍കണമെന്നും അവരോടൊപ്പം കഴിയണമെന്നും ഖുര്‍ആന്‍ നബി(ﷺ)യെ ഉപദേശിക്കുന്നു: ”താങ്കളുടെ രക്ഷിതാവിന്റെ പൊരുത്തം ലക്ഷ്യമാക്കി കാലത്തും വൈകുന്നേരവും അവനോടു പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നവരോടൊപ്പം താങ്കള്‍ സ്വശരീരത്തെ അടക്കി നിര്‍ത്തുക. ഐഹിക ജീവിതത്തിന്റെ അലങ്കാരത്തെ ലക്ഷ്യമാക്കി താങ്കളുടെ കണ്ണുകള്‍ അവരില്‍ നിന്ന് വിട്ടു പോകാന്‍ ഇടവരരുത്. നമ്മുടെ സ്മരണയില്‍ നിന്നു ഹൃദയത്തെ നാം അശ്രദ്ധമാക്കിയി ട്ടുള്ളവനും തന്നിഷ്ടം പിന്തുടരുന്നവനും കാര്യം അതിരു കവിഞ്ഞവനും ആരോ അവനെ താങ്കള്‍ അനുസരിച്ച് പോകരുത്.” (അല്‍ കഹ്ഫ്)

തിരുമേനി(ﷺ)യുടെ സദസ്സില്‍ പണക്കാര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരുന്നില്ല എന്നത് പോലെ അവഗണനയും ഉണ്ടായിരുന്നില്ല. മുതലാളികളും തൊഴിലാളികളും യജമാനരും അടിമകളും പ്രബലരും ദുര്‍ബലരും എല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവര്‍ക്കും അര്‍ഹമായ സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. സിംഹാസനത്തിലിരുന്ന് ആജ്ഞകള്‍ നല്‍കി അനുയായികളെ പ്രവര്‍ത്തിപ്പിക്കുന്ന രാജകീയ സ്വഭാവം നബി തിരുമേനി(ﷺ) തങ്ങള്‍ക്കുണ്ടായിരുന്നില്ല. കഠിനാദ്ധ്വാനം ചെയ്യുന്ന അനുയായികളുടെ അടര്‍ന്നു വീഴുന്ന വിയര്‍പ്പു കണികകള്‍ നോക്കി ആനന്ദം കൊള്ളുന്ന നേതാക്കന്മാരുടെ ആഢ്യത്വവും തിരുമേനി(ﷺ)ക്കുണ്ടായിരുന്നില്ല.

ഒരു സംഭവം കാണുക. ഹി: രണ്ടാം വര്‍ഷം പ്രവാചകരും(ﷺ) സഹപ്രവര്‍ത്തകരും ബദ്‌റിലേക്കു നീങ്ങുകയാണ്. അവര്‍ക്കെല്ലാം കൂടി രണ്ടു കുതിരയും 70 ഒട്ടകവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കുതിര സൈന്യത്തിന്റെ വലതു പാര്‍ശ്വനായകനായ സുബൈറുബിന്‍ അവ്വാമി(റ) ന്റെതും മറെറാരു കുതിര ഇടതു പാര്‍ശ്വനായകനായ മിഖ്ദാദുബിന്‍ അസ്‌വദി(റ)ന്റെതുമായിരുന്നു. അബൂബക്കര്‍(റ), ഉമര്‍(റ), അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) എന്നിവര്‍ ഒരു ഒട്ടകത്തെ ഊഴം വെച്ചപ്പോള്‍ നബി(ﷺ) തിരുമേനിയും അലി(റ), മര്‍സിദ്(റ) എന്നിവരും കൂടി ഒരു ഒട്ടകത്തെ ഊഴം വെക്കുകയായിരുന്നു. പ്രവാചകന്‍(ﷺ) താഴെയിറങ്ങി നടക്കേണ്ട സന്ദര്‍ഭം വന്നപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു. അങ്ങേക്കു വേണ്ടി ഞങ്ങള്‍ നടക്കാം. പക്ഷേ തിരുമേനി(ﷺ) സമ്മതിച്ചില്ല. അവിടുന്ന് പറഞ്ഞു: ”നിങ്ങള്‍ എന്നേക്കാള്‍ ശക്തരല്ല. അല്ലാഹുവിന്റെ പ്രതിഫലത്തിലേക്ക് നിങ്ങളേക്കാള്‍ ഞാന്‍ ആവശ്യം കുറഞ്ഞവനുമല്ല.” (ദലാഇലുല്‍ ബൈഹഖി 3/39)

സഹപ്രവര്‍ത്തകരോടൊപ്പം ഭാരം ചുമന്ന സംഭവം കാണുക: നബി(ﷺ) മദീനയിലെത്തിയപ്പോള്‍ നിര്‍വഹിച്ച പ്രഥമ പ്രവര്‍ത്തനം മസ്ജിദുന്നബവിയുടെ നിര്‍മാണമായിരുന്നു. മദീനയുടെ ഹൃദയ ഭാഗത്ത് ഹിജ്‌റ ഒന്നാം വര്‍ഷം റബീഉല്‍ അവ്വലില്‍ തന്നെ അതിന്റെ ശിലാസ്ഥാപനം നടന്നു. അവിടുത്തെ തൃക്കരം കൊണ്ടു പ്രഥമ ശിലവെച്ചു. രണ്ട്, മൂന്ന്, നാല് എന്നീ ശിലകള്‍ യഥാക്രമം അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരും വെച്ചു. പള്ളിയുടെ നിര്‍മ്മാണത്തില്‍ മുസ്‌ലിംകളെല്ലാം സഹകരിച്ചു. അവരുടെ അഭിവന്ദ്യ നേതാവായ പ്രവാചകരും(ﷺ) മണ്ണും ഇഷ്ടികയും കല്ലും വഹിക്കുന്നതില്‍ അവരോടൊപ്പം  പങ്കുചേര്‍ന്നു. തിരുമേനി(ﷺ) കല്ല് വഹിച്ചു കൊണ്ടു പോകുന്നതു കണ്ട ഒരാള്‍ പറഞ്ഞു: ‘പ്രവാചകരേ, അത് ഇങ്ങോട്ട് തന്നേക്കൂ,’ അപ്പോള്‍ തിരുമേനി(ﷺ)യുടെ മറുപടി ഇപ്രകാരമായിരുന്നു: ‘താങ്കള്‍ പോയി മറ്റൊന്നെടുക്കുക, താങ്കള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്ക് എന്നേക്കാള്‍ ആവശ്യക്കാരനല്ല’ (വഫാഉല്‍ വഫാ 1/333)

സഹ പ്രവര്‍ത്തകരോടൊപ്പം കിടങ്ങുകുഴിച്ച സംഭവംകൂടി നമുക്ക് വായിക്കാം: ഹിജ്‌റഃ അഞ്ചാം വര്‍ഷം ഖുറൈശ്, ഗത്വ്ഫാന്‍ തുടങ്ങിയ ഗോത്രങ്ങള്‍ മദീനയില്‍ കടന്നാക്രമണം നടത്താന്‍ ഒരുങ്ങിയപ്പോള്‍ അവരെ പ്രതിരോധിക്കുവാനായി മദീനയുടെ വടക്ക് വശത്ത് സുദീര്‍ഘവും അഗാധവുമായ കിടങ്ങ് കുഴിക്കുവാന്‍ തിരുമേനി(ﷺ) മുസ്‌ലിംകളോട് ആഹ്വാനം ചെയ്തു. ശത്രുക്കള്‍ എത്തിച്ചേരും മുമ്പ് സത്വരമായി പൂര്‍ത്തീകരിക്കേണ്ട ഒരു നടപടിയായിരുന്നു അത്. കിടങ്ങിനു പ്ലാന്‍ തയ്യാര്‍ ചെയ്തു. പത്തു പേര്‍ 40 മുഴം വീതം കുഴിയെടുക്കാന്‍ ജോലി നിര്‍ണയിച്ചു കൊടുത്തു. പ്രവാചകരും അവിടുത്തെ തൃക്കരം കൊണ്ട് ജോലിചെയ്ത് സഹപ്രവര്‍ത്തകരോട് സഹകരിച്ചു. ചിലപ്പോള്‍ ജോലിചെയ്തു തിരുമേനി ക്ഷീണിക്കുമായിരുന്നു. അപ്പോള്‍ അല്‍പ സമയം   വിശ്രമിച്ചു വീണ്ടും ജോലിതുടരും. സഹപ്രവര്‍ത്തകരായ അനുയായികള്‍ പറഞ്ഞുകൊണ്ടേയിരുന്നു: ‘പ്രവാചകരേ അങ്ങയുടെ വിഹിതം ജോലി അങ്ങേക്കുവേണ്ടി ഞങ്ങള്‍ ചെയ്തുകൊള്ളാം’. ‘അല്ലാഹുവിന്റെ പ്രതിഫലത്തില്‍ നിങ്ങളോട് പങ്കുചേരാന്‍ ഞാന്‍ ഉദേശിക്കുന്നു’ എന്നായിരുന്നു തിരുമേനിയുടെ പ്രതിവചനം (വഫാഉല്‍ വഫ 4/1206)

എന്റെ ഹാദിയ

‘ഹാദിയാ..’
നീയെത്ര സുന്ദരിയാണ്…
പ്രവാസത്തിന്റെ
നാല് ചുവരുകൾക്കുള്ളിൽ തളച്ചിട്ട തരുണികൾക്ക് നീയൊരാവേശമാണ്.
പലപ്പോഴും പ്രഭാത കിരണങ്ങൾ പോലും കാണാതെ ഉച്ചവരെ വിശ്രമിക്കാനല്ലാതെ ഞങ്ങൾക്കൊന്നും അറിയില്ലായിരുന്നു.
ഞങ്ങൾ കേട്ടതും, ആരോ പറഞ്ഞു പേടിപ്പിച്ചതുമായ പ്രവാസ ഭൂമിക ആയിരുന്നില്ല ഞങ്ങളിവിടെ ദർശിച്ചത്. മണലാരണ്യത്തിന്റെ ചൂടും ചവർപ്പും ഞങ്ങളിവിടെ കണ്ടിട്ടില്ല. ശീതീകരിച്ച മുറിയിൽ സോഷ്യൽ മീഡിയയിൽ ഞങ്ങൾ മുഴുകി. സമയം അത്രക്ക് വിശാലമായിരുന്നു. വസ്ത്രം അലക്കിതേച്ചു തരാൻ ചുറ്റുവട്ടത്തിൽ ധാരാളം ലോൺഡ്രികൾ. വിശപ്പറിയിച്ചു  ഒരുമെസ്സേജ് അയച്ചാൽ പറന്നെത്തുന്ന ഡെലിവറി ബോയ്കൾ… എല്ലാം വിരൽ തുമ്പിൽ. അത്രക്ക് ഫ്രീ..
മക്കളെ പള്ളിക്കൂടത്തിലായച്ചാൽ പിന്നെയുള്ള സമയം മിണ്ടി പറയൽ പോലും  ഇല്ലാതായി. അതുകൊണ്ടോക്കെയാകും ഈ സോഷ്യൽ മീഡിയ തലക്കുപിടിച്ചത്. എല്ലാ വർത്തകളും അപ്പപ്പോൾ അറിയും. നാടറിയും മുമ്പേ ഞങ്ങളറിയും. ഞങ്ങൾ വിളിച്ചറിയിച്ചിട്ടാണ് അയല്പക്കത്തു നടക്കുന്ന പല വിവരങ്ങളും അവർപോലും അറിയുന്നത്. അത്രക്ക് ലോക വിവരാ.. പക്ഷെ ആരെങ്കിലും ചോദിച്ചാൽ  ഒന്നിനെക്കുറിച്ചും ഒരു വിവരവുമുണ്ടാകില്ല. കുട്ടികൾ പഠിക്കാൻ പോകുമ്പോൾ പലപ്പോഴും ആ പഴയ മദ്രസ്സ ജീവിതം  മനസ്സിലേക്കോടിവരും. സ്കൂൾ വിദ്യാഭ്യാസത്തിനു പ്രാമുഖ്യം കൊടുത്തത് കൊണ്ട് മദ്രസ്സ വിദ്യാഭ്യാസം നേരാം വണ്ണം നേടാത്തതോർത് കുറ്റബോധം കൊണ്ട് കണ്ണ് നിറയും. ഖുർആൻ നേരാംവണ്ണം ഓതാനറിയാത്തതിലുള്ള സങ്കടവും. പക്ഷെ എന്ത് ചെയ്യും. വീണ്ടെടുപ്പ് അസാധ്യമല്ലോ എന്ന് കരുതി സങ്കടങ്ങളെ ഏകാന്തതയിൽ കുഴിച്ചു മൂടും. അങ്ങിനെയിരിക്കെയാണ് ഹാദിയ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അവളെ പരിചയ പെടാൻ സത്യത്തിൽ ഒരു മടിയുണ്ടായിരുന്നു. സ്വാതന്ത്രത്തിന്റെ കടക്കൽ അവൾ കത്തി വെക്കുമോയെന്നൊർത്. തുടക്കത്തിൽ ഒഴിവു കഴിവുകൾ പറഞ്ഞു നോക്കി. പക്ഷെ അവൾ വിട്ടില്ല. പലതും പറഞ്ഞു അവൾ പിന്നാലെ കൂടി. ഒരിക്കൽ ഞാനും വരാമെന്നേറ്റു.  എന്റെ ചിന്തകളെ അവൾ കവർന്നെടുത്തു.  ക്‌ളാസുകൾ പലതും കഴിഞ്ഞു. തീരാ നഷ്ടങ്ങളെ ഞാൻ വീണ്ടെടുത്തു. പ്രവാസ മണ്ണിൽ സൗഹൃദ വലയങ്ങൾ ഞാൻ തീർത്തു. ആരോഗ്യ ബോധവത്കരണ ക്‌ളാസുകൾ എനിക്ക് കിട്ടി.ഒരു മുളക് തൈ പോലും വെക്കാത്ത ഞാൻ അടുക്കള തോട്ടം നിർമിച്ച്  മരുഭൂമിയിൽ മരുപ്പച്ച തീർത്തു. കുടുംബ ജീവിതം ഞാൻ ചിട്ടപ്പെടുത്തി. മദ്‌റസ വിദ്യയെക്കാളുപരി ഞാൻ നേടിയെടുത്തു. എന്റെ മോഹങ്ങൾക്ക് ചിറകുമുളച്ചു. ഹാദിയ ഇല്ലാതെ ഇന്നെനിക്ക് ജീവിതമില്ലാതെയായി. അറിവിന്റെ ചക്രവാളത്തിലൂടെ അവളെന്നേയും കൈപിടിച്ച് പറന്നു കൊണ്ടേയിരുന്നു….
Raihanath
Aspire Sector – Azeezia
Qatar

തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #4)

പ്രബോധനത്തിന്റെ രണ്ടാം ഘട്ടത്തില്‍ സമൂഹത്തെ മൊത്തത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടുള്ള ശൈലിയായിരുന്നു തിരുനബി(ﷺ) അനുവര്‍ത്തിച്ചത്. അബൂഖുബൈസ് പര്‍വതത്തിന്റെ താഴ്‌വരയില്‍ മക്കാ നിവാസികളെ വിളിച്ചുചേര്‍ത്ത് അവരെ തൗഹീദിലേക്ക് ക്ഷണിച്ചു. അബൂലഹബിന്റെ നേതൃത്വത്തില്‍ തീവ്രവാദികളായ എതിരാളികള്‍ പ്രകോപനം സൃഷ്ടിക്കാന്‍ തുനിഞ്ഞെങ്കിലും തിരുനബി(ﷺ) തന്റെ ദൗത്യം നിര്‍വഹിക്കുന്നതില്‍ വിജയിച്ചു. അബൂഖുബൈസ് വിളംബരത്തോടെ ഇസ്‌ലാം പരസ്യമായി ചര്‍ച്ചചെയ്യപ്പെടുകയും നിഷ്പക്ഷമതികളുടെ ഹൃദയത്തെ സ്വാധീനിക്കുകയും ചെയ്തു. തുടര്‍ന്ന് ദുല്‍ഹുലൈഫ, ഉക്കാള് തുടങ്ങിയ ചന്തകളില്‍ കവല പ്രസംഗങ്ങള്‍ നടത്തി. തനിക്കു സഹായികളും സഹകാരികളുമുണ്ടോ, തന്നെക്കുറിച്ച് ജനങ്ങള്‍ എന്താണ് കരുതുക എന്നൊന്നും ആലോചിക്കാതെ തിരുനബി (ﷺ) അങ്ങാടികളിലും കവലകളിലും പ്രസംഗിച്ചു. വെറുമൊരു ആത്മീയ പ്രസ്ഥാനമെന്ന നിലക്കല്ല മറിച്ച് ഒരു സമഗ്ര വിമോചന പ്രസ്ഥാനമെന്ന നിലക്കായിരുന്നു ഇസ്‌ലാമിനെ തിരുനബി(ﷺ) അവതരിപ്പിച്ചത്.
‘മനുഷ്യരേ, അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് നിങ്ങള്‍ പ്രഖ്യാപിക്കുക, നിങ്ങള്‍ക്ക് വിജയം വരിക്കാം. അറബികള്‍ നിങ്ങളുടെ അധീനതയില്‍ വരും, അനറബികള്‍ നിങ്ങള്‍ക്ക് കീഴടങ്ങും, വിശ്വാസികളാകുന്നതോടെ സ്വര്‍ഗത്തിലെ രാജാക്കന്‍മാരാവുകയാണ് നിങ്ങള്‍.’
ദൈവാസ്തിക്യവും ഏകത്വവും സ്ഥാപിക്കാന്‍ ശ്രോതാക്കളുടെ ചിന്താമണ്ഡലത്തെ തട്ടിയുണര്‍ത്തുകയും ദൃഷ്ടാന്തങ്ങള്‍ നിരത്തി ബുദ്ധിയെ ഉദ്ദീപിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയുമായിരുന്നു നബി(ﷺ). മിത്തുകളും ഇതിഹാസങ്ങളും ഊഹക്കഥകളും നിരത്തി ആദര്‍ശം സമര്‍ഥിക്കുന്ന മനുഷ്യ നിര്‍മിത മതങ്ങളുടെ പാരമ്പര്യ ശൈലിയില്‍ നിന്നു പൂര്‍ണമായും വ്യത്യസ്ത രീതിയാണു തിരുനബി(ﷺ) സ്വീകരിച്ചത്.
തന്റെ വ്യക്തി മഹത്വങ്ങള്‍ അറിയുകയും അംഗീകരിക്കുകയും ചെയ്തിരുന്ന ഒരു സമൂഹത്തില്‍ ആ വ്യക്തിത്വം ഉയര്‍ത്തിക്കാട്ടുന്നതിന് പകരം ബുദ്ധി ഉപയോഗിക്കാനും പഠനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും സത്യപ്രസ്ഥാനത്തിന്റെ യഥാര്‍ഥ മുഖം ദര്‍ശിക്കാനുമാണു നബി(ﷺ) നിര്‍ദേശിച്ചത്. തന്റെ നിസ്തുലവും നിര്‍മലവുമായ, വ്യക്തിത്വം പ്രബോധിതരുടെ മുന്നില്‍ തുറന്ന് വെക്കുകയാണ് നബി(ﷺ) ചെയ്തത്.
‘മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന റബ്ബിനെ നിങ്ങള്‍ ആരാധിക്കുക, നിങ്ങള്‍ സൂക്ഷ്മതയും ഭക്തിയുമുള്ളവരാകാന്‍’ (അല്‍ബഖറഃ). ‘ആകാശ ഭൂമികളെ പടച്ചവനാണ് അല്ലാഹു. ആകാശത്തുനിന്ന് ജലം ഇറക്കി, ജലം ഉപയോഗിച്ച് അവന്‍ കായ്കനികള്‍ ഉല്‍പാദിപ്പിച്ചു, നിങ്ങള്‍ക്ക് ആഹരിക്കാന്‍ വേണ്ടിയാണിതൊക്കെ’ (ഖുര്‍ആന്‍).
‘സമുദ്ര സഞ്ചാരം നടത്താനായി നിങ്ങള്‍ക്കവന്‍ കപ്പലുകള്‍ അധീനപ്പെടുത്തിത്തന്നു. നദികളെ കീഴ്‌പ്പെടുത്തിത്തന്നു. രാപകലുകളെയും നിങ്ങള്‍ക്കവന്‍ അധീനപ്പെടുത്തി. നിങ്ങള്‍ ചോദിക്കുന്നതെന്തും നിങ്ങള്‍ക്കവന്‍ നല്‍കി. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കത് തിട്ടപ്പെടുത്താന്‍ സാധിക്കുകയില്ല. മനുഷ്യന്‍ നിഷേധിയും അക്രമിയുമത്രെ’ (ഖുര്‍ആന്‍).
‘ഒട്ടകം എങ്ങനെ സൃഷ്ടിക്കപ്പെട്ടു, ആകാശം എങ്ങനെ ഉയര്‍ത്തപ്പെട്ടു, ഗിരിസാനുക്കള്‍ എങ്ങനെ സ്ഥാപിക്കപ്പെട്ടു, ഭൂമി എങ്ങനെ വിതാനിക്കപ്പെട്ടു? അവര്‍ ചിന്തിക്കുന്നില്ലേ’. (ഖുര്‍ആന്‍) തുടങ്ങിയ ചിന്താര്‍ഹമായ പ്രമേയങ്ങള്‍ അത്യാകര്‍ഷകമായ ശൈലിയില്‍ തുറന്ന വേദികളില്‍ തിരുനബി(സ) അവതരിപ്പിച്ചു. ശ്രോതാക്കളുടെ മനോമുകുരത്തില്‍ ചിന്തയുടെയും നിരീക്ഷണത്തിന്റെയും കാറ്റുവീശി. തമസ്‌കരിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളും മണ്ണിട്ട് മൂടിയ ചിന്തകളും പുറത്തുവന്നു. മനുഷ്യഹൃദയങ്ങള്‍ സത്യം അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. അതായത്, ഇസ്‌ലാം നിര്‍ബന്ധം ചെലുത്തി അടിച്ചേല്‍പ്പിക്കേണ്ട ഒരു ആശയമല്ല, അതു ഹൃദയത്തിന്റെ തീരുമാനവും ബുദ്ധിയുടെ വിധിയുമാണ്. പഠിച്ചറിഞ്ഞുള്‍കൊള്ളേണ്ട പ്രത്യയശാസ്ത്രമാണ്. ഇസ്‌ലാമിക പ്രബോധകന്റെ ഉത്തരവാദിത്തം മനുഷ്യനെ ചിന്തിപ്പിക്കുക എന്നതാണ്. ചിന്തക്കും പഠനത്തിനും വിഘാതമായി കിടക്കുന്ന എല്ലാ ആവരണങ്ങളും മതില്‍ക്കെട്ടുകളും തകര്‍ത്തെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് മനുഷ്യനെ നയിക്കുകയാണ് ഇസ്‌ലാം.
തിന്‍മയുടെയും ജീര്‍ണതകളുടെയും അന്ധവിശ്വാസങ്ങളുടെയും ശിര്‍ക്കിന്റെയും ബന്ധനങ്ങളില്‍ നിന്നു മോചിതനാകുന്ന മനുഷ്യന്‍ തീര്‍ച്ചയായും തന്റെ ബുദ്ധി ഫലപ്രദമായി ഉപയോഗിച്ചാല്‍ അല്ലാഹുവിനെ കണ്ടെത്തുകയും സത്യം ഉള്‍കൊള്ളുകയും ചെയ്യുന്നു.
ഉക്കാള്, മിജുന്ന, ദില്‍മജാസ്, അഖബ തുടങ്ങിയ ചന്തകളിലെ കവല പ്രസംഗങ്ങള്‍ ജനഹൃദയങ്ങളെ പിടിച്ചുകുലുക്കി. മദീന, യമന്‍, ബഹ്‌റൈന്‍ തുടങ്ങിയ ദേശങ്ങളില്‍ നിന്നെത്തിയ കച്ചവടക്കാരും തീര്‍ഥാടകരും സാഹിത്യകാരന്‍മാരുമൊക്കെ ആ പ്രസംഗങ്ങള്‍ ശ്രദ്ധിച്ചു. അവരുടെ ഹൃദയത്തെ അതു വല്ലാതെ സ്വാധീനിച്ചു. മദീനക്കാരായ വ്യാപാരികളില്‍ ചിലര്‍ പ്രസംഗം കേട്ട് ഇസ്‌ലാം സ്വീകരിച്ചു. അവര്‍ മദീനയില്‍ തിരിച്ചെത്തി വ്യക്തിഗത സമീപനത്തിലൂടെ എല്ലാ വീടുകളിലും സന്ദേശമെത്തിച്ചു. മക്ക വൈമനസ്യം കാണിച്ചെങ്കിലും മദീനയെ ഇസ്‌ലാം ദീപ്തമാക്കുകയായിരുന്നു. ക്രമേണ യമനിലും ബഹ്‌റൈനിലും ഇസ്‌ലാമിന്റെ വെളിച്ചമെത്തി.
പ്രബോധകന്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ലഭിക്കുന്ന എല്ലാ അവസരങ്ങളും വിദഗ്ധമായി ഉപയോഗപ്പെടുത്തുകയും വേണം. ആരെയും ഭയക്കാനോ ആശ്രയിക്കാനോ പോകരുത്. ദൗത്യ നിര്‍വഹണത്തിനു ത്യാഗസന്നദ്ധനായിരിക്കണം തുടങ്ങിയ നല്ല പാഠങ്ങള്‍ തിരുനബി(ﷺ)യുടെ ആദ്യകാല പ്രബോധന ചരിത്രത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്നുണ്ട്.
തിരുനബി(ﷺ)ക്കെതിരെ ശത്രുക്കള്‍ സര്‍വതന്ത്രങ്ങളും പയറ്റി. അവര്‍ നിരന്തരമായി ദുരാരോപണങ്ങളുന്നയിച്ചു. കുപ്രചാരണങ്ങള്‍ നടത്തി. മുസ്‌ലിംകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. നബി(ﷺ)യുടെ പ്രഭാഷണങ്ങള്‍ക്കൊപ്പം ബദല്‍പരിപാടികളുമായി അബൂലഹബിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പിന്തുടര്‍ന്നു. ഓരോ പ്രഭാഷണം കഴിയുമ്പോഴും പിതൃവ്യനായ അബൂലഹബ് എഴുന്നേറ്റുനിന്ന് എതിര്‍ പ്രസംഗം നടത്തി: ”ഇതെന്റെ സഹോദര പുത്രനാണ്. ഇയാള്‍ക്ക് മാനസികരോഗമാണ്. പറയുന്നതൊക്കെ കള്ളമാണ്. ആരും അതൊന്നും ചെവികൊള്ളരുത്…” അബൂലഹബ് മലിനമായ ഭാഷയില്‍ പ്രതികരിച്ചു.
ശത്രുക്കളുടെ പീഡനം സഹിക്കവയ്യാതെ ജീവിതം ദുരിത പൂര്‍ണമായ ഘട്ടത്തിലും ആദര്‍ശത്തില്‍ നിന്നു വ്യതിചലിക്കാന്‍ നബി(ﷺ) ഒരുക്കമായിരുന്നില്ല. അര്‍ഖ(റ)മിന്റെ ഭവനത്തില്‍ ഒളിച്ചിരുന്നു അനുയായികള്‍ക്കു ഖുര്‍ആന്‍ പഠിപ്പിച്ചു. അവര്‍ക്ക് പരിശീലനം നല്‍കി. ഒളിത്താവളത്തില്‍ കുടിയ വിശ്വാസികളുടെ മനസ്സ് സ്ഫുടം ചെയ്‌തെടുത്തു. ആദര്‍ശത്തിനുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ അവരെ സന്നദ്ധരാക്കി. യഥാര്‍ഥത്തില്‍ ദാറുല്‍ അര്‍ഖം ഒരു ശില്‍പശാലയായിരുന്നു. അതീവ രഹസ്യമായി അവിടേക്ക് ആളുകള്‍ എത്തിക്കൊണ്ടിരുന്നു. അവരെ സ്വീകരിച്ചിരുത്തി ആദര്‍ശം പകര്‍ന്നുകൊടുത്തു. പ്രതികൂല സാഹചര്യത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന പാഠമാണു ദാറുല്‍ അര്‍ഖമില്‍ നിന്നു ലഭിക്കുന്നത്.
പ്രബോധന വഴികളില്‍ പുഷ്പഹാരങ്ങള്‍ ലഭിക്കണമെന്നില്ല. ക്ലേശപൂരിതവും പ്രയാസകരവുമായിരിക്കുകയും ചെയ്യും. ദുര്‍ഘട കടമ്പകള്‍ അതിജീവിക്കാന്‍ പ്രബോധകന് ശക്തമായ സഹനം ആവശ്യമാണ്. വിമര്‍ശനങ്ങളും പീഡനങ്ങളും സഹിക്കാന്‍ തിരുനബി(ﷺ) തയ്യാറായി. ശിഷ്യരെ അതിനായി ഉപദേശിച്ചു.

തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #3)

പ്രവാചകത്വ ലബ്ധിയുടെ അഞ്ചു വർഷം പിന്നിട്ടു. എതിർപ്പുകളുടെ ഒരായിരം കുന്തമുനകൾ കൂർപ്പിച്ച് നിൽക്കുന്നു. വിശ്വാസികളായി കടന്നു വന്നവർ നിരാശ്രയരും നിരാലംബരുമായി കഴിയുന്നു. ഇടംവലം തിരിയാൻ നിർവാഹമില്ലാതെ വിശ്വാസികൾ വീർപ്പുമുട്ടി കൊണ്ടിരുന്നു. വിശ്വാസം കൈ വിടുന്ന പ്രശ്നമില്ല, ജന്മദേശത്തു പിടിച്ചു നിൽക്കാനും നിർവാഹവുമില്ല. അപ്പോഴാണ് വടക്കു കിഴക്കൻ ആഫ്രിക്കയിലെ എത്യോപ്പയിലേക്ക് പലായനം ചെയ്യാൻ തിരുനബിയുടെ കൽപ്പന വന്നത്. അതിനനുസരിച്ച് പത്ത് പുരുഷന്മാരും നാല് സ്ത്രീകളും ദേശാടനം ചെയ്തു. ഒറ്റയ്ക്കും കാൽനടയായും കടൽ തീരെത്തെത്തിയ അവർ ഒത്തു കൂടി. രണ്ട് കൊച്ചു വള്ളങ്ങളിലായി അബ്സീനിയൻ തീരത്ത് അവർ അണഞ്ഞു. തുടർന്നങ്ങോട്ട് മക്കയിൽ നിന്ന് വിശ്വാസി സംഘങ്ങൾ അബ്സീനിയായിലേക്കും, ത്വാഇഫിലേക്കും ഹിജ്റ പോയി. അബ്സീനിയയിലേക്ക് മുസ്ലിംകൾ രക്ഷപ്പെട്ടുവെന്ന വാർത്ത അറിഞ്ഞപ്പോൾ സത്യ നിഷേധികൾ അവിടെയെത്തുകയും മുസ്ലിംകളെ സഹായിക്കുന്നതിൽ നിന്നും അബ്സീനിയൻ ചക്രവർത്തിയെ പിന്തിരിപ്പിക്കുകയും ചെയ്തു. പക്ഷെ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ രാജാവ് വസ്തുതകൾ വിലയിരുത്തി ഖുറൈശികളെ അവഗണിക്കുകയാണ് ചെയ്തത്.

ഒരു നാൾ അബൂജഹൽ തിരുനബിയെ വല്ലാതെ ശകാരിക്കുകയും അസഭ്യം പറയുകയും ചെയ്തു. അതു നബിയെ വല്ലാതെ വേദനിപ്പിച്ചു ഇൗ വാർത്ത നബി പിതൃവ്യനായ ഹംസയെ ചൊടിപ്പിച്ചു. ഹംസ (റ) ഇൗർഷ്യതയോടെ അബൂ ജഹ്ലിന്റെ അടുത്ത് ഒാടിയെത്തി. “ഞാനും മുഹമ്മദിന്റെ പക്ഷത്ത് ചേർന്നിരിക്കുന്നു. നിനക്കെന്തു ചെയ്യാൻ കഴിയും’. ധൈര്യവും, സ്തൈര്യവും സ്പുരിക്കുന്ന ഹംസ(റ) യുടെ മുഖത്ത് നോക്കി അബൂജഹ്ൽ ഒരക്ഷരം മിണ്ടിയില്ല. ക്ഷുബ്ധനായ അബൂജഹ്ൽ തൊട്ടാവാടി കണക്കെ വാടിത്തളർന്നു. ഹംസ(റ) യുടെ പ്രവേശം ഇസ്ലാമിനു വലിയ ശക്തി പകർന്നു. അപ്രകാരം ഖത്താബിന്റെ മകൻ ഉമറിന്റെ ഇസ്ലാം ആശ്ലേഷവും തിരുനബിക്ക് ശക്തിയേകി. ഇൗ രണ്ട് വമ്പന്മാരുടെ കടന്ന് വരവോടെ തളർന്ന മുസ്ലിം മനസ്സുകൾക്ക് ധൈര്യമായി. അവർ പരസ്യമായി രംഗത്തിറങ്ങി. അതോടെ നബിയെ സഹായിക്കുന്ന കുടുംബങ്ങളെ ഒറ്റപ്പെടുത്തുന്ന നിസ്സഹകരണ പത്രിക ഖുറൈശികൾ എഴുതിയുണ്ടാക്കി കഅ്ബയിൽ കെട്ടിത്തൂക്കി. പക്ഷെ, മുസ്ലിംകൾക്കതിലൊന്നും തളർച്ച വന്നില്ല.

വർഷങ്ങൾ കടന്നു പോയി. നുബുവ്വത്ത് ലഭിച്ചിട്ട് 10 വർഷമായിരിക്കുന്നു. തിരുനബിക്ക് 49 വയസ്സും 6 മാസവും പ്രായവുമാണ്. അപ്പോഴാണ് തിരുനബിയുടെ താങ്ങും തണലുമായ പത്നി ഖദീജയും പിതൃവ്യൻ അബൂ ത്വാലിബും മരണപ്പെട്ടത്. ഇരുവരുടേയും മരണം തിരുനബിയുടെ മനസ്സിനെ ആഘാതമേൽപ്പിച്ചു. ദു:ഖത്തിന്റെ വർഷം എന്നാവർഷത്തിന് പേരിട്ടു. “എന്റെ തല മണ്ണിൽ കുത്തുവോളം മകനെ, നിന്നെ ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല’. എന്ന് പ്രഖ്യാപിച്ച സ്നേഹക്കനിവായിരുന്നു അബൂ ത്വാലിബ്. അബൂ ത്വാലിബിന്റെ മരണത്തോടെ ഖുറൈശിന്റെ കുറുമ്പിന് മൂർച്ചയേറി. ഇനി മുഹമ്മദിനെ തടുക്കാൻ ആളില്ല എന്നവർ മനസ്സിലാക്കി. ക്രൂരതയുടെ സകല ദുർഭൂതങ്ങളും അഴിഞ്ഞാടി. തിരുനബിയുടെ കഴുത്തിൽ കയറിട്ട് കുരുക്കി കൊല്ലാൻ ശ്രമിച്ചു. അബൂബക്കർ സിദ്ധീഖ്(റ) ഒാടി വന്ന് രക്ഷപ്പെടുത്തി. തലയിൽ മണ്ണു വാരിയിട്ടു. നബി പുത്രി അത് കഴുകി വൃത്തിയാക്കി. കഅ്ബയുടെ തണലിൽ നിസ്കരിക്കുമ്പോൾ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽ മാല ശിരസ്സിൽ ചാർത്തി ഏതോ വിവാഹ വീട്ടിൽ ദിവസങ്ങൾക്ക് മുമ്പ് അറുത്ത ഒട്ടകത്തിന്റേതായിരുന്നു ആ കുടൽ മാല. നര സ്നേഹിയായ തിരുനബി മറുത്തൊന്നും ചെയ്യാതെ ദൈവീക കോടതിയിൽ വേദനകൾ അർപ്പിച്ചു എഴുന്നേറ്റു പോയി. അവസാനം രക്ഷ കിട്ടുമെന്ന് കരുതി മക്കയിൽ നിന്ന് 80 കി.മീ. ദൂരമുള്ള ത്വാഇഫിലേക്ക് പലായനം ചെയ്തു. അവിടെയും രക്ഷയുണ്ടായില്ല. തെരുവുപിള്ളേരെ വിട്ട് നബിയെ അവർ കല്ലെറിയുകയും കൂക്കി വിളിക്കുകയും പരിഹസിക്കുകയും ചെയ്തു. വിശാല മനസിന്റെ ഉടമയായ തിരുനബി മറുത്തൊന്നും പറഞ്ഞില്ല. സത്യമെന്ന് തോന്നിയത് പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രബോധന സംഘം ഈ മാതൃക സ്വീകരിക്കേണ്ടതാണ്. പ്രകോപനങ്ങള്‍ക്ക് മുമ്പില്‍ പതറരുത്. എതിര്‍പ്പുകള്‍ക്ക് മുമ്പില്‍ ചൂളരുത്. പ്രതിയോഗികള്‍ക്കു നേരെ തിരിയരുത്. എല്ലാം ഉള്‍ക്കൊള്ളാനുതകുന്ന വിശാല മനസ്സുകളുടെ ഉടമയാകണം പ്രബോധകര്‍.

നൂര്‍ പര്‍വതത്തിലെ ഹിറാ ഗുഹയില്‍ ഏകനായി കഴിഞ്ഞു കൂടുന്നതിനിടെ ജിബ്‌രീല്‍ (അ) ആഗതനായി തിരുനബി(സ)ക്കു വഹ്‌യ് നല്‍കി. വഹ്‌യ് ലഭിച്ച കാര്യം പത്‌നി ഖദീജയെ അറിയിക്കുകയും അവര്‍ നബിക്ക് പ്രതീക്ഷ നല്‍കുകയും ചെയ്തു.

നബി (സ) തന്റെ സന്തത സഹചാരി അബൂബക്കര്‍ സ്വിദ്ദീഖി(റ)ലുടെയാണ് പ്രബോധനം ആരംഭിക്കുന്നത്. ഒട്ടും താമസിയാതെ സ്വിദ്ദീഖ് അതുള്‍കൊള്ളുകയും നബിയില്‍ വിശ്വസിക്കുകയും ചെയ്തു. പിന്നീട് ചെറുപ്പക്കാരനായ അലി(റ) വിശ്വാസിയായി. പ്രബോധനം സിദ്ധിച്ചവര്‍ അവരുടെ കൂട്ടുകാര്‍, പരിചയക്കാര്‍, ബന്ധുക്കള്‍, അടിമകള്‍ എന്നിവരുമായി വ്യക്തിഗത പ്രബോധനം നടത്തി. വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് സന്ദേശം കൈമാറുകയും വളരെ പെട്ടെന്ന് ഇസ്‌ലാം പ്രചാരം നേടുകയും ചെയ്തു. വ്യക്തികളെതേടി തിരുനബി(സ) മക്കയിലെ ഓരോ വീട്ടിലും ചെന്ന് അവിടത്തെ പുരുഷരും സ്ത്രീകളും അടങ്ങുന്ന അംഗങ്ങളോടു സംസാരിച്ചു. മനുഷ്യന്റെ മഹത്വവും ഏകദൈവ വിശ്വാസത്തിന്റെയും ആരാധനയുടെയും പ്രസക്തിയും ബുദ്ധിപരമായി അവരെ ബോധ്യപ്പെടുത്തി. സൗമ്യവും വിനയപൂര്‍വവുമായിരുന്നു തിരുനബി ശൈലി.

അല്ലാഹുവിന്റെ ഏകത്വം അഗീകരിക്കാനും ഏകമാനവികതയുടെ ഭാഗമായിത്തീരാനും ഖുറൈശികളെ അവിടുന്ന് ക്ഷണിച്ചു. സത്യത്തിലേക്ക് ക്ഷണവുമായെത്തിയ തിരുദൂതര്‍ പലതരം പ്രതികരണങ്ങളെയാണ് നേരിടേണ്ടിവന്നത്. ഒരു വിഭാഗം ആദരപൂര്‍വം സ്വീകരിച്ചു. ഉപദേശങ്ങള്‍ ശ്രദ്ധിച്ചുകേട്ടു. പരിഗണിക്കാമെന്ന ഉപചാരവാക്കുകളോടെ നബി(സ)യെ തിരിച്ചയച്ചു. മറ്റൊരു വിഭാഗം ധിക്കാരപൂര്‍വം പെരുമാറി, അസഭ്യാഭിഷേകം ചെയ്തു. അഹന്തയോടെ തട്ടിക്കയറി.  ഉപദേശങ്ങള്‍ക്കു അവസരം പോലും നല്‍കിയില്ല. വേറൊരു കൂട്ടര്‍ എല്ലാം കേട്ടിരുന്നു. പറയുന്നതെല്ലാം സത്യമാണെന്ന് അവര്‍ക്കു ബോധ്യമുണ്ടായിരുന്നു. പക്ഷേ, സത്യം അംഗീകരിക്കുന്നതിലൂടെ തങ്ങളുടെ ഭൗതിക താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുമെന്ന് അവര്‍ ഭയന്നു. ചിലര്‍ ഇസ്‌ലാമിലൂടെ സ്വകാര്യ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് കരുതി കടുത്ത ചില നിബന്ധനകളുന്നയിച്ചു. താങ്കളുടെ മതം പ്രചരിക്കുകയും അറബികള്‍ ഈ മതത്തില്‍ അണിനിരക്കുകയും ചെയ്താല്‍ രാജ്യത്തിന്റെ ഭരണം ആര്‍ക്കായിരിക്കും? ഭരണത്തില്‍ പങ്കാളിത്തം ഉറപ്പ് തരികയാണെങ്കില്‍ താങ്കളെ അംഗീകരിക്കാം. ഇല്ലെങ്കില്‍ ആലോചിച്ചു വേണം.  ഇതായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതികരണം. മാന്യത പുലര്‍ത്തിയ ഒന്നാം വിഭാഗം ഇസ്‌ലാം സ്വീകരിക്കുകയും രണ്ടാം വിഭാഗം ധിക്കാരവും വിരോധവും പ്രകടിപ്പിക്കുകയും ചെയ്തു. ഇവര്‍ ബദ്‌റില്‍ മുസ്‌ലിംകളുമായുള്ള യുദ്ധത്തില്‍ പരാജയപ്പെടുകയും ഇനിയൊരു വിഭാഗം സാഹചര്യത്തിന്റെ സമ്മര്‍ദം മൂലം ദുഷ്ടലാക്കോടെ ഇസ്‌ലാം സ്വീകരിക്കുകയും പിന്നീട് കപട വിശ്വാസികളായിത്തീരുകയും ചെയ്തു.

തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #2)

യൗവനത്തിൽ സാമൂഹിക പ്രവർത്തനങ്ങളിലും ആതുര ശുശ്രൂഷയിലും ഇടയവൃത്തിയിലും ഏർപെട്ടിരുന്നു. സേവന സന്നദ്ധനും സത്യസന്ധനുമായ ഒരു ചെറുപ്പക്കാരൻ എന്ന സൽപേരിനുടമയായിരുന്നു. എന്നാൽ ദിവ്യത്വമോ പ്രവാചകത്വ പദവിയോ അവകാശപ്പെട്ടിരുന്നില്ല. 40 വയസ്സിനോടടുത്തപ്പോൾ പ്രവാചകത്വ നിയോഗത്തിന്റെ ചില സൂചനകൾ പ്രകടമാകാൻ തുടങ്ങി. വഴിയോരങ്ങളിലെ ശിലകളും വൃക്ഷങ്ങളും നബിക്ക് സലാം പറയുന്നു. അവിടുന്ന് അഭിവാദ്യ ശബ്ദങ്ങൾ കേൾക്കും, തിരിഞ്ഞു നോക്കുമ്പോൾ ആളെ കാണുകയില്ല (മുസ്ലിം). അപ്രകാരം നിരന്തരം സ്വപ്ന ദർശനങ്ങളുമുണ്ടായി. ആറുമാസക്കാലം നീണ്ടുനിന്ന ഇൗ സ്വപ്നങ്ങൾ ഒാരോന്നും പ്രഭാതം കണക്കെ പുലർന്ന സത്യങ്ങളായിരുന്നു. ദിവ്യസന്ദേശത്തിന്റെ ആമുഖമായിരുന്നു ഇവ. ദൈവ ദൂതൻമാരുടെ സ്വപ്നങ്ങൾ ദിവ്യ സന്ദേശങ്ങളാണ്. തുടർന്നുള്ള നാളുകളിൽ ജനങ്ങളിൽ നിന്ന് അകന്നു ഏകാന്തനായി ആരാധനയാൽ കഴിയണമെന്ന ആഗ്രഹമുണ്ടായി. മക്കയുടെ സമീപം ജബലുന്നൂർ എന്ന പർവത ശിഖിരത്തിലുള്ള ഹിറാ ഗുഹയിൽ പോയി തിരുനബി ഏകാന്തവാസം തുടങ്ങി. അത്യാവശ്യത്തിനുള്ള ഭക്ഷണം കൂടെ കൊണ്ടുപോകും. ഭക്ഷണവുമായി ബീവി ഖദീജ അവിടെ സന്ദർശിച്ചു കൊണ്ടിരുന്നു.

റമളാൻ 17ന് തിങ്കളാഴ്ച മാലാഖയായ ജിബ്രീൽ പ്രത്യക്ഷപ്പെട്ടു. “വായിക്കൂ..’ എന്ന് നബിയോട് കൽപ്പിച്ചു. ഞാൻ വായന അറിയുന്ന ആളല്ല എന്ന് നബി മറുപടി പറഞ്ഞു. ജിബ്രീൽ നബിയെ മുറുകെ പുണർന്ന ശേഷം. വീണ്ടും ആജ്ഞ: “വായിക്കുക’ തിരുനബി ആദ്യമറുപടി ആവർത്തിച്ചു. മൂന്നു തവണ ആജ്ഞയും മറുപടിയും ആവർത്തിച്ചതിന് ശേഷം ഖുർആന്റെ ആദ്യ വചനങ്ങൾ ജിബ്രീൽ ഒാതിക്കേൾപ്പിച്ചു.

സൃഷ്ടിച്ചവനായ താങ്കളുടെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ രക്ത പിണ്ഡത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക, താങ്കളുടെ റബ്ബ് അത്യുദാരനാകുന്നു. അവൻ പേന കൊണ്ട് എഴുത്ത് പഠിപ്പിച്ചവനാണ്. തനിക്കറിയാത്തത് അവൻ മനുഷ്യനെ പഠിപ്പിച്ചിരിക്കുന്നു.’ വിശുദ്ധ ഖുർആനിലെ 96-ാം അദ്ധ്യായത്തിലെ 5 വരെയുള്ള സൂക്തങ്ങൾ മാലാഖ നബിക്ക് പഠിപ്പിച്ചു കൊടുത്തു. ദിവ്യബോധനത്തിന്റെ ആരംഭമായിരുന്നു അത്. ഖുർആൻ അവതരണത്തിന്റെ തുടക്കവും. കൃത്യമായി പറഞ്ഞാൽ 40 വയസ്സും 6 മാസവും 5 ദിവസവും പ്രായമായിരുന്നു തിരുനബിക്കന്ന്. മാലാഖയെ കണ്ടു ഭയപ്പെട്ട നബിക്ക് പനി ബാധിച്ചു. സങ്കടത്തോടെ ഖദീജ ബീവിയെ സമീപിച്ചു. ഖദീജ ബീവി സാന്ത്വനപ്പെടുത്തി.

എഴുതാനും വായിക്കാനുമുള്ള ആഹ്വാനമാണ് ഖുർആന്റെ ആദ്യാവതരണത്തിൽ അല്ലാഹു നൽകിയിരിക്കുന്നത്. മുസ്ലിം ലോകം ഇൗ ആഹ്വാനം ഗതകാലങ്ങളിൽ ചെവി കൊണ്ടിട്ടുണ്ട്. അവർ വിജ്ഞാനത്തിന്റെ കൈത്തിരികളുമായി ലോകം മുഴുവൻ കറങ്ങി. ധാരാളം പഠിച്ചു. സകല ശാസ്ത്ര കലകളിലും കടന്നെത്തി. ആഴത്തിലുള്ള വിജ്ഞാനം സമ്പാദിച്ചു. അന്ത്യനാൾ വരെ വരുന്ന തലമുറകൾക്ക് പഠിക്കാനും പകരാനുമുതകുന്ന വിധം ലക്ഷക്കണക്കിന് ഗ്രന്ഥ രചനകൾ നടത്തി. വിവിധ ശാസ്ത്ര കലകൾക്ക് പുറമെ മതവിഷയങ്ങളിലും അവർ അവഗാഹം നേടി. വിശുദ്ധ ഖുർആനിന്റെ വ്യാഖ്യാനങ്ങൾ തന്നെ അനേകം കപ്പലുകളിൽ കയറ്റാൻ മാത്രം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു.

എന്തു വായിക്കണമെന്നത് കൂടി ഖുർആനിന്റെ ആദ്യാഹ്വാനത്തിലുണ്ട്. നേർമാർഗം വിട്ട് വക്ര വഴികളിലേക്കു നയിക്കുകയോ വക്ര ബുദ്ധി ഉണ്ടാക്കുകയോ ചെയ്യുന്ന സാഹിത്യങ്ങൾ വായിക്കരുത്. വായന ദൈവീക അനുഗ്രഹമാണ്. ദൈവീക നാമം ചൊല്ലി വായിക്കാൻ പറ്റുന്നത് മാത്രമേ വായനക്കു വേണ്ടി തെരഞ്ഞെടുക്കാൻ പാടുള്ളൂ.

നാൽപ്പത് നാളത്തെ ഇടവേളക്കു ശേഷം വീണ്ടും ഖുർആൻ അവതരിച്ചു. തുടർന്നങ്ങോട്ട് 23 സംവത്സരങ്ങൾ കൊണ്ട് സാഹചര്യങ്ങൾക്കും സന്ദർഭത്തിനനുസൃതവുമായി അവതീർണമായതാണ് വിശുദ്ധ ഖുർആൻ ദൈവീക നിയമങ്ങളുടെ വിവരണവും ഉദ്ദേശ്യ ലക്ഷ്യങ്ങളും വിവരിക്കുന്നതിനാണ് തിരുനബിയെ അല്ലാഹു അയച്ചിട്ടുള്ളത്. തന്റെ ദൗത്യനിർവഹണത്തിന് താമസം വിന മുന്നിട്ടിറങ്ങണമെന്ന് തിരുനബി ദൃഢനിശ്ചയം ചെയ്തു. കാണുന്ന സകല ചരാചരങ്ങളേയും ഇൗശ്വരൻമാരാക്കി ആരാധിച്ച് കൊണ്ടിരിക്കുന്നവരെ ഏക ദൈവ വിശ്വാസത്തിലേക്ക് നയിക്കുന്ന ശ്രമകരമായ കൃത്യമാണ്. തന്ത്രങ്ങളാവിഷ്കരിച്ച് മാത്രമേ പ്രബോധനത്തിനിറങ്ങാൻ സാധിക്കുകയുള്ളൂ. അതിനാൽ ആദ്യം തന്റെ സ്നേഹിതൻമാർ, ഭാര്യ, അുടത്ത കുടുംബങ്ങൾ എന്നിവരോട് രഹസ്യമായി പ്രബോധനം നടത്തി. ഏകനായ അല്ലാഹുവിൽ വിശ്വസിക്കണമെന്നും പരദൈവങ്ങളെ ഉപേക്ഷിക്കണമെന്നും അല്ലാഹുവിന്റെ ദൂതനാണ് താനെന്നും അവരെ ഉപദേശിച്ചു. സംശയ ലേശമന്യേ അവർ അത് വിശ്വസിച്ചു. അബൂബക്കർ സിദ്ധീഖ് (റ), ഖദീജ (റ), അലി (റ), സൈദ് (റ) തുടങ്ങിയവർ ആദ്യകാല വിശ്വാസികളിൽ പെടുന്നു. മൂന്നു വർഷം നീണ്ടു നിന്നു രഹസ്യമായ ഇൗ പ്രബോധനം. ഖുറൈശീ കുടുംബത്തിലെ ഒട്ടുമുക്കാൽ ഭവനങ്ങളിലും തൗഹീദിന്റെ വെള്ളി വെളിച്ചം കടന്നു ചെന്നു. അതോടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നതിന് ഒരു കേന്ദ്രം  ആവശ്യമായി വന്നു. അർഖം സ്വഹാബിയുടെ വസതി അതിനായി തെരെഞ്ഞെടുത്തു. വിശ്വാസികൾ അവിടെ ഒത്തു കൂടുകയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്തു വന്നു. ഖുറൈശീ വര്യന്മാർ ഇൗ വാർത്ത ഞെട്ടലോടെ ശ്രവിച്ചു കൊണ്ടിരുന്നു. വിശ്വാസികളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കാൻ തുടങ്ങി. എതിർപ്പുകൾ വിലപ്പോകാതെ വന്നപ്പോൾ പീഢനങ്ങൾ തുടങ്ങി. ക്രൂരവും നിഷ്ഠൂരവുമായ മർദനമുറകൾക്ക് ആദ്യകാല വിശ്വാസികളായ അബൂബക്കർ(റ), അബ്ദുല്ലാഹി ബ്നു മസ്ഉൗദ്(റ) ബിലാൽ (റ), ഉസ്മാനുബ്നു അഫ്ഫാൻ (റ), അബൂ ദർറ് (റ), ഖാലിദ്ബ്നു സഇൗദ് (റ) എന്നിവർ വിധേയരായി. അമ്മാർ തന്റെ പിതാവ് യാസിർ, മാതാവ് സുമയ്യ(റ) എന്നിവരെ ചുട്ടുപഴുത്ത കൽഭൂമിയിൽ കിടത്തി ക്രൂരമായി പീഡിപ്പിച്ചു. ഉസ്മാനു ബ്നു അഫ്ഫാനെ കെട്ടിയിട്ടു മർദ്ധിച്ചു. പീഢനങ്ങൾക്ക് മുമ്പിൽ പതറാതെ ഉറച്ചു നിന്ന ശിഷ്യ വിശ്വാസികളെ നോക്കി നെടുവീർപ്പിടാനേ തിരുനബിക്ക് കഴിഞ്ഞുള്ളൂ. ക്ഷമിക്കൂ, പരലോകത്ത് നിങ്ങൾക്ക് പ്രതിഫലം ലഭിക്കും എന്നിങ്ങനെ അവരെ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു. തിരുനബിയേയും അനുചരൻമാരേയും പിന്തിരിപ്പിക്കുന്നതിന് വേണ്ടി ഖുറൈശികൾ നബിയുടെ സംരക്ഷകനായ അബൂത്വാലിബിനെ അവർ സമീപിച്ചു കൊണ്ടു പറഞ്ഞു. “പൂർവികമായി നാം ആരാധിച്ച് കൊണ്ടിരിക്കുന്ന കുല ദൈവങ്ങളെ മുഹമ്മദ് തിരുത്താൻ ശ്രമിക്കുകയാണ്. അതിനാൽ താങ്കളിടപെട്ട് മുഹമ്മദിനെ പിന്തിരിപ്പിക്കണം. മുഹമ്മദിന് എന്താണവശ്യമെങ്കിൽ ഞങ്ങൾ അത് നിർവഹിച്ച് കൊടുക്കാം. തരുണികളെ വേണമോ അതു നൽകാം, അതോ മറ്റെന്തെങ്കിലുമാണെങ്കിൽ അതും.  വാർധക്യ സഹജമായ രോഗ ബാധിതനായി കിടക്കുന്ന അബൂത്വാലിബിനെ അവഗണിക്കാൻ നബിക്ക് കഴിഞ്ഞില്ലെങ്കിലും ഒരു പ്രഖ്യാപനം തിരുനബി പിതൃവ്യന്റെ സാന്നിദ്ധ്യത്തിൽ നടത്തുകയുണ്ടായി. “അല്ലാഹുവാണ് സാക്ഷി – പിതൃവ്യാ – എന്റെ വലതു കയ്യിൽ സൂര്യനും ഇടതു കയ്യിൽ ചന്ദ്രനെയും വെച്ചുതന്നാൽ പോലും എന്റെ പ്രബോധന വഴിയിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ സാധ്യമല്ല’. ഒടുവിൽ ഖുറൈശികൾ ഹജ്ജുവേളയിൽ നാനാ ഭാഗങ്ങളിൽ നിന്ന് വരുന്ന ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് എന്ത് ചെയ്യണമെന്ന ഗൂഢാലോചന നടത്തി. സത്യ നിഷേധികളായ ഖുറൈശികൾ ഒത്തുകൂടിയ വേദിയിൽ വിവിധ അഭിപ്രായങ്ങൾ പൊന്തി വന്നു. ചിലർ പറഞ്ഞു ജോത്സ്യനാണെന്ന് പ്രഖ്യാപിക്കാം, ഭ്രാന്തനാണെന്ന് പറയാം – വേറെ ചിലരുടെ അഭിപ്രായം ജാല വിദ്യക്കാരനാണെന്ന് പ്രഖ്യാപിക്കാം എന്ന്.  അവസാനം പറഞ്ഞ അഭിപ്രായത്തിൽ ഉറച്ച് അവർ പിരിഞ്ഞു. എന്നാൽ അനേകം ഹാജിമാർക്കിടയിൽ നബിയുടെ കീർത്തി പ്രചരിക്കാൻ മാത്രമേ അതുപകരിച്ചുള്ളൂ.

തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #1)

പ്രവാചക ശൃംഖലയിൽ അബുൽ അമ്പിയാഅ് (പ്രവാചകൻമാരുടെ പിതാവ്) എന്ന അപരനാമത്തിലാണ് ഖലീലുല്ലാഹി ഇബ്റാഹീം നബി(അ) അറിയപ്പെട്ടത്. വാർധക്യ കാലത്ത് അദ്ദേഹത്തിന് സന്താന സൗഭാഗ്യമുണ്ടായി, പതിമൂന്ന് സന്താനങ്ങൾ പിറന്നു. അവരിൽ മുതിർന്നവരും ശ്രേഷ്ഠരുമായ ഇസ്മാഇൗൽ നബി(അ) ആധുനിക അറബികളുടെ പിതാവായി അബുൽ അറബ് എന്ന അപരനാമത്തിൽ അറിയപ്പെട്ടു. വിശുദ്ധ മക്കയിലാണ് ഇസ്മാഇൗൽ നബി(അ) വളർന്നത്. പുരാതന അറബി ഗോത്രമായ ജുർഹുമിൽ നിന്ന് വിവാഹം കഴിച്ചു. ആ സന്താന പരമ്പരയിൽ ഏറ്റവും ശ്രേഷ്ഠനായ നാബിതിന്റെ ശാഖയിലാണ് മുഹമ്മദ് നബി(ﷺ) ജനിച്ചത്. വിവിധ ഗോത്രങ്ങളിലായി പിരിഞ്ഞ അറബികൾ പ്രധാനമായും രണ്ടു ശാഖകളായി പിരിയുന്നു. ഖഹ്ത്വാൻ, അദ്നാൻ. ഖഹ്ത്വാനികൾ ആദ്യകാലത്ത് യമനിലും പിൽക്കാലത്ത് ഒമാനിലും കുടിയേറി. അദ്നാനികൾ ഹിജാസിന്റെ വിവിധ ഭാഗങ്ങളിൽ അതിവസിച്ചു.

നബി(ﷺ)യുടെ പതിമൂന്നാമത്തെ പിതാമഹനായ കിനാനത്തിന്റെ മകൻ നളറിന് ഖുറൈശ് എന്നും പേരുണ്ടായിരുന്നു. അഗതികളേയും അശരണരേയും സഹായിക്കുവാനായി തന്റെ ധനമത്രയും ചിലവഴിച്ച് ഒൗദാര്യം കാണിച്ചതു കൊണ്ടാണ് നള്റ് എന്ന ഇൗ  വിശേഷ നാമം കൈവന്നത്. ഖുറൈശികൾ പരിശുദ്ധ മക്കയെ വാസകേന്ദ്രമായി തിരഞ്ഞെടുത്തു. ഖുറൈശീ ഗോത്രത്തിൽ 12 പരമ്പരകളുണ്ട്. അവരിൽ ഏറ്റവും ശ്രേഷ്ടരായ അബ്ദു മനാഫ് സന്തതികളിൽ 4 താവഴികൾ മഹാത്മാക്കളാണ്. അവരിൽ ഏറ്റവും ശ്രേഷ്ഠമായവർ ഹാശിം സന്തതികളത്രെ. നബി(ﷺ) യുടെ കുടുംബപ്പെരുമയുടെ രത്നച്ചുരുക്കം താഴെ പറയുന്ന നബിവചനങ്ങളിൽ കാണാം. “നിശ്ചയം ഇബ്റാഹീം നബി(അ)യുടെ സന്തതികളിൽ നിന്ന് ഇസ്മാഇൗലിനേയും(അ) ഇസ്മാഇൗലിന്റെ(അ) സന്തതികളിൽ കിനാനത്ത് സന്തതികളേയും അദ്ദേഹത്തിന്റെ സന്തതികളിൽ ഖുറൈശിനേയും ഖുറൈശികളിൽ ഹാശിം സന്തതികളേയും അവരിൽ നിന്ന് എന്നേയും അല്ലാഹു തെരെഞ്ഞെടുത്തു.’ (മുസ്ലിം)

അറേബ്യൻ ഗോത്രങ്ങളിൽ ഉന്നതരായ ഖുറൈശി തറവാട്ടിൽ സർവ ശ്രേഷ്ഠ കുടുംബമായ ഹാശിം സന്തതികളിൽ അബ്ദുൽ മുത്ത്വലിബിന്റെ മകനായ അബ്ദുല്ലയുടെയും ബനൂസഹ്റ തറവാട്ടിലെ അംഗമായ വഹബിന്റെ പുത്രി ആമിനയുടേയും മകനായി ക്രിസ്താബ്ദം 571 റബീഉൽ അവ്വൽ 12 ന് തിങ്കളാഴ്ചയുടെ പ്രഭാതത്തിൽ വിശുദ്ധ മക്കയിലെ അബൂ ത്വാലിബിന്റെ വസതിയിൽ നബി(ﷺ) ഭൂജാതനായി. അബ്ദുർറഹ്മാനുബ്നു ഒൗഫിന്റെ മാതാവ് ശിഫാഅ് ബീവിക്കാണ് നബി(ﷺ) യുടെ പ്രസവമെടുക്കാൻ ഭാഗ്യം സിദ്ധിച്ചത്. പിതാവ് അബ്ദുല്ലയുടെ ഭൃത്യയായിരുന്ന ബറക എന്ന പേരുള്ള ഉമ്മു അയ്മനാണ് ശിശുവിനെ പരിപാലിച്ചത്. സാധാരണ ശിശുക്കളിൽ നിന്നും വ്യത്യസ്തമായ ചില അത്ഭുതങ്ങൾ പ്രകടിപ്പിച്ചു കൊണ്ടാണ് നബി(സ) പിറന്നു വീണത്. ചേലാകർമം ചെയ്യപ്പെട്ടിരുന്നു, പൊക്കിൾ കൊടി മുറിക്കപ്പെട്ടിരുന്നു, സുറുമ എഴുതപ്പെട്ടിരുന്നു. അനസ്(റ) വിൽ നിന്നും ഇബ്നു അസാക്കിർ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസിൽ ഇത് പ്രസ്താവിച്ചിട്ടുണ്ട്. “ചേലാ മുറിക്കപ്പെട്ട നിലയിൽ ഞാൻ പിറന്നത് അല്ലാഹു എനിക്ക് ചെയ്ത ആദരവാണ്. എന്റെ ലൈംഗികാവയവം ആരും  കാണാതിരിക്കാൻ. നബി(ﷺ)യുടെ കുടുംബം, കുടുംബ മഹിമ, ജനനം, ജനന തിയ്യതി, സ്ഥലം, സമയം തുടങ്ങിയ സകല കാര്യങ്ങളും ആധികാരികമാണെന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു.

തിരുനബി(ﷺ)യുടെ ജനനം അബൂത്വാലിബിന്റെ ഭവനത്തിന്റെ നാല് ഭിത്തികൾക്കുള്ളിൽ ആരുമറിയാത്ത രഹസ്യമായിരുന്നില്ല. പ്രത്യുത, ലോകത്തെ വിസ്മയിച്ച അത്ഭുതങ്ങൾ കാണിച്ചുകൊണ്ടാണ് നബി(ﷺ) ഭൂജാതനായത്. പ്രസവിച്ച ഉടനെ ഉമ്മ ആമിനാ ബീവി(റ) പിതാമഹനായ അബ്ദുൽ മുത്ത്വലിബിനെ വിളിപ്പിച്ചു. കഅ്ബ പ്രദക്ഷിണം ചെയ്തിരുന്ന അദ്ദേഹം ഒാടിയെത്തി. “താങ്കളുടെ പൗത്രനായി ഒരത്ഭുത ശിശു പിറന്നിരിക്കുന്നു.’ അകത്ത് നിന്ന് ഉമ്മ വിളിച്ചു പറഞ്ഞു. അബ്ദുൽ മുത്ത്വലിബിന്റെ മുഖത്ത് ജിജ്ഞാസ. ഒരാന്തലോടെ അദ്ദേഹം ചോദിച്ചു: “പൂർണ ശിശുവല്ലേ?’, അതേ കുഴപ്പമൊന്നുമില്ല, സുജൂദിൽ വീണു കൊണ്ടാണ് കുട്ടി ഭൂജാതനായത്. പിന്നെ ശിരസ്സും രണ്ടു വിരലുകളും ആകാശത്തേക്കുയർത്തുകയും ചെയ്തു. ആമിനാ ബീവി(റ) പറഞ്ഞു. സന്തോഷ പുളകിതനായ അബ്ദുൽ മുത്ത്വലിബ് കുഞ്ഞിനേയും എടുത്ത് കഅ്ബ ത്വവാഫ് ചെയ്തു. ശേഷം മുഹമ്മദ് എന്ന് നാമകരണം ചെയ്തു. മക്കയിലെ ഇൗ ജനനം പല ദേശങ്ങളിലും രാജ കൊട്ടാരങ്ങളിലും തൽസമയം ഞെട്ടലുണ്ടാക്കി. കുഫ്റിന്റെ കോട്ടകൊത്തളങ്ങളിലെ വിഗ്രഹങ്ങൾ തലകുത്തി വീണു. പേർഷ്യയിലെ കിസ്റാ കൊട്ടാരം പ്രകമ്പനം കൊണ്ടു. കമ്പനത്തിൽ 14 ഗോപുരങ്ങൾ തകർന്നുവീണു. ഒരു സഹസ്രാബ്ദമായി കെടാതെ കത്തിനിൽക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന അഗ്നികുണ്ഡം കെട്ടടങ്ങി. സാവാ, ത്വബരിയ്യ തടാകങ്ങൾ ഒരിറ്റു വെള്ളമില്ലാതെ വറ്റിവരണ്ടു. ഒരു പ്രഭാതത്തിന്റെ വിടർച്ചയിൽ സംഭവിച്ച ഇൗ അത്യത്ഭുതങ്ങൾ ജനങ്ങളെ സ്തബ്ധരാക്കി. ഇതെന്താണ് സംഭവമെന്ന് അവർ ആശ്ചര്യത്തോടെ അന്വേഷിക്കാൻ തുടങ്ങി. തൗഹീദിന്റെ വാഹകനും വിഗ്രഹാരാധനയുടെ നിർമാർജകനുമായി വരാനിരിക്കുന്ന ഒരു പ്രവാചകന്റെ ജനനം മക്കയിൽ നടന്നതാണ് കാരണമെന്ന് അവർക്ക് ബോധ്യമായി. കാലം ആ തിരുപ്പിറവിക്ക് സാക്ഷിയായി. മൂന്നു സഹസ്രാബ്ദങ്ങളിലധികം ലോകത്തെ വിറപ്പിച്ചു നിർത്തിയ പേർഷ്യൻ ഭരണകൂടം തകർന്നുവീണു. ഇസ്ലാമിലെ രണ്ടാം ഖലീഫ ഉമർ(റ) വിന്റെ ഭരണ കാലത്ത് ഹിജ്റ 16ാം വർഷം മുസ്ലിം സൈന്യം സഅ്ദു ബ്നു അബീ വഖാസിന്റെ നേതൃത്വത്തിൽ പേർഷ്യാ സാമ്രാജ്യത്വത്തിന്റെ തലസ്ഥാനമായ മദാഇൻ പട്ടണം കീഴടക്കുകയും ഇസ്ലാമിന്റെ സുവർണ പതാക പാറിക്കുകയും ചെയ്തു. തിരുനബി(ﷺ)യുടെ പിറവി സമയത്ത് തകർന്നു വീണ ഗോപുരങ്ങളുടെ ഇടയിൽ നിന്ന് സഅ്ദ്(റ) സുബ്ഹ് ബാങ്ക് കൊടുത്തു.

നബി(ﷺ) ഗർഭസ്ഥ ശിശുവായിരിക്കെ ശാമിൽ നിന്ന് കച്ചവടം കഴിഞ്ഞ് മടങ്ങി വരുമ്പോൾ പിതാവ് അബ്ദുല്ല(റ) രോഗബാധിതനാകുകയും അമ്മാവൻമാരായ ബനൂനജ്ജാർ കുടുംബത്തിൽ വിശ്രമിക്കാനിറങ്ങുകയും ചെയ്തു. രോഗം മൂർച്ഛിച്ച് അവിടെ വെച്ച് അദ്ദേഹം മരണമടഞ്ഞു. പിതാവിന്റെ അഭാവത്താൽ ശിശുവിന്റെ സകല പരിപാലനവും നടത്തിയിരുന്നത് പിതാമഹനായ അബ്ദുൽ മുത്തലിബായിരുന്നു. നവജാത ശിശുക്കൾക്ക് കുറച്ച് ദിവസം മാതാവ് മുലയൂട്ടുകയും പിന്നീട് ഉത്തമരായ ഗ്രാമീണ സ്ത്രീകളെ ഏൽപിക്കുകയും ചെയ്യുന്ന പതിവ് അറബികൾക്കിടയിലുണ്ടായിരുന്നു. അതനുസരിച്ച് പല സ്ത്രീകളും അവിടെയെത്തി. കുഞ്ഞിനെ മൂലയൂട്ടാൻ കിട്ടണമെന്ന അത്യാഗ്രഹത്തോടെ അവർ കുഞ്ഞിനു പാലു കൊടുത്തു നോക്കി. പക്ഷെ ആരുടേയും അമ്മിഞ്ഞപ്പാൽ കുട്ടി സ്വീകരിച്ചില്ല. അവസാനം സഅദിയ്യാ വംശജയായ ഹലീമ ബീവി കുഞ്ഞിനെ പാലൂട്ടി. സാഹിത്യത്തിലും സംസ്കാരത്തിലും മുലയൂട്ടു കർമത്തിലും അറിയപ്പെട്ടവരായിരുന്നു സഅദിയ്യാ വംശം. ഹലീമാ ബീവിയെ കുഞ്ഞ് സ്വീകരിച്ചു. ശിശുവിനെ ഹലീമാ ബീവിയുടെ ഗ്രാമത്തിലേക്ക് കൊണ്ടു പോയി. പട്ടണത്തെ അപേക്ഷിച്ച് ഗ്രാമീണ അന്തരീക്ഷത്തിൽ ശുദ്ധവായുവും ശുദ്ധപ്രകൃതിയും നല്ല സംസ്കാരവും കുഞ്ഞുങ്ങളിൽ സ്വാധീനം ചെലുത്തും. ഭാഷാ സ്ഫുടത സംസാരത്തെ സ്വാധീനിക്കും. ഇത്തരം ഗുണമേന്മക്കു വേണ്ടിയാണ് അറബികൾ അവരുടെ ശിശുക്കളെ ഗ്രാമങ്ങളിലേക്കയച്ചിരുന്നത്.

തിരുനബി(ﷺ)യുടെ ആഗമനത്തോടെ ഹലീമാ ബീവിയുടെ വീട്ടിൽ എെശ്വര്യത്തിന്റെ ലക്ഷണങ്ങൾ കണ്ടു. വിഭവ സമൃദ്ധിയും എെശ്വര്യവും കടന്നുവന്നു, അകിടൊട്ടി നിന്നിരുന്ന വൃദ്ധയായ ഒട്ടകം സമൃദ്ധമായി പാൽ ചുരത്താൻ തുടങ്ങി. ശിശുവാകട്ടെ ചുറുചുറുക്കുള്ള ബാലനായി വളർന്നു. സാധാരണ ശിശുക്കളിൽ നിന്നും വ്യത്യസ്തമായി പ്രായത്തിന് മുമ്പേ തന്നെ നടക്കാനും ഒാടാനും സംസാരിക്കാനും തുടങ്ങി. ബനൂസഅദിയ്യ് കുടുംബത്തിലെ ആർക്കെങ്കിലും വല്ല രോഗവും വന്നാൽ ശിശുവായിരുന്ന നബി(ﷺ) യുടെ കൈകൾ കൊണ്ട് തടവിയിരുന്നു. തത്ഫലമായി അല്ലാഹു രോഗം സുഖപ്പെടുത്തുമായിരുന്നു. ബനൂ സഅദിലെ ശൈശവം അഭിമാന പൂർവം നബി(ﷺ) അനുചരന്മാരോട് പറയാറുണ്ടായിരുന്നു. “ഞാൻ നിങ്ങളിൽ ഉത്തമനായ അറബിയും ഖുറൈശിയുമാകുന്നു. ബനൂ സഅദിൽ നിന്ന് മുല കുടിച്ചു വളർന്നവനാണ് ഞാൻ”. മുലകുടി മാറിയിട്ടും മക്കയിലേക്ക് തിരിച്ച് പോകാതെ നാലു വർഷം ഹലീമ ബീവിയുടെ വീട്ടിൽ തന്നെയാണ് നബി(ﷺ) വളർന്നത്.

മുലകുടി ബന്ധത്തിലെ മാതൃ, പിതൃ ബന്ധങ്ങൾക്ക് ഇസ്ലാം രക്തബന്ധത്തിന് സമാനമായ പരിഗണന നൽകുന്നുണ്ട്. പാലൂട്ടിയ സ്ത്രീ ശിശുവിന്റെ മാതാവും സ്ത്രീയുടെ ഭർത്താവ് ശിശുവിന്റെ പിതാവും സ്ത്രീയുടെ കുട്ടികൾ ശിശുവിന്റെ സഹോദര സഹോദരിമാരുമാകും. അതിനാൽ ശിശുവും സ്ത്രീയുടെ സന്താനങ്ങളുമായി വിവാഹ ബന്ധം നിഷിദ്ധമാകും. മുലകുടി പ്രായമായ രണ്ട് വയസ്സിനുള്ളിൽ ഒരു സ്ത്രീയുടെ മുലപ്പാൽ അഞ്ചു തവണ ശിശുവിന്റെ ഉദരത്തിലെത്തുന്നതോടെ മുലകുടി ബന്ധം സ്ഥാപിതമാകും. ഉമ്മമാരെ എങ്ങനെ ബഹുമാനിക്കപ്പെടണമെന്ന് പഠിപ്പിക്കാൻ ഹലീമാ ബീവിയുമായുള്ള ഉറ്റബന്ധം നബി(സ) ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നബി(ﷺ)യെ വളർത്തിയതിന്റെ അനുഗ്രഹം കാരണം ഹലീമാ ബീവിക്കും കുടുംബത്തിനും ഇസ്ലാം പുൽകാനുള്ള മഹാഭാഗ്യവും സിദ്ധിച്ചു.

നബി(ﷺ) വളർന്ന് വലുതായി. ഖദീജാ ബീവി(റ)യുമായുള്ള വിവാഹവും കഴിഞ്ഞു. വിവരങ്ങളെല്ലാം അറിഞ്ഞപ്പോൾ താൻ പോറ്റിവളർത്തിയ മുത്തുമോനെയൊന്ന് കാണണമെന്ന് ഹലീമാ ബീവിക്ക് ആഗ്രഹമുണ്ടായി. അവർ മക്കയിലെ ഖദീജാ ബീവി(റ)യുടെ അടുത്തെത്തി. നബി(ﷺ) പോറ്റുമ്മയെ ആദരവോടും സ്നേഹത്തോടും സ്വീകരിക്കുകയും സൽക്കരിക്കുകയും 40 ആടുകളെ സമ്മാനിക്കുകയും ചെയ്തു. പിൽക്കാലത്ത് ഹുനൈൻ യുദ്ധ വേളയിൽ നബിയും സ്വഹാബികളും ഇരിക്കുന്നതിനിടയിലേക്ക് ഹലീമാ ബീവി കടന്നു വന്നു. നബി തിരുമേനി(ﷺ) എഴുന്നേറ്റു നിന്നു. പരവതാനി വിരിച്ചു ആ ഉമ്മയെ സ്വീകരിച്ചു. പെറ്റുമ്മയായ ആമിനാ ബീവി(റ)യെ ബഹുമാനിച്ച് ലോകത്തിന് മാതൃക കാട്ടാൻ നബി(ﷺ)ക്ക് അവസരം ലഭിച്ചില്ലല്ലോ?  ആ ദു:ഖം ഹലീമാ ബീവിയിലൂടെ പരിഹരിക്കാൻ നബി(ﷺ) ക്ക് സാധിച്ചു.

ആറാം വയസ്സിലാണ് നബി(ﷺ) ആദ്യമായി നാടുവിട്ടു പോകുന്നത്. ഉമ്മയോടൊത്ത് മദീനയിലേക്കായിരുന്നു ആ യാത്ര. ബനൂ നജ്ജാറുകാരായ കുടുംബങ്ങളേയും മരണപ്പെട്ടുപോയ ഉപ്പയുടെ ഖബറിടവും സന്ദർശിക്കാനുമായിരുന്നു യാത്ര. ഒരു മാസത്തെ മദീനാ വാസത്തിനു ശേഷം തിരിച്ചു വരുമ്പോൾ ആമിനാ ബീവി(റ)  നബിയേ വിട്ടു പോയി. ബദ്റിനടുത്ത അബവാഅ് എന്ന പ്രദേശത്ത് വെച്ചായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന ഉമ്മു എെമൻ എന്ന പരിചാരികയോടൊത്ത് നബി(ﷺ)മക്കയിൽ തിരിച്ചെത്തി. ഇതോടെ നബി തിരുമേനി(ﷺ) പൂർണമായും അനാഥനായി. പക്ഷെ, അനാഥത്വത്തിന്റെ മുറിപ്പാടുകളോ ദുരിതങ്ങളോ നബി(ﷺ) അനുഭവിക്കേണ്ടി വന്നില്ല. പിതാമഹനായ അബ്ദുൽ മുത്ത്വലിബിന്റെ സംരക്ഷണത്തിൽ സന്തോഷവാനായി നബി(ﷺ) വളർന്നു. രണ്ട് വർഷം കഴിഞ്ഞപ്പോൾ അബ്ദുൽ മുത്ത്വലിബും മരണപ്പെട്ടു. അന്നു നബി(ﷺ)ക്ക് എട്ട് വയസ്സ് പ്രായം. പിതാമഹനെ കിടത്തിയ കട്ടിലിനു പിന്നിൽ നിന്ന് നബി(ﷺ) തേങ്ങിത്തേങ്ങിക്കരഞ്ഞു.

ഹാദിയ റിവൈവൽ 2020

ഹാദിയ റിവൈവൽ 2020 കഴിഞ്ഞെങ്കിലും മനസ്സ് ഇതുവരെയും അതിൽ നിന്നും മുക്‌തമായൊയിട്ടില്ല എന്നതാണ് വാസ്‌തവം. കിട്ടിയ നിർദ്ദേശങ്ങൾ അനുസരിച്ചു അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് ഞങ്ങൾക്കു ക്യാമ്പ് വളരെ നന്നായി പൂർത്തിയാക്കാൻ സാധിച്ചു അൽഹംദുലില്ലാഹ് .എന്നാൽ ഇതിന്റെയെല്ലാം രൂപരേഖ ആദ്യമായി തയ്യാറാക്കിയ ICF ലെ മെമ്പേഴ്സിനെ എത്ര പ്രശംസിച്ചാലും മതിയാകൂല്ല. മാഷാ അല്ലാഹ്. ഹാദിയസഹോദരിമാരുടെ മനസ്സുകളെ അഗാധമായി സ്പർശിച്ചിരിക്കുന്നു എന്ന് ഗ്രൂപുകളിൽ വരുന്നു വോയ്‌സിൽ നിന്നും മെസ്സേജിൽ നിന്നും മനസിലാക്കുന്നു. ഇത്രയും വൈവിധ്യമാർന്ന (കളിയും കാര്യവും) നിറഞ്ഞ ഒരു ക്യാമ്പ് തീർച്ചയായും ഹാദിയിലേക്ക് ഇനിയും സഹോദരിമാരെ ആകർഷിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. ICF ന്റെ നേതൃത്വത്തിൽ നാമിതുവരെ നടത്തിപോന്ന പരിപാടികളിലെല്ലാം തന്നെ സദസ്സിന്റെ അച്ചടക്കം കണ്ടു വിശിഷ്ട അതിഥികൾ പോലും അമ്പരന്നിട്ടുണ്ട്. ക്യാന്സറിനെതിരെയുള്ള ബോധവത്കരണ ക്ലാസ്സിൽ വന്ന അന്യ മതസ്ഥർ പോലും ആ സദസ്സിനെ വാനോളം പുകഴ്ത്തിയിരുന്നു ഇന്നലെ നടന്ന ഹാദിയ ക്യാമ്പിൽ ഞങ്ങൾക്കു തന്ന സപ്പോർട്ട് :ഡിജിറ്റൽ (മൈക്ക്, പവർ പോയിന്റ് ), സർട്ടിഫിക്കറ്റ് ഓർഡർ ആക്കിത്തന്നതും, കുട്ടികളെ നോക്കിത്തന്നതും ക്യാമ്പ്‌ നടത്താൻ വളരെ സുഗമമായി എത്ര നന്ദി പറഞ്ഞാലും തീരില്ല. ഈ സംഘടന ഒരത്ഭുതമാണ്. ഓരോ പരിപാടിയും അച്ചടക്കത്തോടും അങ്ങേയറ്റം ഭംഗിയായി നടത്താൻ ഇതിന്റെ പിന്നിൽ രാപകലില്ലാതെ കഷ്ടപ്പെടുന്ന കുറെ സഹോദരങ്ങളുണ്ട്. ഞ ങ്ങൾക്കു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാനേ കഴിയു. അല്ലാഹു ജീവിതത്തിൽ എല്ലാവിധ സന്തോഷവും സമാധാനവും ബർകതും പ്രധാനം ചെയ്യട്ടെ. ആമീൻ.

സിത്താര ഷിബു
ഗുബ്ര ക്ലാസ്സ് റൂം ഉമൈറ
ഒമാൻ

റിവൈവൽ 2020

അൽഹംദുലില്ലാഹ്…… 
കണ്ണും, മനസും നിറയുകയാണ് റിവൈവൽ 2020 എന്ന ഹാദിയയുടെ ക്യാമ്പിനെ പറ്റിയുള്ള അഭിനന്ദനപ്രവാഹങ്ങൾ  കേൾക്കുമ്പോൾ…. ഒരാഴ്ചത്തെ ഞങ്ങളുടെ അധ്വാനം ഫലം കണ്ടതിലുള്ള ആത്മസംതൃപ്തി….. 
ക്യാമ്പ്  സെൻട്രൽ തലത്തിലാണോ,  യൂണിറ്റ് തലത്തിലാണോ നടത്തേണ്ടത്  എന്ന ചർച്ചകൾക്കൊടുവിൽ യൂണിറ്റ് തലത്തിൽ നടത്താൻ അറിയിപ്പ് കിട്ടിയപ്പോൾ  നെഞ്ചിടിച്ചതു ഞങ്ങൾ ഉമൈറമാരുടെ മാത്രമാണോ??? സമയാസമയങ്ങളിൽ ക്യാമ്പിന്റെ വിജയത്തിനാവശ്യമായ മാർഗനിർദേശങ്ങൾ നൽകികൊണ്ട് ഐ. സി.എഫ് നാഷണൽ നേതൃത്വം ഞങ്ങളെ അത്ഭുതപ്പെടുത്തി…..  പരിമിതമായ ഒരാഴ്ച്ച കാലത്തെ സമയം…. ചെയ്തു തീർക്കേണ്ട കാര്യങ്ങൾ….. തിരക്കിട്ട ചർച്ചകൾ….. ഗ്രൂപ്പിലെ തീരുമാനങ്ങളുടെ പോരായ്മ തീർക്കാനായി റഈസ, അമീറ, ഉമൈറമാർ ഒന്നിടവിട്ട ദിവസങ്ങളിൽ മണിക്കൂറുകളോളം  പ്രത്യേക മീറ്റിംഗുകൾ…… 
ക്ഷണിക്കേണ്ടവരുടെയും, സന്ദർശിക്കേണ്ടവരുടേയും ലിസ്റ്റ് തയ്യാറാക്കി അമീറ വന്നപ്പോൾ, എങ്ങനെ ക്ഷണിക്കണം, എവിടെയൊക്കെ ശ്രദ്ധിക്കണം എന്ന ഉപദേശവുമായും, മറ്റും റഈസമാർ ഞങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പം നിന്നു. പഠിതാക്കളുടെ ഇടയിൽ   ക്യാമ്പ് ചർച്ചാവിഷയമാക്കാൻ ഇടയ്ക്കിടെ ഹാദിയ ഗ്രൂപ്പിൽ ടെക്സ്റ്റുകളും, പോസ്റ്റുകളും ഇടാൻ മറന്നില്ല…. ഒരു സ്ഥലത്തുപോലും പിഴക്കരുതെന്നുറച്ചു കൊണ്ട് ക്യാമ്പിന്റെ തലേദിവസത്തെ ട്രയൽ നോക്കലും കൂടിയായപ്പോൾ ക്യാമ്പിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി……. 
അല്ലാഹുവിൽ സർവ്വസ്തുതിയും അർപ്പിച്ചു, ബിസ്മിയും, ഹംദോടെ ആരംഭിച്ച ക്യാമ്പിലേക്ക് പ്രതീക്ഷച്ചതിനേക്കാളും അധികം  സഹോദരിമാരെ കണ്ടപ്പോൾ ഉത്സാഹവും, ഉന്മേഷവും വാനോളം ഉയർന്നു ……. 
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മനസിന്റെ ആരോഗ്യവും പ്രാധാന്യമർഹിക്കുന്നു എന്ന് ഓർമപ്പെടുത്തി തുടങ്ങിയ ഡോക്ടറുടെ ക്ലാസ്സ്‌ ഹൃദ്യവും, അർത്ഥവത്തുമായിരുന്നു…… 
സ്ത്രീകളെ വിശ്വാസത്തോടൊപ്പം സർവ്വമേഖലകളിലേക്കും പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ ഹാദിയ ടുമാറോ എന്ന ശീർഷകവുമായി എത്തിയ സഹോദരി മുഖം മിനുക്കിയ ഹാദിയയെ പരിചയപ്പെടുത്തി തന്നു…… 
അവസരങ്ങൾ നമ്മുടെ കൈവിരൽ തുമ്പിലുണ്ടെന്നു ഓർമപ്പെടുത്തി പ്രതീക്ഷയുടെ കൈത്തിരി തെളിയിച്ചു കൊണ്ട് വി ക്യാൻ എന്ന ക്ലാസ്സുമായെത്തിയ മിടുക്കി ഏവരുടെയും പ്രശംസ പിടിച്ചു പറ്റി…. 
ക്യാമ്പിനെ ജീവസുറ്റതാക്കാൻ മനസ്സിൽ മായാതെ നിൽക്കുന്ന ചിരിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതുമായ ഓർമകൾ പങ്കുവെച്ചു പഠിതാക്കൾ ആവേശത്തോടെ സൊറയും പൊരുളും  ഭംഗിയാക്കി….
 ചട്ടിപ്പത്തിരിയും, കപ്പബിരിയാണിയും, കാക്കറൊട്ടിയും പേര് ഓർമ്മയില്ലാത്ത മറ്റു പല രുചികരമായ വിഭവങ്ങളും സ്ഥാനം പിടിച്ച രസക്കൂട്ടിൽ പ്രിയപ്പെട്ട വിഭവത്തിന്റെ പാചകക്രമം ഉറക്കെ വായിച്ചും , വൈവിധ്യമായ വിഭവങ്ങൾ രുചിച്ചു നോക്കിയും പഠിതാക്കൾ  പരസ്പരം സന്തോഷം പങ്കു വെച്ചു…… രസക്കൂട്ടിനായുള്ള  വിഭവങ്ങളുടെ  കാര്യത്തിൽ ഓരോ ഹാദിയ പഠിതാവും  ഒരു മടിയും കൂടാതെ  ആവേശപൂർവം മത്സരിച്ചു അവരവരുടെ സ്വാദിഷ്ടമായ വിഭവങ്ങൾഒരുക്കികൊണ്ടു വന്നു…. അന്നും ഇന്നും റൂവി ഹാദിയയുടെ ശക്തി പഠിതാക്കൾ തന്നെയാണെന്ന് അവർ വീണ്ടും തെളിയിച്ചു….. കുട്ടികളെ അടക്കി ഇരുത്താനും, ഭക്ഷണം വിളമ്പാനും ഞങ്ങളോടൊപ്പം സദാസന്നദ്ധരായി അവരും കൂടെ നിന്നു………  പുസ്തകങ്ങളിൽ നിന്നും, ഉസ്താദിന്റെ ക്ലാസ്സുകളിൽ നിന്നും മാത്രം കേട്ടറിഞ്ഞ മയ്യിത്ത് പരിപാലനം കണ്ടറിഞ്ഞപ്പോൾ സദസ്സിൽ നിന്നുയർന്ന നെടുവീർപ്പുകളും, ഗദ്ഗദങ്ങളും…. .ജീവിതത്തിന്റെ നശ്വരതയെ ഓർമപെടുത്തിക്കൊണ്ടുള്ള  അന്ത്യയാത്ര എന്ന സെഷൻ സഹോദരിമാർ ശ്വാസം അടക്കിപിടിച്ചാണ് കണ്ടുതീർത്തത്…..  ഇനിയും മയ്യിത്ത് പരിപാലനവും,  സംശയനിവാരണവും  മാത്രമായി ഒരു ക്ലാസ് കൂടെ  നടത്തണമെന്ന  പഠിതാക്കളുടെ നിരന്തരമായ  അഭ്യർത്ഥന ആ ക്ലാസ്സിന്റെ സ്വീകാര്യത അറിയിക്കുന്നതായിരുന്നു….. 
ഒടുക്കം ഇരുൾമൂടുന്ന രാത്രിയെ സാക്ഷിയാക്കി ബുർദ്ദയുടെ വരികൾ ആലപിച്ചു, ഇസ്തിഹ്ഫാറിന്റെ മന്ത്രങ്ങൾ ഉരുവിട്ട് ആത്മ സമർപ്പണത്തിന്റെ  സൈക്കോ  തസവുഫ് …. കഴുകി കളഞ്ഞ പാപവും, മുറുകെ പിടിച്ച സുന്നത്തുമായി  അവാച്യമായ അനുഭൂതിയിൽ നിൽക്കുമ്പോൾ ആത്മാവിനെ തൊട്ടുണർത്തുന്ന ദുആയോടെ ക്യാമ്പിന് പരിസമാപ്തി…. മൂന്നുമണിക്കൂറത്തെ ക്യാമ്പിന്റെ ക്ഷീണമല്ല തിരിച്ചിറങ്ങിയ സഹോദരിമാരിൽ നിന്നു ഞങ്ങൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞത് അനുവർത്തിക്കാനും, എത്തിപിടിക്കാനും, ജീവിതത്തിൽ പകർത്തുവാനും ഏറെയുണ്ടെന്ന തിരിച്ചറിവാണ്…. അതിനു വേദി ഒരുക്കിത്തന്ന ഹാദിയയോടുള്ള നന്ദിയുമാണ്…..                   നാഥനു സ്തുതി…….. 

ആഷ്‌ന സുൽഫീക്കർ
ഉമൈറ റൂവി ക്ലാസ്സ്‌ റൂം
ഒമാൻ

Hadiya camp – Revival 2020

“Hadiya camp – Revival 2020” – Thursday’s evening program was very good, and it was very helpful. Especially Dr. Shifana madam’s class about health awareness (topic: let’s guard our health not for our sickness). This class was very good, it helped us to learn how to keep ourselves and our family healthy. Thanks to Dr. Shifana mam for giving wonderful class to us. 

              Similarly the demo class called “Mayyath paripaalanam” after death, it was very helpful. We have been learned a lot of things from this session and also it changed our many misconceptions. Thanks to Hadiya sisters for giving such a wonderful class to us.

            Next session the “Secondary source of income” also become very important and helpful this was also a good motivation class too. It helped us to learn a lot of new job opportunities, special thanks to Hiba.

            Also, the wonderful session “Rasakkoot” was very interesting, we learned recipes of variety of delicious dishes from that, and also after the program we were able to eat a lot of delicious dishes. So, thanks to my dearest Hadiya friends for making the whole program as better.

           Also, through this program I was able to be a part of one speech program “Sorayum Porulum” it was a wonderful experience for me, Alhamdulillah I could have done it better. Since joining the Hadiya group I have been able to make positive changes in my life, thanks to all of you in Hadiya group. 

Congratulations and special thanks to the ICF group, who have been teaching a lot of new knowledge and a systematic lifestyle. 

RAHEENA SHAFEEK. 
Classroom : RUWI
MUSCUT – OMAN. 

ഹാദിയ റിവൈവൽ 2020

അസ്സലാമു അലൈകും വ റഹ്മത്തുള്ള… അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നലെത്തെ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിച്ചതിൽ ആദ്യമായി അല്ലാഹുവിനെ സ്തുതിക്കുന്നു… ഡോക്ടറുടെ ക്ലാസ്സ്‌,  ആരോഗ്യകരമായ ശീലങ്ങളും  ജീവിതരീതിയും  എങ്ങനെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗം ആക്കാം എന്ന ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു. (ഇന്ന് രാവിലെ  എണീറ്റിട്ട് ഉറങ്ങിയില്ല. വേഗം ബ്രേക്ഫാസ്റ്റും കഴിച്ചു ) ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസികമായ ആരോഗ്യവും അത്ര തന്നെ പ്രാധാന്യം ഉള്ള വിഷയമാണെന്ന ബോധവൽക്കരണവും അതോടൊപ്പം തന്നെ സ്ട്രസ്സ് കുറക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും പറഞ്ഞുതന്നത് ഏവർക്കും ഏറെ ഉപകാരപ്പെടും എന്നത് തീർച്ച.
മയ്യത്ത് പരിപാലനം എന്ന ക്ലാസ് പകർന്നു തന്ന അറിവുകൾ വളരെ വിലപ്പെട്ടതായിരുന്നു. ഈ വിഷയത്തിൽ ഒരു അറിവും ഇല്ലാത്തതിനാൽ  ഇത്തരത്തിൽ ഉള്ള ഒരു  ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നു . മാഷാ അല്ലാഹ് വളരെ സൂക്ഷ്മമായി വിശദമായി തന്നെ അവർ മൂന്നു പേരും അത് പറഞ്ഞു തന്നു. ഡമ്മി ആണെങ്കിലും ശരിക്കും ഒരു മയ്യിത്തിനെ പരിപാലിക്കുന്ന സൂക്ഷ്മതയോടെ വേദനിപ്പിക്കരുതേ വേദനിപ്പിക്കാതെ ചെയ്യണേ എന്ന് അവർ ആവർത്തിച്ചു പറഞ്ഞത് കേട്ടപ്പോൾ നമ്മുടെ സ്വന്തം ആരോ ആണ് ആ കിടക്കുന്നത് എന്ന ഒരു ഫീൽ ആയിരുന്നു. മരണവീട്ടിൽ പോവാനും മയ്യിത്തിനെ നോക്കാനും  ഒക്കെ ഒരു ബേജാർ ആയിരുന്നു ഇതുവരെ. ഇപ്പോൾ അൽഹംദുലില്ലാഹ് ഒരുപാട് ധൈര്യം വന്നത് പോലെ തോന്നുന്നു.
ഹദിയയുടെ പുതിയ സിലബസ് ഏറെ പ്രതീക്ഷയോടെ ആണ് കേട്ടറിഞ്ഞത്. അടുക്കളത്തോട്ടവും മറ്റു വരുമാന മാര്ഗങ്ങളും കിച്ചൻ ടിപ്സും picnicum ഒക്കെ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. കൊച്ചു മിടുക്കി ആയിഷ മനോഹരമായി തന്നെ വിഷയം കൈകാര്യം ചെയ്തു.
സൊറയും പൊരുളും സെഗ്മെന്റ് വളരെയേറെ രസകരമായി തോന്നി. ജെസ്മിയുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു രസം  ആണല്ലോ

ഹാദിയ ഓരോരുത്തരിലും വരുത്തിയ മാറ്റങ്ങൾ കേട്ടപ്പോൾ ഇതു എന്റെ സ്വന്തം അനുഭവം ആണല്ലോ എന്ന് തോന്നിപ്പോയി.
 അതിനുശേഷം ആയിരുന്നു എല്ലാവരും കാത്തിരുന്ന സമ്മാനവിതരണം. അതുവരെ പുറത്തെവിടെയോ കളിക്കുകയായിരുന്ന മകൾ എങ്ങനെയാണ് കൃത്യസമയത്ത് അവിടെ എത്തിയത് എന്ന് അറിയില്ല. മക്കളുടെ മുന്നിൽ ഉമ്മാക്ക് ഒന്നാം റാങ്കിനുള്ള ഉപഹാരം വാങ്ങാൻ പറ്റിയത് അല്ലാഹുവിന്റെ കൃപ. ഏറെ അഭിമാനത്തോടെ അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകൾക്ക് അതിനേക്കാൾ തിളക്കം.
 അതുപോലെ ഫസ്‌നയുടെ ഇസ്തിഗ്ഫാർ… മനസ്സറിഞ്ഞു എല്ലാരും കൂടെ ചൊല്ലിയപ്പോ അത് വേറിട്ട ഒരനുഭവം ആയി. ബുർദ യുടെ വരികൾ എല്ലാവരും ഒരുമിച്ച് ഏറ്റു ചൊല്ലിയപ്പോൾ ഹൃദയത്തിൽ കുളിർമഴ പെയ്ത പോലെ. 
ഷെമിയുടെ ദുആ കേട്ടപ്പോ സത്യം പറഞ്ഞാൽ കണ്ണുനീർ ഒഴുകുക ആയിരുന്നു. കരയുന്നത് മറ്റാരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കിയപ്പോ എല്ലാവരും എന്നെ പോലെ കണ്ണു തുടക്കുന്നത് ആണ് കണ്ടത്. ലൈറ്റ് അണച്ചത് കാരണം മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്ന ചിന്ത വരാതെ മനസ്സുരുകി ഹൃദയത്തിൽ തട്ടി ദുആ ചെയ്യാൻ സഹായകമായി.. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. 

ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും, എല്ലാ അമീറാ ഉമൈറ റഈസമാർക്കും ഉള്ളതാണ് ഈ പരിപാടിയുടെ വിജയം. അള്ളാഹു അവർക്കും പങ്കെടുത്ത എല്ലാവർക്കും അതിനുള്ള പ്രതിഫലം നൽകുമാറാകട്ടെ. ഇനിയും ഇതുപോലുള്ള ക്ലാസുകൾ നടത്താനും അതിൽ പങ്കെടുത്ത് ധാരാളം അറിവുകൾ നേടാനും ഇഹ ലോകത്തും പരലോകത്തും വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപെടാനും നാഥൻ തൗഫീഖ് നൽകട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ 
Jiya Safeer 
Ghubra classroom
Oman