പത്തരമാറ്റിന്റെ നിറം ചാർത്തി ഹാദിയ എക്സാം

പുണ്യ റമളാനിന്റെ പൊന്നമ്പിളി മാനത്ത് വിടരുന്നതും പ്രതീക്ഷിച്ചിരിക്കുന്ന അസുലഭ വേളയിൽ ഹാദിയ കോഴ്‌സിന്  പത്തരമാറ്റിന്റെ നിറം ചാർത്താൻ  മറ്റൊരു അസുലഭ മുഹൂർത്തം. ഹാദിയ ഒന്നാംഘട്ടം ഫൈനൽ എക്സാം മെയ് 11 ന് എല്ലാ സെക്ടർ തലങ്ങളിലും വിജയകരായി പൂർത്തീകരിച്ചു റിസൾട്ട് ദിനത്തിലേക്ക് കണ്ണുനട്ടിരിക്കുകയാണ് പഠിതാക്കൾ. കഴിഞ്ഞ എക്സാമിന്റെ അത്ര തന്നെ വിജയം പഠിതാക്കൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും ഒരു ഹാദിയക്കാരിയുടെ ഒരു ദിവസത്തെ ജീവിതം എങ്ങനെയായിരിക്കണം എന്നത് വാക്കിലൂടെ മാത്രമല്ല  പ്രയോഗത്തിൽ വരുത്താനും അവർക്ക് സാധിക്കും എന്നത് ഉറപ്പായിക്കഴിഞ്ഞു. പരീക്ഷക്ക് വരും എന്ന പ്രതീക്ഷയിൽ ഒരു വിശ്വാസിനിയുടെ ഒരു ദിവസത്തെ ദിക്ർ ദുആകളെല്ലാം  മനഃപാഠമാക്കിയ സഹോദരിമാർക്ക് പരീക്ഷയുടെ വിജയത്തേക്കാൾ പരലോകവിജയത്തിലേക്ക് മുന്നിട്ടിറങ്ങാനുള്ള വഴികാട്ടിയായി മാറാൻ ഹാദിയ പരീക്ഷക്ക് സാധിച്ചു. നാട്ടിൽ പോയ പഠിതാക്കളുടെ കുറവ് അനുഭവപെട്ടു എന്നല്ലാതെ നിലവിലുള്ള മിക്ക പഠിതാക്കളും പരീക്ഷയിൽ സാന്നിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ഹാദിയയെ നെഞ്ചോട് ചേർത്തുവെച്ച് പഠിച്ചത് ജീവിതത്തിൽ പകർത്താൻ ഓരോ ഹാദിയ പഠിതാവും വെമ്പൽ കൊള്ളുന്നത് കാണുമ്പോൾ അനുഭവപ്പെടുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. സാഹോദര്യത്തിന്റെ ഈ കൂട്ടായ്മയിൽ പരീക്ഷയുടെ പ്രാധാന്യം പഠിതാക്കളെ ബോധ്യപ്പെടുത്തി നന്നായി കഠിനാധ്വാനം ചെയ്ത നമ്മുടെ മെന്റേഴ്സ്, അമീറമാരുടെ സേവനം വളരെ വലുതാണ്. ഹാദിയയിലൂടെ പകർന്നുകിട്ടിയ പാഠങ്ങൾ ഉൾകൊണ്ട് അതിനനുസരിച്ച്  ജീവിതം ചിട്ടപ്പെടുത്തി ഇരുലോക വിജയികളിൽ ഉൾപ്പെടാൻ എല്ലാ ഹാദിയ സഹോദരിമാർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ എന്ന് ദുആ ചെയ്യുന്നതോടൊപ്പം എല്ലാ പരീക്ഷാർത്ഥികൾക്കും പരീക്ഷയിൽ ഉന്നത വിജയം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ.


സൈനബ് അബ്ദുറഹ്‌മാൻ 
റിയാദ് ചീഫ് അമീറ
ബദിയ ക്ലാസ്സ്‌റൂം
സൗദി അറേബ്യ

ഒരു പാപിയുടെ വിലാപം

എൻറെ ഹബീബിന്റെ ഹബീബായ മുത്ത് നബി സല്ലല്ലാഹു അലൈഹിവ സല്ലമയെപ്പറ്റി രണ്ടുവരി എഴുതാനുള്ള മോഹം കലശലായപ്പോൾ പേനയും കടലാസും എടുത്തതാണ്. ഒരു എഴുത്തുകാരന്റെയും ഭാവനയിലൊതുങ്ങാത്ത, ഒരു പ്രാസംഗികന്റെയും വാക്കുകളിലൊതുങ്ങാത്ത, അങ്ങയെപ്പറ്റി ഈ പാപി എന്തെഴുതാനാണ്. നബിയെ…. ഈ പ്രപഞ്ചം തന്നെ സൃഷ്ടിക്കപ്പെട്ടത് അങേക്ക് വേണ്ടിയല്ലയോ! അങ്ങില്ലെങ്കിൽ ഈ ഭൂമിയുണ്ടോ, ഏഴാകാശങ്ങളുണ്ടോ, കോടാനകോടി ജീവജാലങ്ങളുണ്ടോ? അങ്ങില്ലെങ്കിൽ ഈ പ്രപഞ്ചം തന്നെ ശൂന്യമല്ലയോ! വിശ്വാസികൾക്ക് അഭയവും ആശ്വാസവും വിമോചകനും എല്ലാം എല്ലാം അങ്ങുതന്നെയല്ലയോ!! ആരാധിക്കാൻ ഒരു ഇലാഹുണ്ടെന്നു ഞങ്ങൾക്ക് പറഞ്ഞുതന്നത് അങ്ങാണ്. സ്വർഗ്ഗ നരകങ്ങളെപ്പറ്റി പറഞ്ഞുതന്നതും അതിലേക്കുള്ള വഴി കാണിച്ചുതന്നതും അങ്ങുതന്നെ, അങ്ങെത്ര മാത്രം ഞങ്ങളെ സ്നേഹിച്ചു. വഫാത്തിന്റെ സമയത് പോലും അങ്ങ് വിലപിച്ചത് ഞങ്ങളെയോർത്തല്ലേ. എന്തിനേറെ ഖബറിലേക്ക് എടുത്ത് വെക്കുമ്പോൾപോലും അങ്ങു മന്ത്രിച്ചത്‌ ഞങ്ങളെപറ്റിയല്ലയോ, അതിലൊരു അംശം പോലും തിരിച്ചുതരാൻ ഈ പാപിക്ക് കഴിയുന്നില്ലല്ലോ, നബിയെ യോഗ്യതയൊന്നുമില്ലെങ്കിലും അടങ്ങാത്ത ആശയുണ്ട് നബിയെ സ്വപ്നത്തിൽ ഒരുതവണയെങ്കിലും അങ്ങയെ ഒന്ന് ദർശിക്കാൻ, അങേയ്യ്ക്ക് കടന്നുവരാൻ മാത്രം പവിത്രമല്ല ഇവളുടെ ചിത്തമെന്നറിയാം നബിയെ, ചുട്ടുപൊള്ളുന്ന യസ്‌രിബിനെ തണുപ്പും കുളിരുമുള്ള മദീനയാക്കിയത് അങ്ങയുടെ പാദസ്പർശമല്ലയോ. പാപഭാരം കൊണ്ട് കറുത്തുപോയ ഇവളുടെ ഖൽബിലും ആ തിരുപാദം ഒന്ന് സ്പർശിക്കാമോ നബിയെ. ദിഹ്‌യാത്തുൽ ഖൽബിയെ അങ്ങ് ഇരു കരങ്ങളും നീട്ടി സ്വീകരിച്ചില്ലേ, ഉമർ (റ) യെ തനിത്തങ്കമാക്കി മാറ്റിയതും അങ്ങയുടെ തസ്കിയതല്ലേ , അങ്ങിനെ എത്രയെത്രപേർ !! അതിലൊരാളായി ഇവളെയും കൂടെ ചേർക്കമോ ഹബീബേ!!!
സറീന ഫൈസൽ
അമീറ
ഹാദിയ വിമൻസ് അക്കാദമി
ഉമ്മുൽ ഹസ്സം ക്ലാസ് റൂം
ബഹ്‌റൈൻ

സ്വർഗീയ രാജ്ഞി

ആറ്റൽ മുത്തിൻ ﷺ അരുമമുത്ത്
തിരു വജ്ഹിൻ ദർപ്പണം
കരളിന്റെ കുളിരായി വളർന്നു തിരു മടിത്തട്ടിൽ
പിരിയുവാനൊക്കില്ല ഇരുമനസിനും
പിറന്നത് പെണ്ണെന്നറിഞ്ഞാൽ
മണ്ണിൽ പൂഴ്ത്തും ഇരുകാലി തൻ ക്രൂരതക്ക് മുന്നിൽ
മാറോടണച്ചു പൊന്നു മോളെ
ചേലൊത്ത സഹ്‌റാഇന് തുണയാക്കി
അസദുല്ലാഹ് എന്നവരെ..
ഏറെ പിരിശത്തിൽ ഗമിച്ചു… സുമോഹന വല്ലരിയിൽ
തളിർത്തതാ ഹസൻ വ ഹുസൈൻ അവർ
നാളെ സയ്യിദാണവർ  നാളെ
ജന്നാത്തിലും..
ഉമ്മാ….  رضي الله عنها
നിങ്ങൾ സഹിചൊരി ത്യാഗതിന്
ഒരംശം പോലുമിവൾ രുചിച്ചതുമില്ല
ആസ്സു കല്ലിൽ തിരു കരം
നിണമൊഴുകിയതും
അവകാശപ്പെടാനില്ല…
ഈ ഭൂവിൽ സ്വർഗ്ഗ ജീവിതം നയിക്കും
ഇവൾ
ശാശ്വത സുവർഗ്ഗമിൻ നായികയായി വാണീടും
ഉമ്മാന്റെ കൂടെ
പറുദീസ മോഹിക്കുന്നത് എങ്ങിനെയാണ്..
ഹിജാബിനെ പുണർന്ന നിങ്ങളെയല്ലാതെ
പിന്നെയാരെ പിന്തുടരേണ്ടൂ ഇവൾ
 വൃഥാവിലാക്കിടല്ലേ ഉമ്മാ.   .
കൊച്ചു മോളാണേ.. കൈപിടിച്ചിടണേ…..
Shanida Abdulla
Mathra Classroom Oman

തിരക്കിനിടയില്‍ ഒരു നിമിഷം….!

       റമളാനിന്റെ പൊന്നമ്പിളി മാനത്തുദിക്കുന്നതോടെ മുസല്‍മാന്റെ അകത്തളങ്ങളില്‍ ആനന്ദത്തിന്റെ തിര മറിയുകയാണ.്‌ സകല പാപങ്ങളില്‍ നിന്നും മോചിതരാവാന്‍ ഹൃത്തടം തുടിക്കുന്ന ഈ പുണ്യദിനങ്ങളില്‍ ജീവിക്കാന്‍ വേണ്ടി പെടാപാട്‌ പെടുന്ന നമ്മുടെ തിരക്കിന്നിടയില്‍ഒരു കാര്യം നമ്മുടെ മനോമുകുരത്തില്‍ കൊണ്ടുനടക്കാഌം അതഌസരിച്ച്‌ പ്രവർത്തിക്കാഌം അല്ലാഹു നമുക്ക്‌ തൗഫീഖ്‌ തരട്ടെ.(ആമീന്‍)

         അതേതെന്നറിയുമോ അല്ലാഹു പറയുന്നു.
“”തന്റെ രക്ഷിതാവിനെ കണ്ടുമുട്ടാന്‍ ആരെങ്കിലും പ്രതീക്ഷിക്കുന്നുവെങ്കില്‍ അവന്‍ സല്‍ക്കർമ്മങ്ങള്‍ ചെയ്യുകയും തന്റെ രക്ഷിതാവിനോടുള്ള ആരാധനയില്‍ മറ്റാരെയും പങ്ക്‌ ചേർക്കാതിരിക്കുകയും ചെയ്യട്ടെ”.(അല്‍ കഹ്‌ഫ്‌ 110)

       അല്ലാഹുവിലും അവന്റെ തിരു ദൂതരിലും വിശ്വസിച്ച്‌ അവനോട്‌ യാതൊന്നിനെയും പങ്ക്‌ ചേർക്കാതെ ജീവിക്കുന്ന നമ്മില്‍ വന്ന്‌ ഭവിച്ചു പോകുന്ന ഗുരുതരമായ മറ്റൊരു ശിർക്കിനെ തൊട്ടുള്ള താക്കീതും, പ്രത്യക്ഷ ശിർക്കിഌ പുറമെ ഈ സൂക്തത്തില്‍ തക്കീത്‌ നല്‍കുന്നൂവെന്ന്‌ മുഫസ്സിറുകള്‍ വിശദീകരിക്കുന്നു.

     ഇമാം അഹ്‌മദ്‌(റ) വിനെ തൊട്ട്‌ റിപ്പോർട്ട്‌ ചെയ്യുന്ന ഹദീസില്‍നമുക്ക്‌ ഇപ്രകാരം കാണാം.നബി(സ) പറയുന്നു.””നിശ്‌ചയം നിങ്ങളുടെ മേല്‍ ഞാന്‍ ഭയപ്പെടുന്നതില്‍ വെച്ച്‌ എന്നെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത്‌ “ശിർക്കുല്‍ അസ്‌ഗർ’ ആണ്‌.
സ്വഹാബികള്‍ ചോദിച്ചു എന്താണ്‌ ശിർക്കുല്‍ അസ്‌ഗർ?നബി(സ) പറഞ്ഞു അത്‌ രിയാഉ ആണ്‌
ഖിയാമത്ത്‌ നാളില്‍ ജനങ്ങള്‍ക്ക്‌ അവരുടെ പ്രവർത്തനമഌസരിച്ച്‌ പ്രതിഫലം നല്‍കപ്പെടുമ്പോള്‍ അവരോട്‌ പറയപ്പെടും “”ദുനിയാവില്‍ ആരെ കാണിക്കാനാണോ നിങ്ങള്‍ അമല്‍ ചെയ്‌തത്‌ അവരടുത്ത്‌ പോയിക്കൊള്ളുക. അവിടെ വല്ല  പ്രതിഫലവുമുണ്ടോ എന്ന്‌ നോക്കിക്കൊള്ളുക”

       അനന്തകോടി ജീവജാലങ്ങളെ തന്റെ കാരുണ്യത്തിന്റെ കരവലയത്തിന്നുള്ളില്‍  വെച്ച്‌ കാത്തുപോരുന്ന കാരുണ്യവാന്റെ മുമ്പില്‍, സകലവും സമർപ്പിച്ചു കൊണ്ട്‌, നിഷ്‌കളങ്കമായ ഇബാദത്ത്‌ ചെയ്യാന്‍ അല്ലാഹു നമുക്ക്‌ തൗഫീഖ്‌ തന്നഌഗ്രഹിക്കട്ടെ.നന്‍മയുടെ വസന്തമായ ഈ സുദിനങ്ങളില്‍, നാം ചെയ്‌തു പോയ അപരാധങ്ങളില്‍ മനം നൊന്ത്‌ പെയ്‌തൊഴുകുന്ന ബാഷ്‌പ കണങ്ങളുമായി അവന്റെ കാരുണ്യത്തിഌം, പാപമോചനത്തിഌം, നരക മോചനത്തിഌം വേണ്ടി ചോദിക്കുവാഌള്ള ഒരു നിമിഷമെങ്കിലും നമ്മുടെ തിരക്കിന്നിടയില്‍ കണ്ടെത്താന്‍ നമുക്ക്‌ സാധിക്കട്ടെ.

      പരമ കാരുണ്ണികന്റെ അനസ്യൂതമായ അഌഗ്രഹത്തിന്റെ പ്രവാഹം നമുക്കും അവന്‍ കനിയട്ടെ. നരക മോചിതരില്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ. അനന്തമായ അഌഗ്രഹത്തിന്റെ സ്വർഗ്ഗീയാരാമത്തില്‍ നമുക്കും ഒരിടം നല്‍കട്ടെ. സ്രഷ്‌ടാവിനോടും സൃഷ്‌ടികളോടും യാതൊരു ബാദ്ധ്യതയുമില്ലാത്ത രീതിയില്‍ പരിശുദ്ധ കലിയമത്തുത്തൗഹീദ്‌ മൊഴിഞ്ഞു സമാധാനമടഞ്ഞ ആത്‌മാവോടെ നിന്നിലേക്ക്‌  മടങ്ങുന്നവരില്‍ നാഥാ…. നീ ഞങ്ങളെയും  ഉള്‍പ്പെടുത്തണേ…..
ആമീന്‍……

        നഫീസ എ
റിഫ ക്ലാസ്‌ റൂം
ബഹ്‌റൈന്‍

ഹാദിയക്കാരിയുടെ ഒരു ദിനം

ഒരു വിശ്വാസിനിയുടെ ഓരോ അനക്കവും അല്ലാഹുവിന്റെ സ്മരണയിൽ മാത്രമാണല്ലോ. നിത്യജീവിതത്തിൽ ഒന്ന് ശ്രദ്ധവെച്ചാൽ കൂടുതൽ അധ്വാനമില്ലാതെ തന്നെ ധാരാളം ഖൈറാത്തുകൾ ചെയ്യുക വഴി ഓരോ സമയവും ഇബാദത്താക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ‘ഹാദിയ വിമൺസ് അക്കാദമി ‘ഒരുക്കിയ ‘ഹാദിയക്കാരിയുടെ ഒരു ദിനം’ എന്ന ക്ലാസ്സ് പഠിതാക്കളുടെ ജീവിത ശൈലിയെ തന്നെ മാറ്റി മറിച്ചു. പകൽ സമയത്ത് ഉറക്കവും വാട്ട്സ് ആപും മറ്റുമൊക്കെയായി കഴിഞ്ഞിരുന്ന സഹോദരിമാർ അതൊക്കെമാറ്റി വെച്ച് ധാരാളം ഖൈറാത്തുകൾ ചെയ്യാൻ തുടങ്ങി. വളരെയധികം ഉപകാരപ്രദമായിരുന്നു ഈ ക്ലാസ്സ് എന്ന് ഒരോ പഠിതാവും പറയുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നിയിരുന്നു .”ഒരണു മണി തൂക്കം നൻമ ചെയ്താൽ ആ നൻമയുടെ പ്രതിഫലം നമുക്ക് ലഭിക്കും എന്നും ഒരണുമണി തൂക്കം തിൻമ ചെയ്താൽ ആ തിൻമയുടെ ശിക്ഷ നാം അനുഭവിക്കേണ്ടി വരും ” എന്നുള്ള ഖുർആൻ വാക്യം ഓരോ സഹോദരിമാരുടെയും ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു. അതിന്റെ ഫലമായി ഖൈറാത്തുകൾ അധികരിപ്പിച്ചു.അതു പോലെ തന്നെ വളരെ പ്രയോജനമുള്ള രണ്ട് ക്ലാസ്സുകളായിരുന്നു വുളൂഇന്റെയും മയ്യിത്ത് പരിപാലനത്തിന്റെയും ക്ലാസ്സുകൾ. ഈ രണ്ട് ക്ലാസ്സുകളും പ്രാക്ടിക്കലായി പഠിതാക്കൾക്ക് വിവരിച്ചു കൊടുത്തപ്പോൾ ഇതുവരെയും തെറ്റായി ചെയ്തു കൊണ്ടിരുന്ന പല സഹോദരിമാർക്കും തിരുത്താൻ അവസരമുണ്ടായി.ഓരോ സഹോദരിമാരും പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണല്ലോ’ മയ്യിത്ത് പരിപാലനം’ എന്നത്. എന്നാൽ പലരും മടി കൊണ്ടും അറിവില്ലായ്മ കൊണ്ടും അതിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.എന്നാൽ ഹാദിയയുടെ ഈ ക്ലാസ്സ് എല്ലാ സഹോദരിമാരിലും ഒരു ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിന് കാരണമായി. പലരും സ്ത്രീകളുടെ മയ്യിത്ത് കുളിപ്പിക്കുന്നതിനും കഫം പൊതിയുന്നതിനും സന്നദ്ധരായി. അത് പോലെ തന്നെ പഠിതാക്കളെ ആത്മീയമായ ഒരു തലത്തിലേക്കെത്തിക്കുന്നതായിരുന്നു ഇഖ്ലാസിന്റെയും മുഅവ്വിദത്തൈ നിയുടെയും ക്ലാസ്സുകൾ. ഇസ് ലാമിക ഭക്ഷണ രീതികൾ പഠിപ്പിച്ച ഭക്ഷണസംസ്കാരവും പഠിതാക്കളിൽ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. അതിനോടനുബന്ധിച്ച് നടത്തിയ പാചക മത്സരം പഠിതാക്കൾക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു.ഒന്നാം ഘട്ടത്തിലെ ഫൈനൽ പരീക്ഷയോടു കൂടി ഹാദിയയുടെ ഒന്നാം ഘട്ടം അവസാനിച്ചു എന്നും ഇനി രണ്ടാം ഘട്ടം 3 മാസത്തെ ഇടവേളയ്ക്ക് ശേഷമേ ഉണ്ടായിരിക്കുകയുള്ളൂ എന്നറിഞ്ഞപ്പോൾ പഠിതാക്കളെല്ലാം വളരെ വിഷമത്തിലായി. എല്ലാ സഹോദരിമാരും ഇനി കൂടുതൽ വിഭവവുമായി വരുന്ന ഹാദിയ രണ്ടാം ഘട്ടത്തെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് ‘ഹാദിയ വിമൺസ് അക്കാദമി ‘ പറന്നുയരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ………..

മുംതാസ് സലീം

ദമാം

തുരുമ്പെടുക്കുന്ന ഓർമ്മകൾ

മാമ്പഴക്കാലമായാൽ  ഞങ്ങൾ കുട്ടികൾ രാവിലെ അടുത്തുള്ള മാവുകളുടെ  ചുവട്ടിൽ
നിന്നും പലതരത്തിലുള്ള മാങ്ങകൾ പെറുക്കി കൂട്ടുമായിരുന്നു . തറവാട്ടിലെ മുറ്റത്തുള്ള നിറയെ പൂത്തുനിൽക്കുന്ന മുല്ല വള്ളിയിൽ കുലുക്കി, മുല്ലപ്പൂക്കൾ പാവാടയിൽ പെറുക്കി സ്‌കൂളിൽ പോവുന്നതിനു മുമ്പായി അത് കോർത്ത മാലയുണ്ടാക്കും. സ്‌കൂൾ കഴിഞജ് വരുന്ന വഴിയിൽ തോട്ടിൽ നിന്നും ചോറ്റുപാത്രത്തിൽ കുഞ്ഞു മീനുകളെ പിടിച്ചു കൊണ്ടുവരുന്നതും ഓർക്കുമ്പോൾ ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം ഇന്നത്തെ കുട്ടികൾ ടാബും കമ്പ്യൂട്ടറും തുടങ്ങിയ ഇലക്ട്രോണിക്  ഗാഡ്ജറ്റ്‌കളിൽ സമയം ചെലവഴിക്കുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു .
മുഹ്സിന ഗഫൂർ 
ദമ്മാം

മ്യാന്‍മറിന്‍ സ്വപ്‌നം

ഓരോ പുലരിയും കണ്ടുണരുന്നു ചെഞ്ചായം പൂശിയ മണ്‍ തരികളെ ഇന്ന്‌,
മണ്ണില്‍ പൊന്നിന്‍ നിറം തീർക്കുമാ ബാല കിരണങ്ങള്‍ വഴിമാറിടുന്നു!
രക്ത പങ്കിലമാം പാരിന്റെ ദുർഗതി ഓർത്ത്‌ മാനവും കണ്ണീര്‌ തൂകുന്നുവോ?
നരഭോജികള്‍ പിച്ചിച്ചീന്തിയ മർത്യ പുത്രരെ നൊമ്പരമേറിടും കഥകള്‍ ചൊല്ലിടാന്‍ തിടുക്കം കൂട്ടുന്നുവോ ഓരോ മണ്‍ തരിയും!

പക്ഷേ……..
കുഞ്ഞിളം പൂവേ നിന്നെ പിച്ചി ച്ചീന്തിയത്‌ പൊന്തക്കാട്ടിലല്ല,
നിന്‍ രക്തം വീണത്‌ മണ്‍ തരികളിലല്ല,
ആള്‍ പാർപ്പില്ലാത്ത അകത്തളങ്ങളിലല്ല,
ആളൊഴിഞ്ഞ കടല്‍ ത്തിണ്ണയിലുമല്ല
ആരാധനാലയത്തില്‍…!
ഈ ദേശത്തിന്‍ കാവല്‍ ഭടന്‍മാരുടെ
കരുത്തുറ്റ കാവലില്‍ പൂജിച്ചവർ നിന്നെ മത വൈരം തീർത്തീടുവാന്‍.

നികൃഷ്‌ട കരങ്ങളില്‍ നീ പിടഞ്ഞു മരിച്ചിട്ടും വൈരം തീരാത്തവർ നിന്‍ തലയോട്ടി തല്ലിച്ചതപ്പോള്‍ ആനന്ദ നിർവൃതിയിലായി.
ഒരു തുള്ളി വെള്ളത്തിനായി ആർത്ത നാദം തീർത്തൊരാ പൊന്നോമലേ…
നീ ജീവശ്വാസത്തിനായി പിടഞ്ഞൊരാ നിമിഷങ്ങളില്‍ കാമാസക്തി  തീർത്തുവോ ഇരുകാലികള്‍!
ക്രൗര്യ ശൂര്യത്തിന്‍ കാമ കേളിയില്‍  ചിതറിത്തെറിച്ച ചുടുരക്തമില്‍
ആഹ്‌ളാദ നൃത്തം ചവിട്ടി ആ
രാക്ഷസക്കൂട്ടം!

മതാന്ധത ബാധിച്ച്‌ മദമിളകിയ കാട്ടാളർ തീർത്തൊരാ പാതകത്തില്‍
ഭാരതാംബ നാണിച്ചു തല ചായ്‌ച്ചിടുമ്പോള്‍,
ഉയരുന്നു മാഌജന്റെ ഉള്ളകങ്ങളില്‍ നിന്നും പൊട്ടിത്തെറിക്കും ചോദ്യ ശരങ്ങള്‍!
മതം നോക്കി മഌഷ്യന്റെ മദമിളകും കാലമോ ഇതെന്തു ക്രൂരത,
അല്ല… കൊടും പാതകം
പറയുവാന്‍ വാക്കു തരാന്‍ ഭാഷയും മടിച്ചിടുന്നൂ.

മൃത ജീവനിയോടു പോലും കാണിച്ച
ക്രൂരതയാല്‍ ഇട നെഞ്ച്‌ പൊട്ടിത്തകരുമ്പോള്‍,
കാപാലികർ നിന്‍ കുഞ്ഞു മേനി
ബാക്കി വെച്ചതെന്തിനെന്നോ
അരുമ ക്കിടാവേ…..
അത്‌ കാലത്തിഌ മായ്‌ക്കാന്‍ പറ്റാത്ത ഘോര പാതകം തീർത്തതിലാ!
വർഷം ആയിരം പിന്നിട്ടുപോയാലും
ഹിറ്റ്‌ലറെ ഓർക്കുകില്‍ മറക്കില്ല ലോകം സഞ്‌ജിറാമിനെ.
നിന്‍ കാല്‍ക്കീഴില്‍ ചതഞ്ഞരഞ്ഞതൊ
രു ജീവനെങ്കില്‍ അത്‌ ഈ
ജനതതിയുടെ മുഴുവന്‍ നെഞ്ചകത്തെയും പിളർത്തീ!

പിന്തുടരുന്നുവോ മ്യാന്‍മറിന്‍ കിരാത ഹത്യ നീ,
ന്യൂന പക്ഷത്തെ അരികു പറ്റിക്കാന്‍ ശ്രമിക്കുകില്‍ ഓർക്കുവീന്‍ അത്‌
നിങ്ങള്‍ തന്‍ വിഫല ശ്രമമാ,
മനസ്സു മരവിക്കാത്ത
മാഌജർക്കൊരിക്കലും
മൗനം ദീക്ഷിക്കാവതല്ല ഈ കാടത്ത മുറകള്‍ക്കു മുന്നില്‍.
ജനാധിപത്യത്തെ നെഞ്ചിലേറ്റുന്ന ഭാരത മക്കളിന്നൊറ്റക്കെട്ടാ
പൂവണിയില്ല നിങ്ങള്‍ക്ക്‌ മ്യാന്‍മറിന്‍ സ്വപ്‌നമൊരിക്കലും……!!!

     നഫീസ എ
റിഫ ക്ലാസ്‌ റൂം
ബഹ്‌റൈന്‍

ആസിഫയെന്ന വയലറ്റുപൂ…

വിടരും മുമ്പേ കൊഴിഞ്ഞ
വയലറ്റ് പൂവേ..
ലോകത്തിൻ കാഴ്ച്ചകൾ കണ്ടുണരാൻ നിനക്കിനി പുലരികളില്ല..

അല്ല!!!

നിൻ പുഞ്ചിരി കാണാൻ പുലരികൾക്കിനി ഭാഗ്യമില്ല..

നിന്നിതളുകളെ കുസൃതിയോടാ
ട്ടാൻ മന്തമാരുതനിനി യോഗമില്ല..

നിൻ വളർച്ചപ്പടവുകളിൽ
ആനന്ദ കണ്ണീരൊഴുക്കാൻ അമ്മപ്പൂവിനിനിയാവില്ല..

വെയിലേറ്റുവാടും നിൻ
അധരത്തെ തലോടുവാനിനി
മഴത്തുള്ളികൾക്കുമാവതില്ല..

നിൻ സുഗന്തമ്മൊത്തി ചുറ്റിലും നൃത്തമാടാനിനി വർണ്ണ
ശലഭങ്ങൾക്കുമാവില്ല… ഭയത്താലവയുടെ കുഞ്ഞിച്ചിറകുകളറ്റുപോയി..

നിൻ മധുവൂറ്റി,ഇതളുകൾ ചതച്ച കരിവണ്ടിൻകൂട്ടത്തെ ഭയന്ന് വിടരാൻ മടിച്ചൊരുപാട് വർണ്ണമൊട്ടുകൾ താനെ വാടിടുന്നു…

ചുറ്റിലും വാട്ടമാണിന്ന് …
മന്ദമാരുതൻ തൻ
സംഗീതമില്ല…
വെണ്ണിലാചന്ദ്രൻ തൻ പാൽപുഞ്ചിരിയില്ല …
നീ കൊഴിഞ്ഞതോർത്ത്
ലോകമേ വാടിടുന്നു…
പുതുപ്രതീക്ഷളില്ലാതെ തേങ്ങിടുന്നു…

പൂവേ.. നിനക്കെന്തു നഷ്ടം?
വിടർന്നുല്ലസ്സിച്ച് മറ്റൊരു മണ്ണിൽ
നീയിന്ന് സുരക്ഷിതയല്ലേ.?
നഷ്ടം ഭൂവിനും ഭൂ ലോകർക്കുമാണെ..
വിടരാൻ മടിച്ചൊരുപാട് മൊട്ടുകളുണ്ടേ….
നിന്നെപ്പോൽ കൊഴിയാനാണേൽ ഇനിയൊരു മൊട്ടും പൂവായ് വിടരാതിരിക്കട്ടെ….

സ്വഫിയ സലീം
ബത്ഹ ക്ലാസ്സ്റൂം
റിയാദ്,സഊദി അറേബ്യ

കാശ്മീരിൻ രോദനം

ലോക മനസ്സിനു നൊമ്പരം നൽകി
മൺമറഞ്ഞോ പൊന്നു മോളെ ആസിഫ
ആർ. എസ്‌ .എസ്‌ ൻ മനുഷ്യ മൃഗം
പിച്ചി ചീന്തിയോ നിൻ പൂമേനി
പവിത്രമായ നിൻ പൂമേനി
മനുഷ്യ കുരുതി നൽകിയ മത ഭ്രാന്തർ
കീറി മുറിച്ചില്ലെ കുരുന്നിനെ വലിച്ചിഴച്ചില്ലെ
പവിത്രമാം കാശ്മീരിൻ മണ്ണിനെ 
മനുഷ്യ മൃഗത്തിൻ മുഖം മൂടി മണിയണിഞ്ഞ്
വർഗ്ഗീയതയുടെ  ലഹരി പിടിച്ച്
നരബലി നടത്തി അശുദ്ധമാക്കിയ കാട്ടാള
ആ പിഞ്ചു പൈതലിൻ ദയനീയ രോദനം
നിൻ ചെവിയടപ്പിച്ചോ നരഭോജി
ഭാരത സ്ത്രീ തൻ ഭാവ ശുദ്ധി
പാടി പുകഴ്ത്തിയ കവിമാരെ
തച്ചുടച്ചില്ലെ കിരാതർ, അശുദ്ധമാക്കിയില്ലെ സ്ത്രീ ശുദ്ധി,
ഭൂത കാലത്തിൽ നിൻ മകളായി  പിറന്നതെൻ,
അഭിമാനമായി ഞാൻ കരുതിയിരുന്നു ഭാരതാമ്മെ
വർത്തമാനത്തിൽ ഞാൻ  അപമാനമായി, 
കരുതിടുന്നു നിൻ മകളായി പിറന്നതിൽ
നീതി നൽ കിടണേ യാ അല്ലാഹ്! പൊന്നു മോൾക്ക്
ഷഹീദിൻ പ്രതിഫലം നൽകിടണേ യാ അല്ലാഹ്…. 
കാട്ടു മൃഗത്തിൽ കരിന്തോലണിഞ്ഞ 
കാമവെറിയനു കൊലക്കയർ നൽകിടണേ യാ അല്ലാഹ്….
ഉത്തരം നൽകീടണെ കരുണാനിധിയേ…..
നീതി നൽകീടണേ കാരുണ്യവാനെ …….
 
സബിതാ മുജീബ്,
ഉമൈറ,
മലാസ് ക്ലാസ്റൂം,
റിയാദ്,
സൗദി അറേബ്യ

ആത്‌മാവ്‌ പടിയിറങ്ങുമ്പോള്‍

ഹേ മഌഷ്യാ……..
ഈ ഭൂമികയിലേറ്റം സൗഭാഗ്യവാനായി പരിലസിക്കുന്നു നീ……
ദൈവത്തിന്‍ പ്രതി നിധിയായി
അധീശത്വം വാഴുന്നു നീ ഇവിടം.

മാതൃ മേനി തന്നുദരത്തിന്നിരുളിന്‍ മഹാ നിദ്രയില്‍ നിന്നുണർന്നന്നു നീ വർണ്ണപ്പകിട്ടാമി പ്രപഞ്ചമില്‍
വന്നണഞ്ഞ നേരം,

ആദ്യമായി നിന്‍ കരച്ചിലിന്‍ രാഗത്തി
നായിരുന്നു ഉറ്റവർ തന്‍ ഉള്ളകം തുടിച്ചത്‌.

അന്നെത്ര മേല്‍ ശോഭിച്ചിരുന്നു നീ
കുഞ്ഞിളം പൂവിന്റെ നിർമ്മലതയാല്‍
കുഞ്ഞു കിടാവായിരുന്ന നേരം,

ഓമനിച്ചു നിന്നെയന്ന്‌ താരാട്ടു പാടിയും ആലോലമാട്ടിയും,
ശീലിച്ചു നീയന്ന്‌ ശിരസ്സാട്ടി മൗനമായ്‌ നിന്‍ കഥകള്‍ പറയുവാന്‍,

എല്ലാവ്യഥകളും മറന്നുവന്ന്‌ നിന്‍ ഌണക്കുഴിയില്‍ വിടരും പുഞ്ചിരിയില്‍,

പിന്നെ പിച്ച വെച്ച നാള്‍ തൊട്ട്‌ കണ്ണിലുണ്ണിയായി പിന്തുടർന്നു നിന്നെ
ബാലത്വമങ്ങനെ കളിച്ചിടുമ്പോള്‍,

പിന്നെ നീ വളർന്നങ്ങ്‌ കൗമാര ദശയിലണഞ്ഞപ്പോള്‍ അംഗ ലാവണ്യം നിന്നെ വീണ്ടും ഭംഗിയാക്കി.

പലരും മോഹിച്ചു നിന്നെയന്ന്‌
നീയും മോഹിച്ചു പലരെയുമന്ന്‌
കുഞ്ഞിളം പ്രായം മറന്നു നീയും.

നിർമ്മല പുഞ്ചിരി അസ്‌തമിച്ചു നിന്നില്‍ പകരം നല്‍കി നീ നിർമ്മിച്ച പുഞ്ചിരി.

പലരെയും അവജ്ഞയാല്‍ കണ്ടുനീ
നീ തന്നെ സൗഭാഗ്യവാനെന്ന്‌
ഹൃത്തടമോതി.

യാമങ്ങള്‍ പിന്നിട്ടു പിന്നെയും നീയങ്ങ്‌
യൗവന ദശയിലണഞ്ഞപ്പോള്‍,
അഴക്‌ തുടിച്ച നിന്‍ വദനമില്‍ വീണ്ടും
പ്രതാപം ഗാംഭീര്യമായി പടർന്നു.

ഗുണങ്ങളെല്ലാം മികച്ചു നില്‍ക്കുന്നു നിന്നിലെന്നുള്‍ നാട്യമോടെ നടന്നങ്ങു
നീങ്ങി നീ.

അങ്ങനെ മദ്ധ്യ വയസ്‌കനായ നേരം
ലോകം പിടിയിലൊതുക്കാന്‍ പ്രാപ്‌തനാം വിധം മോഹങ്ങള്‍ അലകളായി മറിഞ്ഞു നിന്നില്‍.

ഇവിടം വിട്ടു പോകാന്‍ നേരമായെന്ന്‌ കാതിലോതാന്‍ മുന്നറിയിപ്പുകാർ
വന്നപ്പോള്‍, അവരെ തുരത്തുവാനായിരുന്നു പിന്നെ നിന്‍ ദൗത്യമാകെയും നീ ഓർക്കുകില്‍….

പെട്ടെന്നൊരു ദിനം നിനച്ചിരിക്കാതെ
വന്നൊരാ അതിഥിയാല്‍ തകർന്നടിഞ്ഞു പോയി എല്ലാമനക്കോട്ടകളും.

ശോഭനമായി വാണവന്‍ വെറും കൈയാല്‍ മടങ്ങുമ്പോള്‍ തരുമോ എനിക്കൊരു നിമിഷമെങ്കിലും മറന്നുപോയ സല്‍ക്കർമ്മം ചെയ്‌വാനെന്നോതിടുമ്പോള്‍,

ക്രൗര്യ ഭാവമില്‍ ആത്‌മാവിനെ പിടിച്ചിറക്കും നേരം ഓർക്കുക
രക്ഷയില്ലാ ഇനിയൊരിക്കലും…..

വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ തുനിയും മുമ്പന്ന,്‌ ഉമ്മയെന്ന തേന്‍മൊഴിക്കായി കൊതിച്ചവർ അന്ത്യമില്‍ കാതോർക്കുന്നു

നിന്‍ ചുണ്ടില്‍ നിന്നുതിരുന്ന തൗഹീദിന്‍ ധ്വനിക്കായ്‌……..

ഇടനെഞ്ച്‌ പൊട്ടിക്കേഴുമാ ഉറ്റവരെ ഉറ്റുനോട്ടം അന്നു നിന്‍ വദനത്തില്‍ വിടരുന്ന പുഞ്ചിരിക്കാ……

    നഫീസ എ
    റിഫ ക്ലാസ്‌ റൂം 
    ബഹ്‌റൈന്‍